രണ്ടര ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് മാറിയെടുക്കാൻ പതിനായിരം രൂപ കൈക്കൂലി; കൈക്കൂലിയ്ക്കായി നിരന്തരം വിളിച്ച് ശല്യം ചെയ്തു; ഒടുവിൽ ഗതികെട്ട് നൽകിയ പരാതിയിൽ വനിതാ ഉദ്യോഗസ്ഥ കുടുങ്ങി; കോട്ടയം തിരുനക്കരയിൽ വനിതാ ഉദ്യോഗസ്ഥ അറസ്റ്റിൽ

രണ്ടര ലക്ഷം രൂപയുടെ സെക്യുരൂറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി പതിനായിരം രൂപ കൈക്കൂലി വാങ്ങിയ ഇറിഗേഷൻ വകുപ്പിലെ ജീവനക്കാരി വിജിലൻസ് പിടിയിലായത് നിരന്തരം കരാറുകാരനെ ശല്യം ചെയ്തതിനെ തുടർന്ന്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക തിരികെ നൽകണമെങ്കിൽ ആവശ്യപ്പെടുന്ന പണം നൽകണമെന്നാവശ്യപ്പെട്ട് നിരന്തരം ശല്യം ചെയ്തതോടെയാണ് ജീവനക്കാരിയ്‌ക്കെതിരെ പരാതി നൽകാൻ കരാറുകാരൻ തയ്യാറായത്.
ഇതോടെ വിജിലൻസ് സംഘം ഓഫിസിലെത്തി ഇവരെ പിടികൂടുകയായിരുന്നു. കോട്ടയം തിരുനക്കര മിനി സിവിൽ സ്‌റ്റേഷനിലെ നാലാം നിലയിൽ പ്രവർത്തിക്കുന്ന മൈനർ ഇറിഗേഷൻ വിഭാഗത്തിന്റെ ഇറിഗേഷൻ ഡിപ്പാർട്ട്‌മെന്റിലെ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയർ ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ ഉദ്യോഗസ്ഥ ബിനു ജോസിനെയാണ് വിജിലൻസ് എസ്.പി വി.ജി വിനോദ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വിജിലൻസ് നിർദേശ പ്രകാരം കരാറുകാരൻ കൈക്കൂലിത്തുക നൽകിയ ശേഷം ഓഫിസിൽ നിന്നും പുറത്തിറങ്ങിയതിനു പിന്നാലെ ഉദ്യോഗസ്ഥ സംഘം അകത്ത് കയറി ഇവരെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
ഫിനോഫ്തലിൻ പൗഡർ പുരട്ടി വിജിലൻസ് സംഘം നൽകിയ പണവും, ഇവരിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈ.എസ്.പി കെ.വിദ്യാധരൻ, ഇൻസ്‌പെക്ടർമാരായ റെജി എം കുന്നിപ്പറമ്പൻ, സജുദാസ്, അനുപ ജി, യതീന്ദ്രകുമാർ, ജയകുമാർ സബ് ഇൻസ്‌പെക്ടർമാരായ തോമസ് ജോസഫ്, ബിജു കെ ജി അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർമാരായ സാൻലി തോമസ്, ബിനു, പ്രസാദ്, സാബു വിജിലൻസ് ഉദ്യോഗസ്ഥരായ രാജേഷ് ടി പി, മനോജ് കുമർ വി എസ്, അനൂപ്, സുരജ് വനിത വിജിലൻസ് ഉദ്യോഗസ്ഥരായ രജ്ഞിനി എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
2017 ൽ ജില്ലയിൽ അഞ്ച് ലിഫ്റ്റ് ഇറിഗേഷൻ വർക്കുകൾ അനുവദിച്ചിരുന്നു. ഈ വർക്കുകൾ പൂർത്തിയാക്കുന്നതിനായി കരാറുകാരനിൽ നിന്നും സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഈടാക്കിയിരുന്നു. വർക്ക് പൂർത്്തിയായ സാഹചര്യത്തിൽ തുക തിരികെ നൽകണമെന്നാവശ്യപ്പെട്ട് കരാറുകാരൻ ബിനുവിനെ സമീപിക്കുകയായിരുന്നു. സെക്യുരിറ്റി ഡെപ്പോസിറ്റ് തുകയായ രണ്ടര ലക്ഷം രൂപ മാറി നൽകുന്നിതിനായി കരാറുകാർ നിരവധി തവണ ഓഫിസിൽ കയറിയിറങ്ങി നടന്നിരുന്നു. എന്നാൽ, ഇവർ പണം പാസാക്കി നൽകാൻ തയ്യാറായില്ല. ഇത് കൂടാതെ നിരന്തരം കൈക്കൂലി ആവശ്യപ്പെടുകയുമായിരുന്നു. ഇതേ തുടർന്ന് കരാറുകാർ വിജിലൻസ് സംഘത്തിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത്.
https://www.facebook.com/Malayalivartha

























