ആളുകള്‍ സമുദ്രമായി... ഫുട്‌ബോളിനെ നെഞ്ചോട് ചേര്‍ത്ത ജനത ഒഴുകിയെത്തിയപ്പോള്‍ വല്ലാത്തൊരു ദുരന്തം; മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍ക്കാലിക ഗാലറി തകര്‍ന്നു വീണു; നൂറോളം പേര്‍ക്ക് പരുക്ക്; രാത്രിയില്‍ മലപ്പുറത്തുകാരെ സങ്കടത്തിലാഴ്ത്തി

മലപ്പുറംകാരുടെ ഫുട്‌ബോള്‍ പ്രേമം എല്ലാവര്‍ക്കുമറിയാം. കൊറോണയ്ക്ക് ശേഷം ആരാധകര്‍ ഒത്തുകൂടിയപ്പോള്‍ അതൊരു ദുരന്തവാര്‍ത്ത കൂടിയായി. മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍ക്കാലിക ഗാലറി തകര്‍ന്നു വീണു. ഗാലറിയിലുണ്ടായിരുന്ന നൂറോളം പേര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. വണ്ടൂരിനു സമീപം പൂങ്ങോട് മൈതാനത്താണ് അപകടം. യുണൈറ്റഡ് എഫ്‌സി നെല്ലിക്കുത്തും റോയല്‍ ട്രാവല്‍സ് എഫ്‌സി കോഴിക്കോടും തമ്മിലുള്ള ഫൈനല്‍ മത്സരത്തിനിടെ ശനിയാഴ്ച രാത്രി 9.45നാണ് അപകടമുണ്ടായത്.
രണ്ടായിരത്തിലധികം പേരുണ്ടായിരുന്ന ഗാലറിയാണ് തകര്‍ന്നു വീണത്. മത്സരം തുടങ്ങി, അധികം വൈകാതെയായിരുന്നു അപകടം. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയിലുണ്ടായ ബലക്ഷയമാണ് ഗാലറി തകര്‍ന്നുവീഴാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്‌ബോള്‍ ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണാണ് നൂറോളം പേര്‍ക്ക് പരിക്കേറ്റത്. ആറായിരത്തോളം പേരാണ് ഫുട്‌ബോള്‍ മത്സരം കാണാന്‍ ഗ്രൗണ്ടിലെത്തിയിരുന്നത്. അപകടത്തില്‍ പരിക്കേറ്റവരെ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.
ഇതില്‍ മൂന്നു പേര്‍ക്ക് സാരമായ പരിക്കുകളുണ്ട്. പൂങ്ങോട് ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ജനകീയ സമിതി നടത്തിയ ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. ഒരു മാസമായി നടന്നു വരുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം തുടങ്ങുന്നതിനു ഒരു മണിക്കൂര്‍ മുന്‍പ് തന്നെ മൈതാനം കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. നൂറു രൂപ ടിക്കറ്റെടുത്ത് ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ച കാണികള്‍ മുളയും കവുങ്ങും കൊണ്ട് താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഗ്യാലറിയിലേക്ക് നിയന്ത്രണമില്ലാതെ കയറിയിരുന്നു. അമിതഭാരമായതോടെ ഗ്യാലറി പൊട്ടിവീണു
കണക്കുകൂട്ടല്‍ തെറ്റിച്ച് കാണികള്‍ കൂട്ടത്തോടെ എത്തിയതോടെ സംഘാടകരുടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. കളി കാണാനെത്തിയവരെ ഗ്രൗണ്ടില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ സംഘര്‍ഷമുണ്ടാവുമെന്ന ഭയന്ന് സംഘാടകര്‍ മുഴുവന്‍ ആളുകളേയും ടിക്കറ്റ് നല്‍കി ഗ്രൗണ്ടിലേക്ക് കയറ്റുകയും ചെയ്തു.
മത്സരത്തിന് അനുവാദം വാങ്ങിയിരുന്നെങ്കിലും നിയമ ലംഘനം നടന്ന സാഹചര്യത്തില്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനായി മലപ്പുറംകാര്‍ രംഗത്തെത്തി കഴിഞ്ഞു. മൂന്നരക്കോടി സ്വപ്നങ്ങളുടെ തിടമ്പേറ്റുന്ന കൊമ്പന്മാരായ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ജഴ്‌സിയുടെ നിറമായ മോഹ മഞ്ഞ മലപ്പുറംകാരും ഏറ്റെടുത്തുകഴിഞ്ഞു. ആദ്യ കിരീടത്തിലേക്ക് ഒറ്റ വിജയത്തിന്റെ മാത്രം അകലത്തില്‍ നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ആര്‍ത്തു വിളിക്കാന്‍ ലക്ഷക്കണക്കിനു ആരാധകരുണ്ട്. എന്നാല്‍, തോല്‍വിയിലും തിരിച്ചടിയുമെല്ലാം ഹൃദയം കൊണ്ടു മഞ്ഞയെ വരിച്ച ഒരു സംഘമുണ്ട്, പേരില്‍ പോലും ടീമിന്റെ ഇഷ്ട നിറത്തെ വഹിക്കുന്ന മഞ്ഞപ്പട.
ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക ഫാന്‍ ഗ്രൂപ്പായ മഞ്ഞപ്പടയുടെ സാന്നിധ്യം മലപ്പുറത്തുമുണ്ട്. നിലവില്‍ 42 വാട്‌സാപ് ഗ്രൂപ്പുകളിലായി പതിനായിരത്തിലേറെ സജീവ അംഗങ്ങളുണ്ട്. ഇഷ്ട ടീം കലാശപ്പോരിനിറങ്ങുമ്പോള്‍ മഞ്ഞപ്പടയ്ക്ക് എങ്ങനെ ഇവിടെ ഇരിപ്പുറയ്ക്കും.രണ്ടു ബസുകളിലായി 100 പേര്‍ ഇന്നു ഗോവയിലേക്കു യാത്ര തിരിക്കും. ഒറ്റയ്ക്കും കൂട്ടമായും ഗോവയിലേക്കു വണ്ടികയറുന്നവര്‍ പുറമേ. മഡ്ഗാവിലെ സ്‌റ്റേഡിയത്തില്‍ മലപ്പുറത്തിന്റെ ആവേശം വരവുവയ്ക്കാന്‍ ഇവരുണ്ടാകും.
2014 മുതല്‍ ബ്ലാസ്‌റ്റേഴ്‌സിനൊപ്പമുണ്ട് മലപ്പുറത്തെ മഞ്ഞപ്പട. കൊച്ചിയിലെ ഒരു മത്സരവും വിട്ടിട്ടില്ല. ബ്ലാസ്‌റ്റേഴ്‌സിനായി കയ്യടികളുയര്‍ന്നപ്പോഴും തുടര്‍ തോല്‍വികളില്‍ എല്ലാവരും കൈവിട്ടപ്പോഴും ഇവര്‍ മഞ്ഞപ്പതാകയെയും ടീമീനെയും നെഞ്ചോടുചേര്‍ത്തു നിര്‍ത്തി. ഇനി ആ ഒറ്റ വിജയത്തിലാണ് മഞ്ഞപ്പട. അതിനിടയ്ക്കാണ് ഫുട്‌ബോള്‍ ദുരന്തം ഉണ്ടായത്.
https://www.facebook.com/Malayalivartha