ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽ 2 കോടി തട്ടിപ്പ് പ്രതി അറസ്റ്റിൽ ; വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തൽ, ജാതി പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്

പാലക്കാട് മുതലമടയിൽ ആദിവാസി വനിതകൾക്കുള്ള തയ്യൽ പരിശീലന കേന്ദ്രത്തിൽ തട്ടിപ്പ് നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ. അപ്സര ട്രയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ട് എം.ഡി വിഷ്ണുപ്രിയയാണ് അറസ്റ്റിലായത്. രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം.
ഒരു കോടി രൂപയുടെ പദ്ധതിയിൽ 25 ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തൽ. ഇവിടേക്ക് വാങ്ങിയ തയ്യൽ മെഷീനുകളിൽ ഭൂരിഭാഗവും കേടായതാണ്. അദ്ധ്യാപകരുടെ ശമ്പളത്തിലും വെട്ടിപ്പ് നടന്നിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാൻ ഉദ്യോഗസ്ഥർ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്. വിജിലൻസ് സംഘം വിതുര മലയടിയിലെ പരിശീലന കേന്ദ്രത്തിൽ പരിശോധന നടത്തിയിരുന്നു.
ആദിവാസി വിഭാഗങ്ങൾക്ക് തയ്യൽ പരിശീലനം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് സർക്കാരിൽ നിന്ന് രണ്ട് കോടി വാങ്ങി തട്ടിയത്.
ചിറ്റൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വഞ്ചനാക്കുറ്റം, ഭീഷണിപ്പെടുത്തൽ, ജാതി പേര് വിളിച്ച് ആക്ഷേപിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. മുതലമടയിലെ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്. തിരുവനന്തപുരം മലയടിയിലേയും പാലക്കാട് മുതലമടയിലേയും അപ്സര ട്രയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലുമാണ് തട്ടിപ്പ് നടന്നത്.
പരാതിക്കാരായ ആദിവാസി വനിതകളേയും ആരോപണ വിധേയരായ അസ്പര ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് ഉടമ വിഷ്ണു പ്രിയയേയും പട്ടിക വർഗ ഡയറക്ടറേറ്റിൽ വിളിച്ച് വരുത്തിയിരുന്നു. വിഷ്ണുപ്രിയയുടെ വിശദമായ മൊഴി ഫിനാൻസ് ഓഫീസർ രേഖപ്പെടുത്തി. 50 വനിതകൾക്ക് പഠിക്കാൻ 14 തയ്യൽ മെഷീൻ മാത്രമാണ് ഉണ്ടായിരുന്നത്. അതിൽ പലതും ഉപയോഗ ശൂന്യവുമാണ്.
അദ്ധ്യാപകരുടെ പേരിലും ലക്ഷങ്ങൾ തട്ടിയതായി ബോധ്യപ്പെട്ടു. മലയടിയിലെ പരിശീലനത്തിന് അപ്‌സര സർക്കാരിൽ നിന്ന് ഇത് വരെ കൈപ്പറ്റിയ 70 ലക്ഷം രൂപ തിരികെ പിടിക്കണമെന്ന് പട്ടിക വർഗ ഡയറക്ടറേറ്റ് ഫിനാൻസ് ഓഫീസർ ഡോ എ അൻസാർ അറിയിച്ചു. ബാക്കി നൽകാനുള്ള 30 ലക്ഷം ഇനി നൽകില്ല. മറ്റൊരു ഏജൻസിയെ വച്ച് ആദിവാസി വനിതകൾക്ക് ബാക്കിയുള്ള പരിശീലനം നടത്താൻ സാധിക്കുമോയെന്ന് പരിശോധിക്കും.
അല്ലെങ്കിൽ കരാർ റദ്ദാക്കി പുതിയ പ്രോജക്ടിന് അപേക്ഷ ക്ഷണിക്കും. കരിമ്പട്ടികയിൽ പെട്ട അപ്‌സര ഇൻസ്റ്റിറ്റ്യൂട്ട് എങ്ങനെ സർക്കാർ പദ്ധതികളിൽ പങ്കാളികളായെന്നും നെടുമങ്ങാട് പ്രോജക്ട് ഓഫീസർക്കടക്കം ഇവർ കൈക്കൂലി നൽകി എന്നും ആരോപണമുണ്ട്. ഈ ആരോപണങ്ങളും പട്ടിക വർഗ ഡയറക്ടർ വിശദമായി അന്വേഷിക്കും.
https://www.facebook.com/Malayalivartha























