അന്ന് ശബരിമല ഇന്ന് ... മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കും കൈമാറിയില്ല; അന്ന് ചികിത്സയ്ക്കായി അമേരിക്കയില്‍ പോയപ്പോഴാണ് ഇവിടെ ശബരിമല കുട്ടിച്ചോറാക്കിയത്; സമാന സാഹചര്യമായി സില്‍വര്‍ ലൈന്‍ പ്രക്ഷോഭം; പിണറായിക്ക് പുറകേ കോടിയേരിയുമെത്തും

മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിയക്കയിലേക്ക് പോകുമ്പോള്‍ പഴയ ശബരിമലയാണ് ഓര്‍മ്മയില്‍ വരുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തില്‍ വിവാദമായിട്ടുള്ള പല തീരുമാനമെടുത്തതും അമേരിക്കയിലായിരുന്ന സമയത്താണ്. യുവതികള്‍ പലവട്ടം ശബരിമലയില്‍ കയറാന്‍ ശ്രമിച്ചു. ഭക്തരാകട്ടെ വലിയ തോതില്‍ ചെറുത്തു. അതാകട്ടെ ബിജെപിയുടെയും കെ സുരേന്ദ്രന്റേയും വളര്‍ച്ചയ്ക്കും. സിപിഎമ്മിന്റെ തകര്‍ച്ചയ്ക്കും കാരണമായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാഠം പഠിച്ചു. പിന്നീടുള്ള ശബരിമലയിലെ തീരുമാനത്തിന് മാറ്റം വന്നു. അതോടെ തുടര്‍ഭരണവുമായി.
ഇപ്പോഴിതാ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് ഇന്ന് പുലര്‍ച്ചെ നാലരയ്ക്കുള്ള വിമാനത്തിലാണ് യാത്ര തിരിച്ചത്. ഭാര്യ കമല, പേഴ്‌സണല്‍ അസിസ്റ്റന്റ് വി.എ. സുനീഷ് എന്നിവരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ഈ പോകുന്ന സമയത്ത് സില്‍വര്‍ ലൈന്‍ വിവാദം നിലനില്‍ക്കുകയാണ്. പ്രതിപക്ഷം ഇതിനെ ശബരിമല പ്രക്ഷോഭത്തെപോലെ ഏറ്റെടുത്തിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ എന്തുണ്ടാകുമെന്ന് ഇനിയറിയാം.
മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രിയുടെ ചികിത്സ. മുഖ്യമന്ത്രിയുടെ അഭാവത്തില്‍ ചുമതല മറ്റാര്‍ക്കും നല്‍കിയിട്ടില്ല. മന്ത്രിസഭാ യോഗത്തില്‍ അദ്ദേഹം ഓണ്‍ലൈനായി പങ്കെടുക്കും. 18 ദിവസത്തെ ചികിത്സയ്ക്കായിട്ടാണ് മുഖ്യമന്ത്രി വിദേശത്തു പോയത്. ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസം അമേരിക്കയില്‍ തുടരും.
ജനുവരിയില്‍ രണ്ടാഴ്ച മയോ ക്ലിനിക്കില്‍ അദ്ദേഹം ചികിത്സ നടത്തിയിരുന്നു. തുടര്‍ചികിത്സ ആവശ്യമുണ്ടെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നെങ്കിലും സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കേണ്ടിയിരുന്നതിനാലാണ് യാത്ര വൈകിയത്.
മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അമേരിക്കയിലേക്ക് ചികിത്സക്കായി പോകും. അടുത്ത ആഴ്ചയാണ് കോടിയേരിയുടെ യാത്രയെന്നാണ് വിവരം. കോടിയേരി ബാലകൃഷ്ണന്‍ യുഎസിലേക്ക് പോകുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയുടെ ചുമതല ആര്‍ക്ക് കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇതുവരെ ചുമതല ആര്‍ക്കും കൈമാറുന്ന കാര്യത്തില്‍ തരുമാനമെടുത്തിട്ടില്ല. അടുത്ത ആഴ്ച പോയി രണ്ടാഴ്ചയോളം കോടിയേരിയും യുഎസില്‍ ചികിത്സയില്‍ കഴിയും.
പാര്‍ട്ടി പോളിറ്റ്ബ്യൂറോ അനുമതിയോടെയാണ് ഇരുവരും വിദേശത്തേക്ക് ചികിത്സക്കായി തിരിക്കുന്നത്. ദീര്‍ഘകാലത്തേക്ക് മാറിനില്‍ക്കുന്നില്ല എന്നത് കൊണ്ട് പാര്‍ട്ടി ചുമതല മറ്റാര്‍ക്കും കൈമാറേണ്ടതില്ല എന്നതാണ് നിലവിലെ തീരുമാനം. നേരത്തെ അദ്ദേഹം ചികിത്സക്കായി യുഎസിലേക്ക് തിരിച്ചപ്പോള്‍ പാര്‍ട്ടി സെന്ററായിരുന്നു സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നത്.
27 ന് ചേരുന്ന മന്ത്രിസഭായോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. ജനുവരിയില്‍ ചികിത്സക്ക് പോയപ്പോള്‍ തുടര്‍പരിശോധന വേണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി സമ്മേളനം നടക്കുന്നത് കൊണ്ടാണ് ചികിത്സകള്‍ നീട്ടിവെച്ചത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രി ചികിത്സക്ക് വേണ്ടി അമേരിക്കയിലേക്ക് പോകുന്നത്. മിനസോട്ടയിലെ ചികിത്സക്ക് ആദ്യമായി പോകുന്നത് 2018ലാണ്. മുമ്പ് ചികിത്സക്ക് പോയപ്പോഴൊന്നും മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കും കൈമാറിയിരുന്നില്ല.
"
https://www.facebook.com/Malayalivartha

























