റഷ്യയ്ക്ക് ചുവട് പിഴയ്ക്കുന്നു... ഭക്ഷണവും വെള്ളവുമില്ലാതെ ജനങ്ങളെ വട്ടം ചുറ്റിച്ച ശേഷം കീഴടങ്ങാന്‍ പറഞ്ഞ് റഷ്യ; കീഴടങ്ങാനുള്ള റഷ്യയുടെ അന്ത്യശാസനം തള്ളി യുക്രെയിന്‍; ദേശീയവാദികളോട് ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമുള്ള റഷ്യയുടെ അന്ത്യശാസനം തള്ളിക്കളഞ്ഞു

യുക്രെയിനെ വളരെ വേഗത്തില്‍ കീഴടക്കാമെന്നുള്ള റഷ്യയുടെ മോഹം വെറും മോഹം മാത്രമായി. യുദ്ധം തുടങ്ങി ഇത്രയും നാള്‍ കഴിഞ്ഞിട്ടും ഒരു കൊച്ചു രാജ്യത്തെ കീഴടക്കാന്‍ കഴിയാത്തത് റഷ്യയ്ക്കും നാണക്കേടായി. മരിയുപോള്‍ നഗരം വളഞ്ഞുപിടിക്കാനുള്ള ശ്രമം വിജയിക്കാതെ വന്നപ്പോള്‍ കീഴടങ്ങാന്‍ റഷ്യ നല്‍കിയ അന്ത്യശാസനവും യുക്രെയ്ന്‍ തള്ളി.
ഇന്നലെ പുലര്‍ച്ചെ 5 മണിക്കു മുന്‍പ് മരിയുപോളില്‍ പ്രതിരോധം തീര്‍ക്കുന്ന ദേശീയവാദികളോട് ആയുധം വച്ചു കീഴടങ്ങാനും വെള്ളക്കൊടി വീശാനുമായിരുന്നു റഷ്യയുടെ അന്ത്യശാസനം. 3 ലക്ഷത്തോളം ആളുകള്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിക്കിടക്കുന്നതിനാല്‍ യുക്രെയ്ന്‍ കീഴടങ്ങുമെന്നായിരുന്നു റഷ്യയുടെ പ്രതീക്ഷ. കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ സുരക്ഷിതപാതയൊരുക്കാമെന്നും റഷ്യ വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, അന്ത്യശാസനം വന്നതിന്റെ പിന്നാലെ തന്നെ കീഴടങ്ങുന്നതിനെപ്പറ്റി ചിന്തിക്കുന്നുപോലുമില്ലെന്നു യുക്രെയ്ന്‍ റഷ്യയെ അറിയിച്ചു. ഏറക്കുറെ പൂര്‍ണമായി തകര്‍ന്നടിഞ്ഞ നഗരത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാന്‍ യുക്രെയ്ന്‍ അനേകം ശ്രമങ്ങള്‍ നടത്തിയെങ്കിലും ഒഴിപ്പിക്കല്‍ കാര്യമായി നടന്നില്ല. ഇതിനിടെ ആളുകള്‍ അഭയം തേടിയിരിക്കുന്ന കെട്ടിടങ്ങള്‍ക്കു നേരെ റഷ്യ ബോംബാക്രമണം നടത്തുന്നത് സ്ഥിതി കൂടുതല്‍ വഷളാക്കി.
വളരെ ക്രൂരമായാണ് റഷ്യയുടെ ആക്രമണം. 1300 പേര്‍ അഭയം തേടിയിരുന്ന നാടകശാലയ്ക്കു നേരെയും 400 പേര്‍ അഭയം തേടിയിരുന്ന കലാപഠനശാലയ്ക്കു നേരെയെും കഴിഞ്ഞ ദിവസം ബോംബാക്രമണം നടത്തിയിരുന്നു. മരിയുപോളില്‍ മാത്രം 2300 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുക്രെയ്ന്‍ പറയുന്നത്. അസോവ് കടല്‍ത്തീരത്തുള്ള മരിയുപോള്‍ റഷ്യയെയും യുക്രെയ്‌നെയും സംബന്ധിച്ച തന്ത്രപ്രധാന തുറമുഖമാണ്.
