കോണ്‍ഗ്രസിനെ തീര്‍ക്കാന്‍ ബിജെപിയുടെ കൊടും ചതി... നാഷണൽ ഹെറാൾഡിൽ കുരുങ്ങി

അടുത്ത ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ദേശീയ പാര്‍ട്ടിയായ കോണ്‍ഗ്രസിനെ ഇന്ത്യന്‍ മണ്ണില്‍ ഇല്ലായ്മപ്പെടുത്തുകയെന്ന കടുത്ത നീക്കത്തിലാണ് നരേന്ദ്ര മോദി. നാഷണല്‍ ഹെറാള്‍ഡ് ഉടമസ്ഥതാ കേസില്‍ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിലെത്തിക്കുവഴി കരുക്കു മുറുക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് ബിജെപിയുടെ നീക്കം.
ബിജെപിക്കു വേണ്ടി ഡോ. സുബ്രഹ്മണ്യ സ്വാമിയാണ് കേസും വിവാദവും കുത്തിപ്പൊക്കിയതെങ്കിലും ലോക് സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനെ നാമാവശേഷമാക്കാനുള്ള ഉറച്ച കരുനീക്കമാണ് ബിജെപി നടത്തിവരുന്നത്. അടുത്ത രണ്ടു മാസത്തിനുള്ളില്‍ രാജസ്ഥാനില്‍ ഉള്‍പ്പെടെ ആറു സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി കൂടുതല്‍ ദുര്‍ബലമാക്കുകയെന്ന ആസൂത്രിത അജണ്ടയിലാണ് ബിജെപി ഭരണകൂടം.
സ്വാതന്ത്ര്യസമരത്തിന് ആവേശവും ആര്‍ജവത്വവും പകരാന്‍ ജവഹര്‍ലാല്‍ നെഹ്രു ആരംഭിച്ചതും പിന്നീട് സാമ്പത്തിക പ്രതിസന്ധിയില്‍ തകര്‍ന്നുപോയതുമായ പത്രമാണ് നാഷണല്‍ ഹെറാള്‍ഡ്. സ്വാതന്ത്ര്യസമരത്തിലും പിന്നീടും രാജ്യത്തെ മുന്‍നിര പത്രങ്ങളുടെ നിരയിലായിരുന്നു നാഷണല്‍ ഹെറാള്‍ഡ് ദിനപത്രം.
രാഹുലിനോട് വ്യാഴാഴ്ചയും സോണിയയോട് അടുത്ത ബുധനാഴ്ചയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നില്‍ മൊഴി നല്‍കാന്‍ ഹാജരാകാനാണ് നിര്‍ദേശം. സോണിയാ ഗാന്ധിക്ക് ബാധിച്ചതിനാല്‍ തല്‍ക്കാലം ഹാജരാകേണ്ടിവരില്ലെങ്കിലും വരുംമാസങ്ങളില്‍ സോണിയയെയും രാഹുലിനെയും ദേശീയ തലത്തില്‍ ഇകഴ്ത്താനുള്ള നീക്കത്തിന് മാറ്റമുണ്ടാകില്ല.
നാഷണല്‍ ഹെറാള്‍ഡിന്റെ പ്രസാധകരായ അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡ്കമ്പനിയെ സോണിയയും രാഹുലും പ്രധാന ഓഹരി ഉടമകളായ യങ് ഇന്ത്യന്‍ ലിമിറ്റഡ് കമ്പനി ഏറ്റെടുത്തതിലാണ് അന്വേഷണം. 2010ല്‍ 50 ലക്ഷം രൂപയ്ക്ക് അസോസിയേറ്റഡ് ജേണല്‍ ലിമിറ്റഡിന്റെ ഓഹരികള്‍ വൈഐഎല്ലിന് കൈമാറിയത് വിവാദമായി. രണ്ടായിരം കോടിയുടെ ആസ്തിയും ആയിരത്തിലധികം ഓഹരി ഉടമകളുമുള്ള സ്വത്താണ് 50 ലക്ഷത്തിന് യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തത്. ഈ ഇടപാടിനെതിരെ സുബ്രഹ്മണ്യന്‍സ്വാമി 2013ലാണ് പരാതി നല്‍കിയത്.ഈ പരാതിയെ തുടര്‍ന്നാണ് ഇപ്പോഴത്തെ ഇഡി നടപടി.
