'ജയിലിലാണ് സുഖം സാറെ, എന്നെ ഒന്ന് ജയിലിലാക്കൂ..', പോലീസിന്റെ കാലില്‍ വീണ് അച്ചായി, പോലീസ് സമ്മതിക്കാതെ വന്നപ്പോള്‍ അടവുമാറ്റി, പോലീസിനെ എടുത്തിട്ട് ചാമ്പി, ഇപ്പോള്‍ റിമാന്‍ഡില്‍

മനംമടുപ്പിക്കുന്ന വാര്‍ത്തകള്‍ മാത്രമല്ല ചിലപ്പോഴൊക്കെ അല്‍പം കൗതുകം നിറഞ്ഞതും തമാശ നിറഞ്ഞതുമായ സംഭവങ്ങളും പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് വരാറുണ്ട്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്.
സിനിമയിലും ചില കോമഡി പരിപാടികളിലുമെല്ലാം ജയിലില്‍ നിന്ന് ഇറങ്ങുന്ന പ്രതികള്‍ പറയുന്നത് കേട്ടിട്ടില്ലേ.. ഓ ജയിലില്‍ തന്നെ കിടന്നാല്‍ മതിയായിരുന്നു എന്താ ഫുഡ് നല്ല ഉറക്കം കിട്ടും എന്നൊക്കെ. ഇവിടെയിതാ യഥാര്‍ത്ഥ ജീവിതത്തിലും അങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുന്നു.
മണക്കയം പുത്തന്‍പറമ്പില്‍ ഷാജി തോമസ് എന്ന അച്ചായിയാണ് ഇവിടത്തെ താരം. ഇദ്ദേഹം ചിറ്റാര്‍ സ്റ്റേഷനിലെ പോലീസുകാരോട് ഒരു കാര്യം ആവശ്യപ്പെട്ടു. തനിക്ക് ജയിലില്‍ തന്നെ കഴിഞ്ഞാമതിയെന്നായിരുന്നു അച്ചായി പറഞ്ഞത്. നേരത്തെ പല കേസുകളും ഇയാള്‍ക്കെതിരെ ഉണ്ടാവുകയും വര്‍ഷങ്ങളായി ജയിലിനകത്ത് കഴിഞ്ഞിരുന്ന ആളുമാണ് ഈ അച്ചായി. പക്ഷേ പുറത്തിറങ്ങാന്‍ അയാള്‍ കൂട്ടാക്കുന്നില്ല. വീണ്ടും ജയിലില്‍ തന്നെ കഴിയണമെന്ന് ഒറ്റക്കാലില്‍ നിന്ന് നിര്‍ബന്ധം പിടിച്ചു.
എന്നാല്‍ ഇപ്പോള്‍ അച്ചായിക്കെതിരെ കേസുകളൊന്നും ഇല്ലെന്നും കേസില്ലാത്തഒരാളെ ജയിലില്‍ കിടത്താന്‍ കഴിയില്ല എന്നും ആവുന്നത്ര പോലീസ് അച്ചായിയെ പറഞ്ഞ് മനസിലാക്കാന്‍ നോക്കി. എന്നാല്‍ അയാള്‍ ഒരുപൊടിക്ക് കൂട്ടാക്കുന്നില്ലായിരുന്നു.
എന്തായാലും ജയില്‍ കിടക്കുമെന്ന് ഉറപ്പിച്ച അച്ചായി ഒരു പണി ചെയ്തു. സ്റ്റേഷനില്‍ നിന്നറങ്ങി ഒരു സ്വകാര്യ ബസിന് കല്ലെറിഞ്ഞ് കേസുണ്ടാക്കി. പക്ഷേ അതുകൊണ്ടൊന്നും തീര്‍ന്നില്ല. കേസ് കുറച്ചുകൂടി സ്‌ട്രോങ്ങാക്കാന്‍ ഇയാള്‍ എസ്.ഐയ്ക്കിട്ടൊന്ന് പൊട്ടിക്കുകയും എ.എസ്.ഐയെ നിലത്തിട്ട് ചവിട്ടുകയും ചെയ്തു. മാത്രമല്ല കസേരകളും സ്‌കാനറുമെല്ലാം തല്ലിത്തകര്‍ക്കുകയും ചെയ്തു. ഏകദേശം 25,000 രൂപയുടെ നാശനഷ്ടം ഉണ്ടാക്കിയെന്നാണ് പോലീസ് പറയുന്നത്.
അച്ചായി അത്ര നിസ്സാരക്കാരനൊന്നുമല്ല. കാരണം കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന നല്ലൊന്നാന്തരം തരികിടയാണിയാള്‍. കഞ്ചാവ് ലഹരി തന്നെയായിരുന്നു ഇയാളുടെ ഈ അതിക്രമത്തിനും കാരണം.
നേരത്തെ ബസുകള്‍ കടത്തിക്കൊണ്ടുപോയതിന് അച്ചായി രണ്ടുതവണ പോലീസിന്റെ പിടിയിലായിട്ടുണ്ട്. കെ.എസ്.ആര്‍.ടി.സി. ബസും അടൂരില്‍നിന്ന് ഒരു സ്‌കൂള്‍ ബസുമാണ് ഇയാള്‍ കടത്തിക്കൊണ്ടുപോയത്. എന്തായാലും നിലവില്‍ രണ്ട് കേസുകള്‍ സ്വന്തമാക്കിയ അച്ചായിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha