ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍

സംസ്ഥാനത്ത് ഡ്രൈവിങ് ലൈസന്‍സ് ലഭിക്കാന്‍ നിലവിലുള്ള കാത്തിരിപ്പ് കുറയ്ക്കുന്നതിനും ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനുമായി ഗതാഗത കമ്മിഷണര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫിസുകളിലും ആഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും െ്രെഡവിങ് ടെസ്റ്റും ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയും നിര്‍ബന്ധമായും നടത്തണം. നിലവിലെ പ്രതിദിന ഡ്രൈവിങ് ടെസ്റ്റ് ശേഷി അമ്പതാക്കി ഉയര്‍ത്താനും ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയില്‍ മുഖം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയ ആധികാരികത ഉറപ്പുവരുത്തുന്ന സംവിധാനം നടപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി ഉന്നത പഠനത്തിനോ തൊഴിലിനോ പോകുന്നതിന് മുമ്പ് ലേണേഴ്‌സ് ലൈസന്‍സും ഡ്രൈവിങ് ലൈസന്‍സും നേടാന്‍ അപേക്ഷിക്കുന്നവരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. അര്‍ഹരായ അപേക്ഷകര്‍ക്ക് അനാവശ്യ കാലതാമസമില്ലാതെ പരീക്ഷയെഴുതാനും ലൈസന്‍സ് നേടാനും അവസരം ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതിദിനം അമ്പത് സ്ലോട്ട് എല്ലാ ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫിസുകളിലും അടിസ്ഥാന സൗകര്യവും കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങളും പാലിച്ച് പ്രതിദിന െ്രെഡവിങ് ടെസ്റ്റ് സ്ലോട്ടുകള്‍ അമ്പതായി ഉയര്‍ത്തണം. ഇതില്‍ 28 സ്ലോട്ട് പുതിയ അപേക്ഷകര്‍ക്കും 20 സ്ലോട്ട് വീണ്ടും പരീക്ഷ എഴുതുന്നവര്‍ക്കും രണ്ട് സ്ലോട്ട് വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ തൊഴില്‍, പഠനം എന്നിവയ്ക്കായി അടിയന്തരമായി ലൈസന്‍സ് ആവശ്യമുള്ളവര്‍ക്ക് സംവരണം ചെയ്യണം. ആവശ്യമായ രേഖകള്‍ പരിശോധിച്ച ശേഷമേ ഈ പ്രത്യേക ക്വാട്ട അനുവദിക്കാവൂ എന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ദിവസം ലഭ്യമായ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരുടെ എണ്ണത്തിന് അനുസരിച്ച് ഡ്രൈവിങ് ടെസ്റ്റ് ബാച്ചുകള്‍ ക്രമീകരിക്കണം. ഏതെങ്കിലും വിഭാഗത്തില്‍ സ്ലോട്ടുകള്‍ ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ അവ മറ്റ് അര്‍ഹരായ അപേക്ഷകര്‍ക്കായി വിനിയോഗിച്ച് മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്ലോട്ടുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ പേരില്‍ പരീക്ഷയുടെ നിലവാരത്തിനോ സുരക്ഷയ്‌ക്കോ സുതാര്യതയ്‌ക്കോ യാതൊരു വിട്ടുവീഴ്ചയും പാടില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
മുഖം തിരിച്ചറിയല്‍ സംവിധാനം
ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷകള്‍ക്കായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന നിലവിലെ സംവിധാനത്തില്‍ മുഖം തിരിച്ചറിയല്‍ അടിസ്ഥാനമാക്കിയ ആധികാരികത പരിശോധന ഉള്‍പ്പെടുത്തും. ദേശീയ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ സാരഥി സോഫ്റ്റ്‌വെയറില്‍ ഈ സൗകര്യം സജ്ജമാക്കുന്ന മുറയ്ക്ക് സംവിധാനം പ്രാബല്യത്തില്‍ വരും. പരീക്ഷ ആരംഭിക്കുന്നതിന് മുമ്പും പരീക്ഷയ്ക്കിടെ ആവശ്യമായ ഘട്ടങ്ങളിലും ഉദ്യോഗാര്‍ഥിയുടെ മുഖം തിരിച്ചറിയല്‍ പരിശോധന നടത്തും. പരീക്ഷ മോട്ടോര്‍ വാഹന വകുപ്പിന്റെ പരീക്ഷാ ഹാളുകളില്‍ മാത്രമേ അനുവദിക്കൂ. അസിസ്റ്റന്റ് മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടറുടെ കര്‍ശന മേല്‍നോട്ടവും നിര്‍ബന്ധമാക്കിയിട്ടുണ്ട്.
ലേണേഴ്‌സ് പരീക്ഷയ്ക്കും കൂടുതല്‍ അവസരം
അടുത്ത മൂന്ന് മാസത്തേക്ക് എല്ലാ പ്രവൃത്തി ദിവസങ്ങളിലും ലേണേഴ്‌സ് ലൈസന്‍സ് പരീക്ഷയും നടത്തണം. പ്രതിദിനം നടത്തുന്ന െ്രെഡവിങ് ടെസ്റ്റ് സ്ലോട്ടുകളുടെ എണ്ണത്തിന് തുല്യമോ അതിലധികമോ ലേണേഴ്‌സ് പരീക്ഷാ സ്ലോട്ടുകള്‍ ലഭ്യമാക്കണമെന്നും നിര്‍ദേശമുണ്ട്. ഇതിലൂടെ ലൈസന്‍സ് നടപടിക്രമം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ അപേക്ഷകര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുമെന്നാണ് വിലയിരുത്തല്‍.
ഡ്രൈവിങ് ടെസ്റ്റിന് നിയോഗിച്ച മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ കോടതി ഡ്യൂട്ടിയോ മറ്റ് ഔദ്യോഗിക ചുമതലകളോ കാരണം ഹാജരാകാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തില്‍ നിന്ന് പകരം ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. ഒരു ദിവസം മുതല്‍ മൂന്ന് ദിവസം വരെയും അതിലധികം ദിവസങ്ങളിലേക്കുമുള്ള പകരം ക്രമീകരണങ്ങള്‍ക്ക് വ്യത്യസ്ത നടപടിക്രമങ്ങളാണ് നിശ്ചയിച്ചിരിക്കുന്നത്. ഇതിലൂടെ ഒരു സാഹചര്യത്തിലും െ്രെഡവിങ് ടെസ്റ്റ് റദ്ദാക്കുകയോ സ്ലോട്ടുകള്‍ കുറയ്ക്കുകയോ ചെയ്യരുതെന്നാണ് നിര്‍ദേശം.
https://www.facebook.com/Malayalivartha




















