പോത്തന്‍കോട് സുധീഷ് കൊലക്കേസ്: ഒട്ടകം രാജേഷടക്കം 11 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്... പട്ടികജാതി അതിക്രമം തടയല്‍ നിയമം ചുമത്തിയതിനാല്‍ വിചാരണ കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്, ഒട്ടകത്തിന് കുരുക്ക് മുറുക്കി തലസ്ഥാനത്തെ കോടതികള്‍

കൈകാലുകള്‍ വെട്ടി മാറ്റി കാല്‍ അര കി. മി.ദൂരെ ബൈക്കില്‍ കൊണ്ടുപോയി വലിച്ചെറിഞ്ഞ് മൃഗീയമായി നടന്ന പോത്തന്‍കോട് സുധീഷ് കൊലക്കേസിന്റെ സൂത്രധാരന്‍ ഒട്ടകം രാജേഷടക്കം11 പേര്‍ക്ക് പ്രൊഡക്ഷന്‍ വാറണ്ട്.
തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് റിമാന്റില്‍ കഴിയുന്ന പ്രതികളെ ഏപ്രില്‍ 21ന് ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.
പ്രതികളെ ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. എന്‍.ബാലകൃഷ്ണന്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനോടാണ് ഉത്തരവിട്ടത്.
കൃത്യത്തില്‍ പങ്കെടുത്ത 11 പേര്‍ക്കെതിരെയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ റൂറല്‍ നെടുമങ്ങാട് ഡിവൈഎസ്പിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൃത്യം നടന്ന് 81 ദിവസം പൂര്‍ത്തിയായപ്പോഴാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
10 വര്‍ഷത്തിന് മേല്‍ ശിക്ഷിക്കാവുന്ന കേസില്‍ പ്രതിയുടെ അറസ്റ്റ് തീയതി മുതല്‍ 90 ദിവസത്തിനകം കുറ്റപത്രം ഫയല്‍ ചെയ്യുന്ന പക്ഷം സി ആര്‍ പി സി വകുപ്പ് 167 (2) പ്രകാരം പ്രതിക്ക് ജാമ്യത്തിനര്‍ഹതയില്ല. അതേ സമയം കുറ്റപത്രത്തിലെ രേഖകള്‍ അപൂര്‍ണ്ണമാണെന്ന് കുറ്റപത്രം പരിശോധിച്ച ജില്ലാ കോടതി ജീവനക്കാര്‍ കണ്ടെത്തി പോരായ്മകള്‍ രേഖപ്പെടുത്തി പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ. എന്‍.ബാലകൃഷ്ണന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്തു.തുടര്‍ന്ന് പിശകുകള്‍ പരിഹരിച്ച് രേഖകള്‍ ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടു. അപ്രകാരം പിശകുകള്‍ പരിഹരിച്ച് പുന: സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചത്.
കൊല്ലപ്പെട്ട സുധീഷ് പട്ടികജാതിയില്‍പ്പെട്ടയാളായതിനാല്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമം ചുമത്തിയതിനാല്‍ വിചാരണ കോടതിയായ പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
2021 ഡിസംബര്‍ 11 പട്ടാപ്പകല്‍ പോത്തന്‍കോട് കല്ലൂര്‍ കോളനിയിലെ വീട്ടില്‍ ഉച്ചയ്ക്ക് 2.45 മണിക്കാണ് സുധീഷിനെ കൊലപ്പെടുത്തിയത്. രാജേഷടക്കം 11 പേര്‍ 2 ബൈക്കുകളിലും ഓട്ടോറിക്ഷയിലുമായെത്തിയാണ് പ്രദേശവാസികളുടെയും പിഞ്ചു കുട്ടികളുടെയും മുന്നിലിട്ട് സുധീഷിനെ മൃഗീയമായി കൊലപ്പെടുത്തിയത്.
ഊരുപൊയ്ക മങ്കാട്ടുമൂല സ്വദേശി സുധീഷ് ഉണ്ണി (29) , ചിറയിന്‍കീഴ് ആഴൂര്‍ വിള വീട്ടില്‍ രാജേഷ് എന്ന ഒട്ടകം രാജേഷ് (35) , ചെമ്പകമംഗലം ഊരുകോണം ലക്ഷംവീട് കോളനിയില്‍ മിഠായി ശ്യാംകുമാര്‍ (29) , ചിറയിന്‍കീഴ് ശാസ്ത വട്ടം സ്വദേശി മൊട്ട എന്ന നിധീഷ് (27) , ശാസ്ത വട്ടം സ്വദേശി ശ്രീക്കുട്ടന്‍ എന്ന നന്ദിഷ് (23) , കണിയാപുരം മണക്കാട്ടു വിളാകം രഞ്ജിത് പ്രസാദ് (28) , വേങ്ങോട് കട്ടിയാട് സ്വദേശി അരുണ്‍ (23) , വെഞ്ഞാറമൂട് ചെമ്പൂര് സച്ചിന്‍ (24) , കന്യാകുളങ്ങര കുണൂര്‍ സൂരജ് (23) , വിഷ്ണു , വിനീത് എന്നീ 11 പ്രതികളെയാണ് ജയിലില്‍ നിന്നും കോടതിയില്‍ ഹാജരാക്കേണ്ടത്.
