അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കൈപ്പത്തിയിലെ എല്ല് പൊട്ടി. കല്ലിങ്ങല്‍ വല്ലകത്ത് സുരേഷ് ബാബുവിന്റെ മകള്‍ ശ്രിയയ്ക്കാണ് (10) പരുക്കേറ്റത്. ക്ലാസില്‍ ശ്രദ്ധിക്കുന്നില്ലെന്നാരോപിച്ച് കല്ലിങ്ങല്‍പറമ്പ് എംഎസ്എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗണിതാധ്യാപകന്‍ ബെല്‍രാജ് ചൂരല്‍കൊണ്ട് അടിക്കുകയായിരുന്നെന്നു വിദ്യാര്‍ഥിനിയുടെ കുടുംബം പരാതിപ്പെട്ടു.
പനി ബാധിച്ചു മൂന്നുദിവസം അവധിയെടുത്ത ശേഷം ഇന്നലെ സ്‌കൂളിലെത്തിയ കുട്ടി കഴിഞ്ഞദിവസത്തെ പാഠഭാഗങ്ങള്‍ സഹപാഠിയുടെ നോട്ട്ബുക്ക് നോക്കി എഴുതിയെടുക്കുമ്പോള്‍, പിറകിലൂടെ എത്തിയ അധ്യാപകന്‍ വലതു കൈപ്പത്തിയില്‍ അടിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് സംഭവം. കയ്യില്‍ നീരുവന്നു ഭക്ഷണം കഴിക്കാന്‍പോലുമാകാതെ കുട്ടി കരഞ്ഞതോടെ ക്ലാസ് ടീച്ചര്‍ വീട്ടില്‍ വിവരമറിയിച്ചു. ആശുപത്രിയില്‍ കൊണ്ടുപോകാതെ, അധ്യാപകര്‍തന്നെ പിന്നീട് കുട്ടിയെ വീട്ടിലെത്തിക്കുകയായിരുന്നു.
വീട്ടുകാരാണു കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. പുത്തനത്താണിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുട്ടിയുടെ കുടുംബം ചൈല്‍ഡ് ലൈനിനും പൊലീസിനും പരാതി നല്‍കി. പരാതി ലഭിച്ചാല്‍ അധ്യാപകനെതിരെ നടപടിയെടുക്കുമെന്നു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha



























