സച്ചിനും ആര്യയും മനസ് തുറന്നു... മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവും തമ്മിലുള്ള വിവാഹം ചിങ്ങത്തില്‍; പ്രണയ വിശേഷങ്ങള്‍ പങ്കുവച്ച് സച്ചിന്‍ദേവും ആര്യാ രാജേന്ദ്രനും; ആദ്യമായി കണ്ടതുമുതല്‍ വിവാഹ വിശേഷങ്ങള്‍ വരെ തുറന്ന് പറഞ്ഞ് ഇരുവരും

സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയയായയാളാണ് ആര്യാ രാജേന്ദ്രന്‍. എസ്എഫ്‌ഐക്കാരനായ യുവ എംഎല്‍എയും പലപ്പോഴും ശ്രദ്ധിക്കപ്പെട്ടു. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞും മനസ് തുറന്നിരുന്നില്ല. ഇപ്പോഴിതാ തങ്ങളുടെ വിശേഷങ്ങള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.
നാല് വര്‍ഷം മുമ്പ് സാങ്കേതിക സര്‍വകലാശാലയ്‌ക്കെതിരായ സമരം കൊടുമ്പിരിക്കൊണ്ട സമയത്ത് സമരങ്ങളുടെ ഭാഗമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന സച്ചിന്‍ദേവ് തിരുവനന്തപുരത്ത് വരുമ്പോഴാണ് ആര്യ രാജന്ദ്രനെ ആദ്യമായി കണ്ടതെന്നാണ് പറയുന്നത്.
സംഘടനാപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വച്ചായിരുന്നു രണ്ടാമത്തെ പരിചയപ്പെടല്‍. പിന്നീട് പലതവണ എസ്.എഫ്.ഐ ക്യാമ്പുകളില്‍ വച്ച് കാണുകയും സൗഹൃദം പുതുക്കുകയും ചെയ്തു.
ഈയൊരു പരിചയമാണ് പ്രണയത്തിലേക്കെത്തിച്ചത്. കൂടുതല്‍ അടുത്ത് കാര്യങ്ങള്‍ സംസാരിക്കാന്‍ തുടങ്ങിയതോടെ ഒരുമിച്ച് ജീവിച്ചാലോയെന്ന് ഇരുവരും ചിന്തിക്കുകയായിരുന്നു. സച്ചിനാണ് പ്രണയം ആദ്യം തുറന്നുപറഞ്ഞത്. ആര്യ സമ്മതം മൂളിയതോടെ അത് യാഥാര്‍ത്ഥ്യമായി.
പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ തന്നെ സച്ചിനേട്ടന്‍ ആദ്യം പറഞ്ഞത് വീട്ടില്‍ സംസാരിക്കാമെന്നായിരുന്നുവെന്ന് ആര്യാ രാജേന്ദ്രന്‍ പറഞ്ഞു. ഞാന്‍ ആദ്യം എന്റെ ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ സച്ചിനേട്ടന്‍ വീട്ടില്‍ വരികയായിരുന്നു.
ആര്യ മേയറാകുന്നതിനൊക്കെ മുമ്പാണിതെന്ന് സച്ചിന്‍ദേവ് പറഞ്ഞു. ഇങ്ങനെയൊരു താത്പര്യമുണ്ടെന്നും മുന്നോട്ട് പോകാന്‍ ആലോചിച്ചാല്‍ എന്താണ് അഭിപ്രായമെന്നും ആര്യയുടെ വീട്ടുകാരോട് ഞാന്‍ ചോദിച്ചു. നിങ്ങളുടെ സ്വാതന്ത്ര്യമാണെന്നായിരുന്നു ആര്യയുടെ അച്ഛന്റെ മറുപടി. ആര്യ തന്നെ തീരുമാനമെടുക്കട്ടെയെന്നും വ്യക്തമാക്കി.
ജീവിതമാകുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങളെപ്പറ്റി അമ്മ സൂചിപ്പിച്ചു. അതിനുശേഷമാണ് ഞാന്‍ എന്റെ അമ്മയോട് കാര്യം പറഞ്ഞത്. അമ്മ വഴി പ്രണയം അച്ഛനും അറിഞ്ഞു. തദ്ദേശതിരഞ്ഞെടുപ്പ് വന്നതോടെ ആര്യ മത്സരിച്ച് മേയറായി. പിന്നീട് തിരക്കിന്റെ കാലമായിരുന്നു. സംസാരിക്കാന്‍ എപ്പോഴാണോ സമയം വന്നുചേരുന്നത് അപ്പോഴാണ് സംസാരിക്കുന്നത്.