സംസ്ഥാനം നടുങ്ങിയ സുധീഷ് കൊലക്കേസില്‍ 10 പ്രതികള്‍ ഡിസംബര്‍ 13 ,14 , 16 എന്നീ തീയതികളിലായി പിടിയിലായിട്ടും സംസ്ഥാനത്തെ നടുക്കിയ അരുംകൊലയുടെ മുഖ്യ സൂത്രധാരനും കൃത്യത്തില്‍ നേരിട്ട് പങ്കും പങ്കാളിത്തവും വഹിച്ചയാളുമായ ഒട്ടകത്തെ പിടിക്കാന്‍ സിറ്റി - റൂറല്‍ പോലീസിനായില്ല. പ്രതി ജില്ല വിട്ടു പോയിട്ടില്ലെന്ന് പോലീസ് അവകാശപ്പെടുന്നുണ്ടെങ്കിലും കൃത്യം നടന് 10 ദിവസമായിട്ടും അറസ്റ്റ് ചെയ്യാനായില്ല.
അതിനിടെ ഒളിയിടത്തെ കുറിച്ച് വിശ്വാസ യോഗ്യമായ വിവരം ലഭിച്ചതനുസരിച്ച് ഡിസംബര്‍ 18 ന് പ്രതിയെ പിടിക്കാന്‍ ചിറയിന്‍കീഴ് വക്കം കായല്‍ വഴി വള്ളത്തില്‍ പോകവേ വള്ളം മുങ്ങി എ.ആര്‍.ക്യാമ്പ് സിവില്‍ പോലീസ് ഓഫീസര്‍ ബാലു (27) വക്കം പണയില്‍ കടവില്‍ മരണപ്പെടുകയും ചെയ്തു. ഒട്ടകം രാജേഷ് അഞ്ചു തെങ്ങ് മേഖലയിലെ ഒരു തുരുത്തില്‍ ഒളിവില്‍ കഴിയുന്നതായാണ് രഹസ്യവിവരം ലഭിച്ചത്. വര്‍ക്കല സി ഐ യുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം യന്ത്ര വല്‍കൃത വള്ളത്തില്‍ അങ്ങോട്ടു തിരിക്കവേയാണ് വള്ളം അപകടത്തില്‍ പെട്ടത്.
പോലീസാക്രമണക്കേസിലടക്കം പ്രതിയായ കൊടും ക്രിമിനലിനെ പിടിക്കാന്‍ വെറും 3 അംഗ സംഘത്തെ അയച്ചതില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും സൂപ്പര്‍വൈസിംഗ് ഉദ്യേഗസ്ഥരായ ഡിവൈഎസ്പി , റൂറല്‍ എസ്പി , ഐ ജി തുടങ്ങിയ മേലുദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് സേനക്കകത്തുള്ള സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സിന് അമര്‍ഷമുണ്ട്.
കൊടും ക്രിമിനലിനെ പിടിക്കാന്‍ പോയി വീരമൃത്യു വരിച്ച സഹപ്രവര്‍ത്തകന്റെ മൃതദേഹം ഒരു നോക്ക് കാണാന്‍ കൂട്ടാക്കാതെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ മേലുദ്യോഗസ്ഥരായ ഐഎഎസ് - ഐ പി എസ് ഉദ്യോഗസ്ഥര്‍ സൗഹൃദ ക്രിക്കറ്റ് കളി മത്സരം നടത്തിയതും സേനക്കകത്ത് വിമര്‍ശനമുണ്ടായി.
മത്സരം മാറ്റി വക്കാതെ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം മത്സരത്തില്‍ പങ്കെടുത്തു. പേരൂര്‍ക്കട എസ് എ പി ക്യാമ്പില്‍ ബാലുവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചപ്പോഴാണ് അതില്‍ പങ്കെടുങ്കാതെ തകൃതിയായി ക്രിക്കറ്റ് കളിച്ചത്.
