26ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരി തെളിയും..... വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിക്കും, ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയാവും

26ാമത് കേരള രാജ്യന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് വൈകിട്ട് 6.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിശാഗന്ധി ഓഡിറ്റോറിയത്തില്‍ തിരി തെളിക്കും.സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ അദ്ധ്യക്ഷനാവും. ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപ് മുഖ്യാതിഥിയാവും.
മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ ചേര്‍ന്ന് ഫെസ്റ്റിവല്‍ ബുക്ക് പുറത്തിറക്കും. ഫെസ്റ്റിവല്‍ ബുള്ളറ്റിന്‍ മേയര്‍ ആര്യ രാജേന്ദ്രന് നല്‍കി മന്ത്രി ജി.ആര്‍. അനില്‍ പ്രകാശനം ചെയ്യും. ചലച്ചിത്ര സമീക്ഷയുടെ ഫെസ്റ്റിവല്‍ പതിപ്പ് വി.കെ. പ്രശാന്ത് എം.എല്‍.എ, കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് നല്‍കി പ്രകാശനം ചെയ്യും.
ഇരുപത്തഞ്ചുവരെ എട്ടുദിവസമായി വിവിധ രാജ്യങ്ങളില്‍നിന്നുള്ള 173 ചിത്രം പ്രദര്‍ശിപ്പിക്കും. കന്നട സംവിധായകന്‍ ഗിരീഷ് കാസറവള്ളിയാണ് ജൂറി ചെയര്‍മാന്‍. 15 തിയറ്ററിലാണ് പ്രദര്‍ശനം.
പതിനായിരത്തോളം പ്രതിനിധികള്‍ രജിസ്റ്റര്‍ ചെയ്തു. ഇതില്‍ 3000 പാസ് വിദ്യാര്‍ഥികള്‍ക്കാണ്. നിശാഗന്ധി ഒഴികെയുള്ള എല്ലാ തിയറ്ററിലും 100 ശതമാനം സീറ്റിലും റിസര്‍വേഷന്‍ അനുവദിച്ചിട്ടുണ്ട്.
തുര്‍ക്കിയില്‍ ഐസിസ് ഭീകരരുടെ ബോംബാക്രമണത്തില്‍ ഇരുകാലുകളും നഷ്ടമായ കുര്‍ദ്ദിഷ് സംവിധായിക ലിസ ചലാന് സ്പിരിറ്റ് ഒഫ് സിനിമ പുരസ്‌കാരം നല്‍കി ആദരിക്കും.
അന്തരിച്ച ലതാ മങ്കേഷ്‌കര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഗായത്രി അശോകന്‍ ഗാനങ്ങള്‍ ആലപിക്കും. പ്രശസ്ത അക്കോര്‍ഡിയന്‍ വാദകന്‍ സൂരജ് സാഥേ അകമ്പടിയേകും. ബംഗ്ലാദേശ്, സിംഗപ്പൂര്‍, ഖത്തര്‍ സംയുക്ത സംരംഭമായ 'രഹാന'യാണ് ഉദ്ഘാടന ചിത്രം.
https://www.facebook.com/Malayalivartha