ഡയബറ്റിസില്‍ നിന്നും സ്വയം ചികിത്സയിലൂടെ മുക്തി നേടാമെന്ന് വ്യാജ പരസ്യം ചെയ്ത കമ്പനി ഡയറക്ടര്‍മാര്‍ ഹാജരാകാന്‍ കോടതിയുടെ അന്ത്യശാസനം...

ഡയബറ്റീസില്‍ നിന്നും സ്വയം ചികിത്സയിലൂടെ മുക്തി നേടാമെന്ന് തെറ്റിദ്ധരിപ്പിച്ചും വ്യാജ അവകാശമുന്നയിച്ചും പരസ്യം ചെയ്ത കേസില്‍ ആയുര്‍വ്വേദ ഔഷധ നിര്‍മ്മാണ കമ്പനി ഡയക്ടര്‍മാര്‍ ഹാജരാകാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി അന്ത്യശാസനം നല്‍കി.
ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന ആവശ്യം തള്ളിയാണ് ഡയറക്ടര്‍മാര്‍ ഈ മാസം 27 ന് ഹാജരാകാന്‍ മജിസ്‌ട്രേട്ട് ലെനി തോമസ് കുരാകര്‍ ഉത്തരവിട്ടത്. തൃശൂര്‍ മാള ഫ്രാന്‍സിസ് വൈദ്യന്‍സ് കണ്ടംകുളത്തി ആയുര്‍വ്വേദ മരുന്നു കമ്പനി ഡയറക്ടര്‍മാരായ പാറപ്പുറം കണ്ടംകുളത്തി ഹൗസില്‍ കെ.ഫ്രാന്‍സിസ് പോള്‍ , അങ്കമാലി സൗത്ത് പുറക്കാട്ട് ഹൗസില്‍ സിജി എബ്രഹാം എന്നീ രണ്ടും മൂന്നും പ്രതികളാണ് ഹാജരാകേണ്ടത്. ഒന്നാം പ്രതി കമ്പനിയാണ്.
കമ്പനിയുടെ ' മേഹയോഗ് ബിറ്റര്‍ റ്റു ബെറ്റര്‍ , പ്രമേഹത്തിനും പ്രമേഹ സംബന്ധിയായ എല്ലാ പ്രയാസങ്ങള്‍ക്കും പരിഹാരം ' എന്ന പരസ്യത്തിനാണ് കേസെടുത്തത്.
ആരോഗ്യ മാസികയില്‍ കണ്ട പരസ്യം ചോദ്യം ചെയ്തുള്ള പരാതിയിലാണ് തൊണ്ടിമുതലുകളായ മരുന്നുകള്‍ പിടിച്ചെടുത്ത് കേസ് ഫയല്‍ ചെയ്തത്. തിരുവനന്തപുരം ഡ്രഗ്‌സ് കണ്‍ട്രോളര്‍ (എ എസ് യു വിംഗ്) ഓഫീസിലെ സീനിയര്‍ ആയുര്‍വേദ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ ഡോ. സ്മാര്‍ട്ട്. പി.ജോണ്‍ തിരുവനന്തപുരം ഗവ.സെക്രട്ടറിയേറ്റിന് എതിര്‍വശത്തെ ശ്രീധരി ആയുര്‍വേദിക് സ്റ്റോറിന് സമീപത്തെ ബുക്ക്സ്റ്റാളില്‍ നിന്ന് ആരോഗ്യ മാസിക വാങ്ങി പരസ്യം പരിശോധിച്ചു. തുടര്‍ന്ന് പരസ്യ ഏജന്‍സിയായ കൊച്ചി വൈറ്റില ചളിക്കവട്ടം പൊന്നുരുന്നി ഈസ്റ്റ് കാര്‍ത്തിക ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന റ്റീമീഡിയ പരസ്യ സ്ഥാപനത്തില്‍ നിന്നും പരസ്യ രേഖകള്‍ പിടിച്ചെടുത്തു. തുടര്‍ന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്തു.
1954 ല്‍ നിലവില്‍ വന്ന ഡ്രഗ്‌സ് ആന്റ് മാജിക്കല്‍ റെമഡീസ് ( ഒബ്ജക്ഷബബിള്‍ അഡ്വര്‍ട്ടൈസ്‌മെന്റ് ) നിയമത്തിലെ വകുപ്പ് 3 (ഡി) , 7 (എ) എന്നിവ പ്രകാരമാണ് കമ്പനി , 2 ഡയറക്ടര്‍മാര്‍ എന്നിവരെ 1 മുതല്‍ 3 വരെ പ്രതിചേര്‍ത്ത് കോടതി കേസെടുത്തത്.
" f
https://www.facebook.com/Malayalivartha


