കുറ്റകൃത്യം തടയുന്നതിലും ഗുണ്ടകളായ പ്രതികളെ അറസ്റ്റു ചെയ്യുന്നതിലും പോലീസ് നിഷ്‌ക്രിയത്വം പാലിക്കുന്നതും കോടതിയുടെ അറസ്റ്റ് വാറണ്ടുത്തരവുകള്‍ നടപ്പിലാക്കാതെ പ്രതികളുമായി ഒത്തുകളിച്ച് പ്രതികളെ ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതികളില്‍ നിന്ന് പണവും പാരിതോഷികങ്ങളും പറ്റിക്കൊണ്ട് പോലീസ് വ്യാജ റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിച്ച് വിചാരണ അട്ടിമറിക്കുന്നതിനാലുമാണ് സംസ്ഥാനത്ത് ഗുണ്ടാസംഘങ്ങള്‍ തഴച്ചു വളരാനും മൃഗീയമായ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങള്‍ പെരുകാനും കാരണമാകുന്നത്.
2019 ഫെബ്രുവരി 23 ന് ചിറയിന്‍കീഴില്‍ കഞ്ചാവ് കച്ചവടത്തിനിടെ രാജേഷ് സ്വയം നിര്‍മ്മിച്ച 5 നാടന്‍ ബോംബുകളും വാക്കത്തിയുമായി എക്‌സൈസ് പിടിയിലായിരുന്നു. ശത്രു പക്ഷത്തുള്ള തലസ്ഥാന നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെയാണ് കഞ്ചാവ് കടത്തു കേസില്‍ എക്‌സൈസ് പിടിയിലായത്.
2 കൊലപാതകമുള്‍പ്പെടെ അനവധി വധശ്രമക്കേസ് , കൂലിത്തല്ല് , ക്വട്ടേഷന്‍ ആക്രമണക്കേസുകളിലും പ്രതിയായ രാജേഷ് തിരുവനന്തപുരം സിറ്റി പൂജപ്പുര - റൂറല്‍ ചിറയിന്‍കീഴ്, മംഗലപുരം, പോത്തന്‍കോട് , വാമനപുരം പോലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലുള്ള ജനങ്ങളുടെ പേടിസ്വപ്നമാണ്. ബോംബു നിര്‍മ്മാണത്തില്‍ വിദഗ്ധനായ ഇയാള്‍ കഞ്ചാവ് മൊത്ത വില്‍പ്പനക്കാരന്‍ കൂടിയാണ്. ആന്ധ്ര , തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നും മാസം തോറും കഞ്ചാവ് കിലോക്കണക്കിന് കടത്തി ക്കൊണ്ടുവന്ന് ചിറയിന്‍കീഴ് , ആഴൂര്‍ , പെരുങ്ങുഴി , പോത്തന്‍കോട് കേന്ദ്രീകരിച്ചുള്ള ചില്ലറ വില്‍പ്പനക്കാര്‍ക്ക് വില്‍പ്പന നടത്തി വരെയാണ് എക്‌സൈസ് പിടിയിലായത്. ജോയിന്റ് , സ്റ്റഫ് എന്നീ കോഡു വാക്കുകളിലാണ് കച്ചവടം നടത്തിവന്നത്.
പ്രായപൂര്‍ത്തിയാകും മുമ്പേ രാജേഷ് മണല്‍ - ക്വാറി മാഫിയ ക്വട്ടേഷന്‍ ഗുണ്ടയായി. 50 ഓളം ക്രൈം കേസുകളില്‍ പ്രതിയാണ്. അടിപിടി കേസില്‍ ചെറു പ്രായത്തില്‍ ജയിലിലായി. പിന്നീട് ക്വട്ടേഷന്‍ സംഘാംഗമായി. ഒരു കൊലക്കേസില്‍ പോലീസ് തെളിവുകള്‍ ഹാജരാക്കാത്തതിനാല്‍ കോടതി വെറുതെ വിട്ടു.
ചിറയിന്‍കീഴ് ആഴൂരില്‍ 2018 ല്‍ നടന്ന ആക്രമണക്കേസില്‍ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു സ്ഥലത്ത് നിന്നും മുങ്ങി.. ഈ പോലീസ് ആക്രമണ കേസന്വേഷണത്തിന്റെ ഭാഗമായി രാജേഷിന്റെ താവളത്തില്‍ നടത്തിയ റെയ്ഡില്‍ 26 നാടന്‍ ബോംബുകളും 12 വാളുകളും പോലീസ് കണ്ടെത്തി.
തുടര്‍ന്ന് അറസ്റ്റ് ചെയ്യപ്പെട്ട രാജേഷിനെ ഗുണ്ടാ ആക്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലും പാര്‍പ്പിച്ചു. ജയിലില്‍ കിടന്നു കൊണ്ടും പുറത്ത് കൂട്ടാളികളെക്കൊണ്ട് കഞ്ചാവ് കച്ചവടം നിര്‍ബാധം നടത്തി. ജയിലില്‍ എത്തുന്ന സഹ തടവുകാരെ സംഘത്തില്‍ ചേര്‍ത്താണ് കുറ്റകൃത്യങ്ങള്‍ നടത്തിവന്നത്.
"
https://www.facebook.com/Malayalivartha