എഫ് സി ഐ ഭക്ഷ്യധാന്യ ഗോഡൗണുകളിൽ തൊഴിലാളികൾ നാളെ മുതൽ നടത്താനിരുന്ന പണിമുടക്ക് മാറ്റിവെച്ചു; തീരുമാനം തൊഴിൽമന്ത്രിയും സിവിൽ സപ്ലൈസ് മന്ത്രിയും പങ്കെടുത്ത യോഗത്തിന് പിന്നാലെ
എഫ് സി ഐ ഭക്ഷ്യധാന്യ ഗോഡൗണുകളിൽ തൊഴിലാളികൾ നാളെ മുതൽ നടത്താനിരുന്ന (20-03-2022) പണിമുടക്ക് മാറ്റിവെച്ചു. എഫ് സി ഐ ലേബർ ഫെഡറേഷനും സപ്ലൈകോയും തമ്മിലുള്ള കൂലി തർക്കം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഹരിക്കാനുള്ള മന്ത്രിതല ഇടപെടലിനെ തുടർന്നാണ് തീരുമാനം.
കൂലി തർക്കം ഉൾപ്പെടെയുള്ള വിഷയങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ തൊഴിൽ- സിവിൽ സപ്ലൈസ് വകുപ്പുകളിലെ അഡീഷണൽ സെക്രട്ടറിമാർ അടങ്ങുന്ന സമിതിയെ നിയോഗിച്ചു. തൊഴിൽമന്ത്രി വി ശിവൻകുട്ടിയും സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലും പങ്കെടുത്ത യോഗത്തിലാണ് തീരുമാനം.
15 ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി എഫ് സി ഐ തൊഴിലാളി സംഘടനകളുടെ സംയുക്ത സമിതി നൽകിയ പണിമുടക്ക് നോട്ടീസുമായി ബന്ധപ്പെട്ടാണ് യോഗം ചേർന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ആയിരുന്നു യോഗം.
15 ദിവസത്തിനുള്ളിൽ സമിതി റിപ്പോർട്ട് നൽകണം. സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിനു ശേഷം ആദ്യം ഉദ്യോഗസ്ഥതല യോഗവും തുടർന്ന് തൊഴിലാളി സംഘടനകളുടെയും എഫ്സിഐ മാനേജ്മെന്റിന്റെയും സംയുക്തയോഗവും വിളിച്ച് വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ ശ്രമിക്കണമെന്ന് മന്ത്രിമാർ നിർദേശിച്ചു. അരി വിതരണം മുടങ്ങുന്ന അവസ്ഥ സംജാതമാകരുതെന്ന മന്ത്രിമാരുടെ ആവശ്യം സംഘടനാ പ്രതിനിധികൾ അംഗീകരിച്ചു.
യോഗത്തിൽ തൊഴിൽ, സിവിൽ സപ്ലൈസിലെ ഉന്നത ഉദ്യോഗസ്ഥരും എഫ് സി ഐ പ്രതിനിധികളും പങ്കെടുത്തു.
https://www.facebook.com/Malayalivartha