കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി

സംസ്ഥാനത്തേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കുമെന്നും ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കര, കടല്‍, വ്യോമ മാര്‍ഗമുള്ള ലഹരിയൊഴുക്ക് തടയും. കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കും. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളിലെ പൊലീസും കേന്ദ്ര ഏജന്‍സികളുമായും ചേര്‍ന്നായിരിക്കും 'ഓപ്പറേഷന്‍ തൂഫാന്റെ' അടുത്തഘട്ടം. ഇതിനായി കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങള്‍ നോഡല്‍ ഓഫീസര്‍മാരെ നിയോഗിക്കും.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിനുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ചെന്നിത്തല ഇക്കാര്യമറിയിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഓപ്പറേഷന്‍ തൂഫാന് പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തു. ഇന്റലിജന്‍സ് വിവരങ്ങള്‍ പരസ്പരം കൈമാറും. സംയുക്തയോഗങ്ങള്‍ ഇടയ്ക്കിടെ ചേരും. കര്‍ണാടക ആഭ്യന്തരമന്ത്രി 15ന് തലസ്ഥാനത്തെത്തും. തമിഴ്‌നാട്, പുതുച്ചേരി,ആന്ധ്ര, തെലങ്കാന മുഖ്യമന്ത്രിമാരെ നേരില്‍കാണും.
ഓണ്‍ലൈനിലും കൊറിയറിലും ഹോംഡെലിവറിയായും ട്രെയിനുകളില്‍ ചെറിയ സ്‌റ്രേഷനുകളില്‍ ഉപേക്ഷിച്ചുമുള്ള ലഹരിക്കടത്തിന്റെ പുതിയ രീതികള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അര്‍ബുദത്തിനുള്ള മരുന്നുപോലും ലഹരിക്കായി ഉപയോഗിക്കുന്നു. ഇത് തടയാന്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് സംയുക്ത ഓപ്പറേഷനുണ്ടാവും. നാര്‍ക്കോട്ടിക് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ ഡാന്‍സാഫ് സംഘങ്ങളെ ശക്തിപ്പെടുത്തും. കൂടുതല്‍ ആള്‍ബലവും വാഹനങ്ങളും നല്‍കും.തമിഴ്‌നാട് ഡി.ജി.പി മഹേഷ് കുമാര്‍ അഗര്‍വാള്‍, കര്‍ണാടക എ.ഡി.ജി.പി ആര്‍.ഹിതേന്ദ്ര, കസ്റ്റംസ് കമ്മിഷണര്‍ ടോ.ടി.ടിജു, നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.സുധാകര്‍, ഐ.ബി ജോയിന്റ് ഡയറക്ടര്‍ ഡോണ്‍.കെ.ജോസ്, ഡി.ആര്‍.ഐ അഡി.ഡയറക്ടര്‍ കെ.പദ്മാവതി, തെലങ്കാന എസ്.പി പി.വി.പദ്മജ, ആന്ധ്ര എസ്.പി കെ.എം.മഹേശ്വര രാജു, ആര്‍.പി.എസ് സെക്യൂരിറ്റി കമ്മിഷണര്‍ മുഹമ്മദ് ഹനീഫ്, കേരള ഡി.ജി.പി റവാഡ ചന്ദ്രശേഖര്‍, പൊലീസ് ഉപദേഷ്ടാവ് എ.ഹേമചന്ദ്രന്‍, ഐ.ജിമാരായ പുട്ട വിമലാദിത്യ, ഹര്‍ഷിത അട്ടല്ലൂരി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
https://www.facebook.com/Malayalivartha


























