കളികള്‍ മാറുന്നു കഥയും... ദിലീപിനെതിരെ കേസ് ശക്തി പ്രാപിക്കുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥനെ തന്നെ പറപ്പിച്ചതിനെതിരെ വ്യാപക പ്രതിഷേധം; ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഇടപെടലാണെന്ന് കെ.കെ. രമ; ആഞ്ഞടിച്ച് പ്രതിപക്ഷവും

നടിയെ ആക്രമിച്ച കേസ് വലിയ രീതിയില്‍ പുരോഗമിക്കുകയായിരുന്നു. ദിലീപിനെതിരെ അന്വേഷണം കടുപ്പിച്ചിരുന്നു. ഇതിന് പിന്നാലെ അഡ്വ. രാമന്‍പിള്ളയ്‌ക്കെതിരായും നീങ്ങിയിരുന്നു. രാമന്‍പിള്ള കള്ളമൊഴി നല്‍കാന്‍ പഠിപ്പിക്കുന്ന ഓഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയിരുന്നു. ഇപ്പോഴിതാ അവരെ രക്ഷിക്കാനെന്ന തരത്തിലാണ് പ്രതികരണം വരുന്നത്.
എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിന് പിന്നില്‍ അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഇടപെടലാണെന്ന് കെ.കെ. രമ എം.എല്‍.എ ആരോപിച്ചു. ടിപി കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും വ്യക്തമായി പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള.
അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും പുറത്തുവരുമെന്ന ഭയം സര്‍ക്കാരിനുണ്ടെന്ന് കെ.കെ. രമ സ്വകാര്യ ചാനലിനോട് വെളിപ്പെടുത്തി. രാമന്‍പിള്ള അടക്കമുള്ളവരെ രക്ഷിക്കാന്‍ വേണ്ടിയാണ് ശ്രീജിത്തിനെ തത്സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ശരിയായ ദിശയില്‍ എത്തില്ലെന്നും രമ പറഞ്ഞു.
മികച്ച ഉദ്യോഗസ്ഥര്‍ തന്നെയാണ് അന്വേഷണ സംഘത്തിലുള്ളതെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അവര്‍ക്ക് പരിമിതിയുണ്ട്. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. അഭിഭാഷകര്‍ തന്നെ നേരിട്ട് മൊഴി മാറ്റുകയാണ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ ചോരുകയാണ്.
51 സാക്ഷികളെയാണ് ടി.പി കേസില്‍ കൂറുമാറ്റിയത്. ആ കേസില്‍ പ്രധാനപ്പെട്ട ആളുകളുടെ അഭിഭാഷകനായിരുന്നു രാമന്‍പിള്ള. അപ്പോള്‍ ഇതൊരു പ്രത്യുപകരമാണ്. സി.പി.എമ്മിലെ ചില ആളുകളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ രാമന്‍പിള്ളയ്ക്ക് അറിയാമെന്നാണ് എന്റെ വിശ്വാസം. ഇതിനെ ഒരു വില പേശലായിട്ടാണ് ഞാന്‍ കാണുന്നത്. ടി.പി. കേസിലെ ഉന്നതര്‍ ആരൊക്കെയാണെന്നും കേസില്‍ എന്തൊക്കെയാണ് നടന്നതെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പഠിച്ച അഭിഭാഷകനാണ് രാമന്‍പിള്ള. അദ്ദേഹത്തിനൊപ്പം ഇപ്പോള്‍ സര്‍ക്കാര്‍ നിന്നിട്ടില്ലെങ്കില്‍ പല വിവരങ്ങളും അദ്ദേഹം പറയുമെന്ന് ഭയം സര്‍ക്കാരിനുണ്ടെന്നും രമ പറഞ്ഞു.
എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയതിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശനും രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി സിപിഎം നേതാവ് പി ശശി ചുമതലയേറ്റതിന് പിന്നാലെയാണ് ഇത്തരത്തിലൊരു മാറ്റം ഉണ്ടായതെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ മാറ്റിയതിന് പിന്നിലെ വിവരങ്ങള്‍ പുറത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി ശശി ചുമതലയേറ്റ ശേഷം ആദ്യമായെടുത്ത തീരുമാനമാണിതെന്നും പീഡിപ്പിക്കപ്പെടുന്നവര്‍ക്കൊപ്പമല്ല, പീഡനത്തിന് നേതൃത്വം നല്‍കുന്നവര്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് വ്യക്തമാക്കുന്നതാണ് ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എഡിജിപി എസ് ശ്രീജിത്തിനെ നീക്കിയ നടപടിയെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്‍എസ് നുസൂര്‍ ആരോപിച്ചിരുന്നു.
എസ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാക്കിയാണ് മാറ്റം. ഷേഖ് ദര്‍വേസ് സാഹിബാണ് പുതിയ ക്രൈംബ്രാഞ്ച് മേധാവി. നടിയെ ആക്രമിച്ച കേസും ഇതുമായി ബന്ധപ്പെട്ട വധഗൂഢാലോചന കേസും വഴിത്തിരിവില്‍ നില്‍ക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് മേധാവിയുടെ മാറ്റം. ദിലീപിന്റെ അഭിഭാഷകനെതിരായ ചോദ്യം ചെയ്യല്ലിനെ തുടര്‍ന്നുള്ള പരാതികളാണ് ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റാന്‍ കാരണമെന്നാണ് സൂചന. ഇതിന് പുറമേ നടിയെ ആക്രമിച്ച കേസില്‍ എഡിജിപി ശ്രീജിത്തിനെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരുന്നു. അഡ്വ. ഫിലിപ്പ് ടി വര്‍ഗീസ് മുഖേനയാണ് സര്‍ക്കാരിന് പരാതി നല്‍കിയത്. അന്വേഷണ സംഘം നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ചാണ് എഡിജിപി ശ്രീജിത്ത് ഉള്‍പ്പെട്ട അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍ പരാതി നല്‍കിയിരിക്കുന്നത്. എന്തായാലും ആ പരാതിക്ക് പരിഹാരമായി.
https://www.facebook.com/Malayalivartha

