അതേസമയം യുക്രെയ്ന്‍ തലസ്ഥാനനഗരമായ കീവിലെ വ്യാപാരകേന്ദ്രത്തിനു നേര്‍ക്ക് റഷ്യ നടത്തിയ ബോംബാക്രമണത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടു. അതേസമയം, റഷ്യയുടെ ഉന്നത നാവിക ഉദ്യോഗസ്ഥനും കരിങ്കടലിലെ കപ്പല്‍വ്യൂഹത്തിന്റെ ഡപ്യൂട്ടി കമാന്‍ഡറുമായ ആന്ദ്രേയ് പാലി (51) മരിയുപോളില്‍ കൊല്ലപ്പെട്ടതായി റഷ്യ സ്ഥിരീകരിച്ചു. യുക്രെയ്‌നില്‍ കൊല്ലപ്പെടുന്ന ഏഴാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഇതുവരെ 15,000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രെയ്ന്‍ സൈന്യം അറിയിച്ചു. 498 ടാങ്കുകള്‍, 1535 കവചിത വാഹനങ്ങള്‍, 97 വിമാനങ്ങള്‍, 122 കോപ്റ്ററുകള്‍ എന്നിവ തകര്‍ത്തതായും അവകാശപ്പെട്ടു.
അതേസമയം യുക്രെയ്‌നിലെ വിവിധ നഗരങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നവരെ റഷ്യയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതില്‍ യുക്രെയ്ന്‍ ആശങ്കയറിയിച്ചു. ആയിരക്കണക്കിനാളുകളെ അവരുടെ താല്‍പര്യത്തിനെതിരായി റഷ്യയില്‍ എത്തിച്ച് ക്യാംപുകളില്‍ പാര്‍പ്പിച്ച ശേഷം നിര്‍ബന്ധിത ജോലിയില്‍ നിയോഗിക്കുമെന്ന് സംശയിക്കുന്നതായി യുക്രെയ്ന്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മേഖലകളിലേക്ക് ഇവരെ ട്രെയിന്‍മാര്‍ഗം കൊണ്ടുപോകുന്നത് വേതനമില്ലാതെ ജോലി ചെയ്യിക്കാനാണെന്നാണ് ആരോപണം. യുക്രെയ്‌നില്‍ നിന്നു കൊണ്ടുപോകുന്നവരെ പാര്‍പ്പിക്കാന്‍ റഷ്യ കോണ്‍സെന്‍ട്രേഷന്‍ ക്യാംപുകള്‍ നിര്‍മിക്കുമെന്ന് ഭയപ്പെടുന്നതായി ഐക്യരാഷ്ട്രസംഘടനയിലെ യുഎസ് അംബാസഡര്‍ ലിന്‍ഡ തോമസ് ഗ്രീന്‍ഫീല്‍ഡ് പറഞ്ഞു.
യുക്രെയ്‌നുമായുള്ള ചര്‍ച്ചകള്‍ ഇനിയും ഫലപ്രദമായിത്തുടങ്ങിയിട്ടില്ലെന്ന് റഷ്യ പറയുന്നു. യുക്രെയ്‌നെ സ്വാധീനിക്കാന്‍ കഴിയുന്ന രാജ്യങ്ങള്‍ ചര്‍ച്ചകളില്‍ ക്രിയാത്മകമായി പ്രതികരിക്കാന്‍ സമ്മര്‍ദം ചെലുത്തണമെന്നും റഷ്യ ആവശ്യപ്പെട്ടു. ഇന്നലെയും ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ ചര്‍ച്ച തുടര്‍ന്നുവെങ്കിലും പുരോഗതി ഉണ്ടായില്ല. അതിനാല്‍ തന്നെ യുദ്ധത്തിന് അന്ത്യം ആകുന്നുമില്ല.
https://www.facebook.com/Malayalivartha