സംസ്ഥാനത്ത് ഇന്നുമുതല്‍ 15 മിനിറ്റ് നേരം വൈദ്യുതി നിയന്ത്രണം, ചില സ്ഥലങ്ങള്‍ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്!

സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചു. വൈകീട്ട് 6.30നും രാത്രി 11.30നും ഇടയിലാണ് 15 മിനിറ്റ് സമയം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുക.
രാജ്യത്ത് കല്‍ക്കരി ക്ഷാമംകടുത്തതിനാല്‍ സംസ്ഥാനത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്‍ കുറവാണ് ഉണ്ടായിരിക്കുന്നത്. ഏകദേശം 400 മെഗാവാട്ടിന്റെ കുറവുണ്ടെന്നാണ് കെഎസ്ഇബി പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദ്യുതി വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
വൈദ്യുതി ലഭ്യത ഉണ്ടാകുന്നത് വരെ നിയന്ത്രണം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. അതേസമയം വലിയ നഗരങ്ങളിലെ ആശുപത്രികള്‍, അവശ്യസര്‍വ്വീസുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ വൈദ്യുതി വിതരണത്തില്‍ നിയന്ത്രണമുണ്ടാകില്ല. വോള്‍ട്ടേജ് കുറച്ച് വൈദ്യുതി ഉപഭോഗം കുറയ്ക്കാനും ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. ഇതിലൂടെ മാത്രം പ്രതിദിനം 130 മെഗാവാട്ട് പ്രതിദിനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് വിവരം
കേരളത്തിന് വൈദ്യുതി നല്‍കുന്നത് ജാര്‍ഖണ്ഡിലെ മൈഥോണ്‍ എന്ന പവര്‍ സ്റ്റേഷനില്‍ നിന്നാണ്. ഇവിടെ കല്‍ക്കരി ക്ഷാമം വന്നതോടെയാണ് വൈദ്യുതിയുടെ ഉത്പാദനം കുറച്ചത്. ഈ സാഹചര്യത്തിലാണ് കേരളത്തിന് കിട്ടേണ്ട വൈദ്യുതിയില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടായിരിക്കുന്നത്.
ജാര്‍ഖണ്ഡില്‍ മാത്രമല്ല രാജ്യത്തെ വിവിധ താപനിലയങ്ങളില്‍ ഇത്തരത്തില്‍ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. മാത്രമല്ല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളില്‍ പവര്‍കട്ട് ഏര്‍പ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























