മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ആത്മഹത്യ... ആരോപണ വിധേയയായ ജൂ. സൂപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം

കൈകൂലിക്കും കള്ളതരങ്ങള്‍ക്കും കൂട്ടുനില്‍ക്കാത്തവര്‍ സര്‍ക്കാര്‍ ജോലിക്ക് നില്‍ക്കരുതെന്ന മാനന്തവാടി ആര്‍ടിഒ ഓഫിസ് ജീവനക്കാരി സിന്ധുവിന്റെ ഡയറിയിലെ വരികള്‍ മോട്ടോര്‍ വാഹനവകുപ്പിനെ സമ്മര്‍ദ്ദത്തിലാക്കിയിരിക്കുകയാണ്. സിന്ധുവിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയയായ ജൂനിയര്‍ സൂപ്രണ്ട് അജിത കുമാരിയോട് അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
മോട്ടോര്‍ വാഹന വകുപ്പ് ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സിന്ധുവിന്റെ ആത്മഹത്യയില്‍ ഉത്തരമേഖല ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷ്ണര്‍ പി രാജീവാണ് അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. ഓഫീസിലെ ഉദ്യോഗസ്ഥര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായാണ് കണ്ടെത്തല്‍. നിര്‍ബന്ധിത അവധിയില്‍ പോയ ജൂനിയര്‍ സൂപ്രണ്ട് അജിതകുമാരിക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.
അജിത കുമാരിയടക്കമുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതി അറിയിക്കാനാണ് സിന്ധു തൂങ്ങി മരിക്കുന്നതിന് മൂന്ന് ദിവസം മുന്‍പ് വയനാട് ആര്‍ടിഒയെ നേരില്‍ കണ്ടത്. തിരിച്ച് ഓഫീസിലെത്തിയ സിന്ധുവിന് ഉദ്യോഗസ്ഥരില്‍ നിന്ന് ഭീഷണി നേരിടേണ്ടിവന്നെന്നാണ് സൂചന. പൊലീസ് കണ്ടെത്തിയ സിന്ധുവിന്റെ ഡയറിയില്‍ മറ്റ് രണ്ട് സഹപ്രവര്‍ത്തകരുടെ പേരുകളും ഉണ്ട്.
വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് സിന്ധുവിനെ കണ്ടെത്തിയത്. ഓഫിസില്‍ കൈക്കൂലി വാങ്ങാന്‍ കൂട്ടുനില്‍ക്കാത്തതുകൊണ്ട് മറ്റ് ജീവനക്കാര്‍ക്ക് തന്നോട് പകയുണ്ടെന്ന് സിന്ധു പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. തന്നെ ഒറ്റെപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിരുന്നതായും സിന്ധു പറഞ്ഞിരുന്നതായി കുടുംബം ആരോപിക്കുന്നു. ഇതെ തുടര്‍ന്ന് ജോലി നഷ്ടപ്പെടുമെന്ന് സിന്ധു ഭയപ്പെട്ടിരുന്നതായും സഹോദരന്‍ പറഞ്ഞു. അവിവാഹിതയായായ സിന്ധു ഒന്‍പത് വര്‍ഷമായി മാനന്തവാടി സബ് ആര്‍ടിഒ ഓഫിസില്‍ ജീവനക്കാരിയാണ്.
സഹപ്രവര്‍ത്തകരില്‍ നിന്ന് കടുത്ത മാനസിക സമ്മര്‍ദ്ദം ഉണ്ടായതായും ജോലി നഷ്ടപ്പെടുമെന്ന ആശങ്കയുണ്ടായിരുന്നെന്നും സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു. പലകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മറ്റുജീവനക്കാര്‍ പലപ്പോഴായി ഒറ്റപ്പെടുത്തിയതായും ഇത് താങ്ങാനാവാതെ വന്നതോടെയാണ് സിന്ധു ജീവനൊടുക്കിയതെന്നും സഹോദരന്‍ പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ കുടുംബത്തിന്റെ ആരോപണങ്ങള്‍ തള്ളിയായിരുന്നു ജോയിന്റ് ആര്‍ടിഒയുടെ പ്രതികരണം. സിന്ധുവിനെതിരെ ആരും പരാതി നല്‍കിയിട്ടില്ലെന്നും വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ് സിന്ധുവിന്റെ സഹോദരന്‍ ആരോപിച്ചതെന്നും ജോയിന്റ് ആര്‍ടിഒ ബിനോദ് കൃഷ്ണ പറഞ്ഞു.
https://www.facebook.com/Malayalivartha