ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്

ബീഹാറിലെ നളന്ദയിൽ വിവാഹം കഴിക്കാൻ നിർബന്ധിച്ച കാമുകിയെ ഓടുന്ന ബൈക്കിൽ വലിച്ചിഴച്ച് യുവാവ്. നളന്ദ സ്വദേശിയായ യുവതിയ്ക്കാണ് പരിക്കേറ്റത്. വഴിയാത്രക്കാർ പകർത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
സംഭവം ഇങ്ങനെയാണ്. നവാഡ ജില്ലയിലെ നർദിഗഞ്ചിൽ സർവേ ഉദ്യോഗസ്ഥനായ അമീനും യുവതിയും കഴിഞ്ഞ അഞ്ചുവർഷമായി പ്രണയത്തിലാണ്. കഴിഞ്ഞ ദിവസം യുവതിയെ കാണാൻ അമീൻ രാജ്ഗീറിലെത്തിയിരുന്നു. കൂടിക്കാഴ്ച്ചയിൽ യുവതി ഉടൻ വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതോടെ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തർക്കം രൂക്ഷമായതോടെ യുവാവ് ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു.
ഈ സമയം യുവാവിനെ തടയാനായി യുവതി ബൈക്കിൽ പിടിച്ചു. എന്നാൽ ബൈക്ക് നിർത്താൻ തയ്യാറാകാതിരുന്ന യുവാവ് ബൈക്ക് വേഗത്തിൽ മുന്നോട്ട് എടുക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണംവിട്ട് ഇരുവരും റോഡിൽ വീഴുന്നതുവരെ ഏകദേശം 100 മീറ്ററോളം യുവതിയെ യുവാവ് ബൈക്കിൽ വലിച്ചിഴച്ചുകൊണ്ടുപോയി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഓടിക്കൂടിയ നാട്ടുകാർ യുവാവിനെ വളഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു.
നാട്ടുകാരുടെ മർദനത്തിൽ നിന്ന് രക്ഷപ്പെടാൻ യുവതി തന്റെ ഭാര്യയാണെന്നും ഇത് കുടുംബ വഴക്കാണെന്നും യുവാവ് കള്ളം പറഞ്ഞു. സംഭവത്തിൽ പരിക്കേറ്റ യുവതി നർദിഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പുറത്തുവന്ന വീഡിയോകളുടെയും ദൃക്സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തിൽ യുവാവിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha




















