രണ്ടിൽ ഒരാൾക്ക് ഉയർന്ന ശബ്ദം തെറ്റായരീതിയിൽ ഹെഡ് ഫോണിലോ അല്ലാതെയോ കേൾക്കുന്നത് കേൾവിക്കുറവ് ഉണ്ടാകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടന; ഉയർന്ന ശബ്ദം ഇങ്ങനെ കേൾക്കുന്നത് ചെവിയുടെ നെർവ്വുകളെ എന്നന്നേക്കുമായി നശിപ്പിക്കും; ഈ അവസ്ഥ തടയാൻ ചില പൊടിക്കൈകളുമായി ഡോ. സുൽഫി നൂഹ്

രണ്ടിലൊരാൾക്ക് കേൾവി പോകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടന. ഈ വിഷയത്തിൽ തൻറേതായ അഭിപ്രായം പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് ഡോ. സുൽഫി നൂഹ്. അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; ശ്ശ്!ശബ്ദം കുറയ്ക്കൂ! രണ്ടിലൊരാൾക്ക് കേൾവി പോകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടന. ഇത് ജിമ്മിലെ ചേട്ടന്റെ കഥയാണ്! നഗരത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജിമ്മുകളിലൊന്ന്. ഗസ്റ്റ് ആർട്ടിസ്റ്റായി ഞാൻ പ്രത്യക്ഷപ്പെട്ടു , കൂട്ടുകാരനൊപ്പം. രാവിലെ നടക്കാൻ പോകാൻ പറ്റാത്ത ദേഷ്യം ട്രെഡ്മില്ലിൽ തീർക്കാമെന്ന് കരുതി അതിലോട്ട് ചാടിക്കേറി, ഞാനൊന്നും പറപ്പിച്ചു.
ജിമ്മിനുള്ളിൽ അത്യുച്ചത്തിൽ അരോചകമായ മ്യൂസിക്. "ബ്ലൂസ് സ്പ്രിംഗ്സ്റ്റീൻ" കിടന്ന് നിലവിളിക്കുകയാണ്. എൻറെ ഹൃദയമിടിപ്പ് ട്രെഡ്മിൽ ഓട്ടം കൊണ്ടുണ്ടാക്കുന്നതിനേക്കാൾ ആ അരോചക ശബ്ദം കൂട്ടുന്നുണ്ടായിരുന്നു. ഞാൻ ജിം ചേട്ടനോട്, വോളിയം കുറയ്ക്കാൻ ആംഗ്യഭാഷ കാട്ടി. കിം ഫലം. മറുപടിയായി അദ്ദേഹം എനിക്ക് ഗുഡ്മോണിങ് പറയുന്നതുപോലെ തോന്നി. ഞാൻ പതുക്കെ ഒന്നുകൂടെ ശ്രമിച്ചു നോക്കി. ഒരു രക്ഷയും ഇല്ല. കട്ട സീനായി.
ട്രെഡ്മില്ലിൽ നിന്നും ചാടിയിറങ്ങി ഞാൻ ജിം ചേട്ടൻറെ അടുത്ത് ഒരു സെക്കൻഡ് കൊണ്ടെത്തി. പാട്ടിനെക്കാൾ ഉച്ചത്തിൽ ഞാൻ "വോളിയം കുറക്കൂ" അദ്ദേഹം കേട്ട ഭാവമില്ല. ഞാൻ കൂടുതൽ ഒച്ചയെടുത്ത് വീണ്ടും.,"പാട്ടു നിർത്തൂ പ്ലീസ്." അദ്ദേഹം ചിരിക്കുന്നു. എനിക്ക് ശരിക്കും ദേഷ്യമായി. ഞാൻ താഴെ റിസപ്ഷനിൽ വിളിച്ച് "ജിം പ്രധാനിയോട് "പരാതി ബോധിപ്പിച്ചു. രണ്ട് മിനിട്ടുകൾക്കകം കൊട്ടിട്ട രണ്ട് ചേട്ടന്മാർ മുൻപിൽ.
