നാല് സുഹൃത്തുക്കളുമായി ആറ്റില്‍ കുളിക്കാനിറങ്ങി.., വെള്ളത്തില്‍ മുങ്ങിപ്പോയ പതിനാറുകാരനായി തിരച്ചില്‍ ശക്തം!

സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരനെ കാണാതായി. കോട്ടയം പനച്ചിക്കാട് വെള്ളുത്തുരുത്തിയില്‍ ആണ് സംഭവം. പരുത്തുംപാറ ചെറിയകുന്ന് സജിയുടെ മകന്‍ അഖിലി(16)നെയാണ് കാണാതായത്.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വെള്ളുത്തുരുത്തി പാലത്താലുങ്കല്‍ കടവില്‍ കൊടുരാറിന്റെ കൈവഴിയിലാണ് അപകടമുണ്ടായത്. അഖിലും നാല് സുഹൃത്തുക്കളും ചേര്‍ന്നാണ് കുളിക്കാന്‍ ഇറങ്ങിയത്. ഇതിനിടെ അഖിലിനെ വെളത്തില്‍ വീണ് കാണാതാകുകയായിരുന്നു.
ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതോടെ നാട്ടുകാര്‍ ഓടിയെത്തി തിരച്ചില്‍ നടത്തി. എന്നാല്‍ അഖിലിനെ കണ്ടെത്താനായില്ല. കോട്ടയത്തുനിന്നുള്ള അഗ്നിരക്ഷാസംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. പനച്ചിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയി മാത്യുവിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു കല്ലടയാറ്റില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നത്. പത്തനംതിട്ട കൂടല്‍ സ്വദേശി അപര്‍ണ (16)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തിനൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ ശനിയാഴ്ച ഉച്ചയോടെയാണ് അപര്‍ണ പുഴയില്‍ വീണത്.
ഞായറാഴ്ച രാവിലെ പട്ടാഴി പൂക്കുന്നി മല കടവില്‍ നിന്നാണ് അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. അപര്‍ണയെ കാണാതായ സ്ഥലത്ത് നിന്ന് ഏകദേശം ഒരു കിലോമീറ്റര്‍ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഫയര്‍ ഫോഴ്‌സിന്റെ സ്‌കൂബാ സംഘമാണ് അപര്‍ണയുടെ മൃതശരീരം കണ്ടെടുത്തത്. അപര്‍ണ സുഹൃത്ത് അനുഗ്രഹ, അനുഗ്രഹയുടെ സഹോദരന്‍ അഭിനവ് എന്നിവര്‍ക്കൊപ്പം കല്ലടയാറിന്റെ തീരത്ത് എത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് പുഴയില്‍ വീണത്.
https://www.facebook.com/Malayalivartha
























