മുറ്റത്തേക്ക് പത്തിയും വിരിച്ചെത്തിയ മൂർഖനെ വളഞ്ഞിട്ട് ആക്രമിച്ച് 7 പൊമറേനിയൻ നായ്ക്കൾ; ബഹളത്തിനിടയിൽ മുറ്റത്തെ വിറകിനടിയിൽ ഒളിച്ച മൂർഖനെ വിറകിനടിയിൽ കടിച്ചു കുടഞ്ഞു; പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ കൂട്ടത്തോടെ കുരച്ചു കൊണ്ട് പിന്നാലെ; തീ പാറും പോരാട്ടത്തിനിടയിൽ മൂർഖൻ ചത്തു; മൂർഖന്റെ വിഷമേറ്റ് 3 നായ്ക്കൾക്ക് ദാരുണാന്ത്യം; പരിക്കേറ്റ 4 നായ്ക്കളിൽ ഒന്നിന്റെ കണ്ണ് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയേറ്റു തകർന്നു

മൂർഖനെ പോരാടി കൊലപ്പെടുത്തിയ വളർത്തുനായ്ക്കൾക്ക് ദാരുണാന്ത്യം. വീടിനുള്ളിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു മൂർഖൻ പാമ്പ്. ഇതിനെ ചെറുക്കുകയായിരുന്നു നായ്ക്കൾ. പോരാട്ടത്തിനിടെ പാമ്പിന്റെ കടിയേറ്റ 3 പൊമറേനിയൻ വളർത്തുനായ്ക്കളും ചത്തു. 4 നായ്ക്കൾക്കു പരുക്ക് പറ്റുകയുണ്ടായി.
മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയിൽ പി.വി.ജോർജിന്റെ വീട്ടിലെ 3 വളർത്തുനായ്ക്കൾക്കാണ് ഇത് സംഭവിച്ചത്. പരുക്കേറ്റ 4 നായ്ക്കൾ അവശനിലയിലാണ് ഇപ്പോൾ ഉള്ളത്. പരുക്കേറ്റ 4 നായ്ക്കളിൽ ഒന്നിന്റെ കണ്ണ് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയേറ്റു തകർന്നു. മറ്റു നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നൽകി.
കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയായിരുന്നു പുരയിടത്തിൽ നിന്നു ഭീമൻ വെള്ള മൂർഖൻ വീടിനുള്ളിലേക്കു കയറാൻ വന്നത് . വീട്ടിലെ 7 നായ്ക്കളെയും ഈ സമയം മുറ്റത്ത് അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂർഖൻ പത്തി വിടർത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കൾ ബഹളം വച്ചു . മൂർഖനെ തടയാൻ ശ്രമിച്ചു.
ബഹളത്തിനിടയിൽ മൂർഖൻ മുറ്റത്തെ വിറകിനടിയിൽ ഒളിക്കുകയും ചെയ്തു. ബഹളം കേട്ട് ജോർജും മക്കളും മുറ്റത്ത് ഇറങ്ങി. അപ്പോൾ നായ്ക്കൾ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് അടുപ്പിക്കാതെ തടയുകയായിരുന്നു. തുടർന്നു നായ്ക്കൾ വിറകിനടിയിൽ കയറി പാമ്പിനെ കടിച്ചു കുടയുകയും ചെയ്തു .
പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കൾ കൂട്ടത്തോടെ കുരച്ചു കൊണ്ട് പിന്നാലെ ഓടി. വീണ്ടും പാമ്പിനെ കടിച്ചു കുടഞ്ഞു. ഇതിനിടയിൽ 3 നായ്ക്കൾക്കു മൂർഖന്റെ കടിയേൽക്കുകയായിരുന്നു. വിഷം ഏറ്റ നായ്ക്കൾ ചത്തുവീഴുകയും ചെയ്തു . നായ്ക്കളുടെ കടിയേറ്റ മൂർഖനും ചത്തു.
https://www.facebook.com/Malayalivartha