അപ്പോളജിയുടെ വലിയ നിര. പരിചയക്കാരനായ ജിം പ്രധാനി ഇങ്ങനെ പറഞ്ഞു നിർത്തി. പാട്ട് അത്യുച്ചത്തിൽ കേൾപ്പിക്കുന്ന ജിം ചേട്ടന് കേൾവി കുറവാണത്രേ. ഞാൻ എന്നെ സ്വയം ശപിച്ചു. "എടോ സുൽഫി ,താൻ എന്ത് ഇഎൻടി ഡോക്ടർ ആണെടൊ! "24 മണിക്കൂറും ജിമ്മിൽ ഈ വോളിയത്തിൽ പാട്ട് കേട്ടിരിക്കുന്ന ഈ മനുഷ്യന് ചെവി കേൾക്കാൻ കഴിയുമെന്ന് കരുതിയ താൻ എന്തൊരു പൊട്ടനാടോ?" ഞാൻ സ്വയം ശാസിച്ചു.
തൽക്കാലം പാട്ട് നിർത്തിയ ജിം ചേട്ടനോട് ഒരു ചെറിയ അപ്പോളജിയൊക്കെ പാസാക്കി ഞാൻ ട്രെഡ്മിൽ ഓട്ടം തുടർന്നു. അപ്പോഴും തെറ്റില്ലാത്ത ശബ്ദത്തിൽ ഒരു പഞ്ചാബി തഗ് പാട്ട് തകർക്കുന്നുണ്ടായിരുന്നു _ഇന്ന് ലോക കേൾവി ദിനം_ ആം ജിം ചേട്ടനെ പോലെ ആവെണ്ടെങ്കിൽ ചില ചെറിയ കാര്യങ്ങൾ കേട്ടേ മതിയാകൂ.
പ്രത്യേകിച്ച് ചെറുപ്പക്കാരോട്, കുട്ടികളോട്. 24 മണിക്കൂറും ഹെഡ് ഫോണിലാണല്ലോ കലാപരിപാടികളൊക്കെ. എന്നാ പിന്നെ ഇത് കേട്ടിട്ട് പോയാൽ മതി! രണ്ടിൽ ഒരാൾക്ക് ഉയർന്ന ശബ്ദം തെറ്റായരീതിയിൽ ഹെഡ് ഫോണിലൊ അല്ലാതെയോ കേൾക്കുന്നത് കേൾവിക്കുറവ് ഉണ്ടാകാൻ സാധ്യതയെന്ന് ലോകാരോഗ്യസംഘടന. അല്ല തീർന്നില്ല, പോകാൻ വരട്ടെ! ഉയർന്ന ശബ്ദം ഇങ്ങനെ കേൾക്കുന്നത് ചെവിയുടെ നെർവ്വുകളെ എന്നന്നേക്കുമായി നശിപ്പിക്കും.
അതായത് കുരുവീ, ഇനി വീണ്ടും ആ കേൾവി തിരിച്ചു കിട്ടുകയില്ലെന്നുറപ്പ്! ഇപ്പോഴും ഹെഡ് ഫോൺ ചെവിയിൽ കുത്തിവെച്ചല്ലേ ഇത് വായിക്കുന്നത്. അത് തൽക്കാലം ഒന്ന് ഊരി വച്ചിട്ട് ബാക്കികൂടെ വായിക്കൂ. ആ ജിം ചേട്ടനെപ്പോലെ ആവണ്ടെങ്കിൽ മതി. നൂറിൽ 50 പേർക്ക് പെർമെനന്റായി കേൾവി നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെങ്കിലും അത് തടയുവാൻ കഴിയും. ചില പൊടിക്കൈകൾ പറഞ്ഞുതരാം.വോളിയം പരമാവധി ശബ്ദത്തിൻറെ 60 മാനത്തിൽ താഴെ നിർബന്ധമായും നിലനിർത്തണം..
ഇത്തരം ഗാഡ്ജറ്റ് ഉപയോഗിച്ച് ശബ്ദം കേൾക്കുന്ന സമയപരിധി കുറയ്ക്കണം. ഉയർന്ന ശബ്ദം കേൾക്കുന്ന അന്തരീക്ഷത്തിലാണ് ജോലി ചെയ്യുന്നതെങ്കിൽ ഇയർ പ്ലഗ് ഉപയോഗിക്കണം. ഉയർന്ന ശബ്ദമുള്ള മേഖലയിൽ ജോലി ചെയ്യുകയാണെങ്കിൽ ഇടയ്ക്കുള്ള ഇടവേളകൾ നിർബന്ധമായും പരിപൂർണ്ണ നിശബ്ദമായ അന്തരീക്ഷത്തിൽ വേണം. ഫോൺ ചെവിയിൽ വെക്കുമ്പോൾ കേൾക്കാതെ ആവുകയോ മറ്റുള്ളവർ പറയുന്നത് കേൾക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയും ചെയ്യുന്നത് കേൾവിക്കുറവിന് ആരംഭമായി കണക്കാക്കണം.