എന്ത് പ്രശ്‌നമുണ്ടെങ്കിലും ഞങ്ങള്‍ ഫോണില്‍ വിളിക്കുമെന്ന് ആര്യ പറഞ്ഞു. തിരുവനന്തപുരം ജില്ലയിലെ പാര്‍ട്ടി ഔദ്യോഗികമായി പിന്തുണ നല്‍കുന്നുണ്ട്. അടുപ്പമായശേഷം എല്ലാക്കാര്യങ്ങളിലും വ്യക്തിപരമായി പിന്തുണ നല്‍കുന്നത് സച്ചിനേട്ടനാണ്. പൊളിറ്റിക്കല്‍ ഗൈഡന്‍സും ചേട്ടന്‍ നല്‍കാറുണ്ട്.
ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നതായി സച്ചിന്‍ പറഞ്ഞു. പാര്‍ട്ടി അനുമതിയെന്നത് മാദ്ധ്യമ വ്യാഖ്യാനമാണ്. പാര്‍ട്ടിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയാണ് ചെയ്തത്. നമ്മുടെ രക്ഷിതാക്കളെപോലെയാണ് നേതാക്കള്‍ സംസാരിച്ചത്. സൗമ്യമായാണ് വിവിധ ചുമതല വഹിക്കുന്ന നേതാക്കള്‍ ഉപദേശങ്ങള്‍ നല്‍കിയത്. ഔദ്യോഗികമായി കാര്യങ്ങളിലേക്ക് കടന്നപ്പോള്‍ രണ്ട് ജില്ലകളിലേയും പാര്‍ട്ടി സെക്രട്ടറിമാരുമായി സംസാരിച്ചിരുന്നു.
പൊതുവെ എസ്.എഫ്.ഐക്കാരായ ആണ്‍കുട്ടികള്‍ ദേഷ്യക്കാരാണെന്ന് പറയാറുണ്ടെങ്കിലും അത് സത്യമല്ലെന്ന് ആര്യ പറഞ്ഞു. അപൂര്‍വ്വമായി ദേഷ്യപ്പെടുന്ന ആളാണ് സച്ചിനേട്ടന്‍. നമ്മളെ മനസിലാക്കുന്ന ആളാണ്.
ആര്യ കാര്യങ്ങളെ വൈകാരികമായി കാണാറുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. എന്താണോ മനസില്‍ തോന്നുന്നത് അത് പ്രകടിപ്പിക്കും. ഞാന്‍ നിയന്ത്രിച്ച് മാത്രമേ സംസാരിക്കാറുള്ളൂ. ശരിയെന്ന് തോന്നുന്നത് ആര്യ പറയും. നല്ല സ്വഭാവമാണത്. ഉളളില്‍ മറ്റൊന്നും വച്ചുകൊണ്ടല്ല ആര്യ ദേഷ്യപ്പെടുന്നത്. വിഷയത്തെപ്പറ്റി കൃത്യമായി പഠിച്ച് മാത്രമേ പ്രതികരിക്കാവൂവെന്ന് ആര്യയോട് പറഞ്ഞിട്ടുണ്ട്. ചിങ്ങത്തില്‍ കല്യാണം കാണും. തിരുവനന്തപുരത്ത് വച്ച് നടത്താനാണ് ആലോചിക്കുന്നത്. ഉചിതമായ സ്ഥലത്ത് വച്ച് നടത്തും. പാര്‍ട്ടി വിവാഹം എന്നൊരു വിവാഹമില്ല. പാര്‍ട്ടിക്ക് യോജിക്കാവുന്ന വിവാഹശൈലിയുണ്ടാകാം. മതാചരങ്ങളൊന്നും ഉണ്ടാകില്ല.
മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കണമെന്ന് ആര്യ പറഞ്ഞു. പക്ഷേ നിര്‍ബന്ധിക്കരുത്. വിവാഹം വ്യക്തിപരമായ തീരുമാനമാണ്. നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ പറഞ്ഞു.
https://www.facebook.com/Malayalivartha

























