ബംഗാളില്‍ നിന്നും കടുത്ത ദാരിദ്ര്യം മൂലം കേരളത്തില്‍ എത്തി.., കുടുംബത്തെയാകെ ഞെട്ടിച്ചുകൊണ്ട് എത്തിയത് ക്രൂര പീഡന വാര്‍ത്ത; പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയും കുടുംബവും കേരളം വിടുന്നു?

ജോലിയും വരുമാനവുമില്ലാതെ കടുത്ത ദാരിദ്ര്യം മൂലം ജീവിക്കാന്‍ ഒരു വഴി തേടിയാണ് പൂപ്പാറയിലെ തേയിലത്തോട്ടത്തില്‍ പീഡനത്തിനിരയായ പതിനഞ്ചുകാരിയും കുടുംബവും കേരളത്തില്‍ എത്തിയത്. മകളുടെ പഠനം പോലും ഉപേക്ഷിച്ച് ബംഗാളില്‍ നിന്നും കേരളത്തിലേയ്ക്ക് എത്തിയപ്പോള്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു.
കേരളത്തില്‍ ജോലി ചെയ്യുന്ന ബന്ധുക്കള്‍ വഴി ഒരു ഏജന്റിനെ സമീപിച്ചാണ് ഇവര്‍ ഏലത്തോട്ടത്തില്‍ ജോലിയ്ക്ക് കയറുന്നത്. മകളെ ഇവിടെ സ്‌കൂളില്‍ ചേര്‍ത്തു പഠിപ്പിക്കാമെന്നും ഏജന്റ് പറഞ്ഞിരുന്നു. എന്നാല്‍ കുടുംബത്തെയാകെ ഞെട്ടിച്ചുകൊണ്ടായിരുന്നു ആ വാര്‍ത്ത അവരെ തേടിയെത്തിയത്.
ഞായറാഴ്ച പുറത്തു പോയ പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ വിവരം പൊലീസ് എത്തിയാണ് മാതാപിതാക്കളെ അറിയിച്ചത്. ഇനി എത്രയും വേഗം പെണ്‍കുട്ടിയുമായി സ്വദേശത്തേയ്ക്ക് മടങ്ങാനാണ് മാതാപിതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. ഇനി മുന്നോട്ടുള്ള ജീവിതം എന്തെണെന്നുള്ള ചോദ്യ ചിഹ്നമാണ് ഈ കുടുംബത്തിന് മുന്നിലുള്ളത്.
ബംഗാള്‍ സ്വദേശിനിയായ പതിനഞ്ചുകാരിയെ തേയിലത്തോട്ടത്തില്‍ കൂട്ടം ചേര്‍ന്നു പീഡിപ്പിച്ച കേസില്‍ പൂപ്പാറ സ്വദേശികളായ 4 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. ബംഗാള്‍ സ്വദേശികളായ 2 പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകിട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനൊപ്പം പൂപ്പാറയിലെത്തിയതായിരുന്നു പെണ്‍കുട്ടി.
പെണ്‍കുട്ടിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ ഏലത്തോട്ടത്തിലെ തൊഴിലാളികളായ 4 പേര്‍ വളയുകയും സുഹൃത്തിനെ അടിച്ചോടിച്ച ശേഷം പെണ്‍കുട്ടിയെ തേയിലക്കാട്ടിലേയ്ക്കു ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് ആളുകള്‍ എത്തിയതോടെ പ്രതികള്‍ ഓടിമാറി. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയെ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് പെണ്‍കുട്ടിയെ നെടുങ്കണ്ടം ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിനു മുന്നിലെത്തിച്ചു മൊഴിയെടുത്തു.
https://www.facebook.com/Malayalivartha
