കൂടാതെ ചെവിയിലെ മൂളൽ ശബ്ദം അഥവാ ടിനിറ്റസ് രോഗലക്ഷണവും ഉണ്ടാക്കാം. കയ്യിലെ ആ സ്മാർട്ട്ഫോൺ ഒന്ന് തപ്പി ശബ്ദം അളക്കുന്ന ഒരു ആപ്പ് ഡൗൺലോഡ് ചെയ്യൂ. ആവശ്യമില്ലാത്ത ഒരു നൂറ് ആപ്പ് ഉണ്ടല്ലോ, അതൊക്കെ ഡിലീറ്റ് ചെയ്ത് സ്പേസ് കണ്ടെത്തി നിർബന്ധമായും ഉടൻ ശബ്ദത്തിൻറെ ശക്തി അളക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യണം. ആപ്പ് ഉപയോഗിച്ച് ശബ്ദ മുഖരിതമായ ജോലി സ്ഥലത്ത് ശബ്ദത്തിന് ശക്തി എത്രയുണ്ടെന്ന് മനസ്സിലാക്കണം. ജോലിസ്ഥലം അല്ലെങ്കിൽ ഉയർന്ന ശബ്ദമുള്ള സ്ഥലത്ത് നിന്നും ഓടി ഒളിക്ക.
ശബ്ദം അളക്കുന്ന കുന്ത്രാണ്ടം ആപ്പ് ഉണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിലേക്കുള്ള സ്ഥിരം വിസിറ്റ് എന്തായാലും ഒഴിവാക്കണം. അതിൽ ബാർ ജിം ഉത്സവ കലോത്സവ പള്ളി പരിപാടികൾ പെടും. എന്തുമാകട്ടെ കേൾവിയാണ് വലുത്. ആ ജിം ചേട്ടനെപ്പോലെ ആവണ്ടെങ്കിൽ മതി! ഇനി മറ്റൊന്നുകൂടിയുണ്ട് . അഥവാ ഇത്രയും നാളും ഹൈ വോളിയത്തിൽ സർവ്വതും കേട്ട് ചെവിയെ പകുതി പൊട്ടനാക്കിയെങ്കിൽ ബാക്കിയുള്ളത് രക്ഷിക്കുവാൻ ഉടൻ ഡോക്ടറെ കാണൂ. ഡോക്ടർ കേൾവി പരിശോധിച്ച് കൃത്യമായ നിർദ്ദേശം തരും.
ഒറ്റവാക്കിൽ പറഞ്ഞാൽ ജിം ചേട്ടൻ വരുത്തിവെച്ച കേൾവിക്കുറവ് നമുക്ക് മേണ്ട! അപ്പൊ ഒന്നു കൂടി പറയാം വോളിയം 60 നു താഴെ. ഒരു ഇയർ പ്ലഗ് . ശബ്ദം അളക്കുന്ന ആപ്പിൽ ഉയർന്ന ശബ്ദമുണ്ടെങ്കിൽ ഓടി ഒളിക്കണം അത്രയും മതി !ലോകാരോഗ്യസംഘടന ചേട്ടന്മാർ മുന്നോട്ടുവച്ച തീമും ബഹുരസം. "ജീവിതം മുഴുവൻ കേൾക്കണമെങ്കിൽ കേൾക്കുന്നത് ശ്രദ്ധിച്ചു വേണം",, എന്ന് ലോകാരോഗ്യ സംഘടന.
അപ്പൊ ജിം ചേട്ടനെ പോലെ ആകാതിരിക്കാനുള്ള പരിപാടി തുടങ്ങിയാലോ. ഒരു വാൽക്കഷണം കൂടി കേട്ടിട്ട് പോകണം. ആറു മാസങ്ങൾക്കുശേഷം വീണ്ടും ആം ജിം ചേട്ടനെ ഇന്നലെ കണ്ടു. എന്താ വിശേഷം എന്ന ചോദ്യത്തിന് അദ്ദേഹം ആംഗ്യഭാഷയിൽ എന്തോ പറയുന്നുണ്ടായിരുന്നു. ഡോ സുൽഫി നൂഹു.
https://www.facebook.com/Malayalivartha

