ദീര്‍ഘകാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ശേഷം പ്രസാധനം മുടങ്ങിപ്പോയ നാഷണല്‍ ഹെറാള്‍ഡ് പത്രം പുനരാരംഭിക്കുന്നതിന് കോണ്‍ഗ്രസ് 90 കോടിയുടെ പലിശരഹിത വായ്പ നേരത്തേ അനുവദിച്ചിരുന്നു. രാഷ്ട്രീയപാര്‍ട്ടികള്‍ വാണിജ്യആവശ്യങ്ങള്‍ക്ക് വായ്പ കൊടുക്കുന്നത് നിയമവിരുദ്ധമാണെന്നും പരാതിയില്‍ ആരോപിക്കുന്നു.
ഈ പരാതിയില്‍ ആസ്തി, ബാധ്യത കൈമാറ്റവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കല്‍ കേസ് 2014ല്‍ ഇഡി രജിസ്റ്റര്‍ ചെയ്തു.
പട്യാല കോടതിയില്‍നിന്ന് ജാമ്യം നേടിയ സോണിയയും രാഹുലും കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ റദ്ദാക്കണമെന്ന് അപേക്ഷ നല്‍കിയെങ്കിലും ഹര്‍ജി സുപ്രീംകോടതി തള്ളി.
2019ല്‍ നാഷണല്‍ ഹെറാള്‍ഡിന്റെ 16.38 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാക്കളായ സുമന്‍ ദുബൈയും സാം പിത്രോദയും കേസില്‍ ഇപ്പോഴും പ്രതികളാണ്. അന്തരിച്ച കോണ്‍ഗ്രസ്നേതാക്കളായ മോത്തിലാല്‍ വോറയും ഓസ്‌കര്‍ ഫെര്‍ണാണ്ടസും കേസില്‍ പ്രതിചേര്‍ക്കപ്പെട്ടിരുന്നു.
കോണ്‍ഗ്രസ് നേതാക്കളായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍ ബന്‍സല്‍ എന്നിവരെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുക മാത്രമല്ല കോണ്‍ഗ്രസിനെ ഇന്ത്യയില്‍ നിന്നു തുടച്ചുനീക്കുകയെന്ന ലക്ഷ്യത്തിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നു.
സ്വാതന്ത്ര്യസമരകാലത്ത് 1937 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഒരു കമ്പനിയാണ് അസ്സോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ്. അക്കാലത്ത് അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികള്‍ ഓഹരി ഉടമകളായ ഈ കമ്പനി ആരുടേയും സ്വകാര്യ സ്വത്തല്ലായിരുന്നു.ദേശീയതയിലൂന്നി സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു കമ്പനി എന്നതും ബ്രിട്ടീഷ് ദിനപത്രങ്ങള്‍ക്കു ബദലായി ഇന്ത്യന്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിക്കുക എന്നതും ലക്ഷ്യമിട്ടാണ് നെഹ്രു ഈ പത്രം ആരംഭിച്ചത്.
2010 നവംബര്‍ 23 ന് അഞ്ചു ലക്ഷം രൂപാ മൂലധനവുമായി തുടങ്ങിയ ഒരു കമ്പനിയാണ് യംഗ് ഇന്ത്യന്‍. നാഷണല്‍ ഹെറാള്‍ഡിന്റെ കെട്ടിടത്തില്‍ തന്നെയാണ് യങ് ഇന്ത്യന്റെ ഓഫീസും പ്രവര്‍ത്തിച്ചിരുന്നത്. 2010 ഡിസംബര്‍ പതിമൂന്നിന് രാഹുല്‍ ഗാന്ധി യങ് ഇന്ത്യന്‍ കമ്പനിയുടെ ഡയറക്ടറായി നിയമിതനായി. അധികം വൈകാതെ, 2011 ജനുവരിയില്‍, സോണിയാ ഗാന്ധി, ഡയറക്ടര്‍ ബോര്‍ഡംഗമായും സ്ഥാനമേറ്റെടുത്തു. യംങ് ഇന്ത്യന്‍ കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്.12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറക്കും, ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനുമുണ്ട്.
സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ കിങ്കരന്‍മാരും അടങ്ങുന്ന ഒരു സംഘം, കോടികള്‍ വിലമതിക്കുന്ന അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ചതിയിലൂടെ കൈവശമാക്കി എന്നു കാണിച്ചുകൊണ്ടാണ് സുബ്രഹ്മണ്യന്‍ സ്വാമി ഡല്‍ഹി കോടതിയില്‍ 2012 നവംബര്‍ ഒന്നിന് ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചത്. സാങ്കേതിക കാരണങ്ങള്‍ നിരത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയും അടുത്ത പാര്‍ലമെ്ന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ ഇരുവരെയും വിലക്കുകയും ചെയ്യുകയെന്ന ലക്ഷ്യമാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നാണ് പൊതു വിമര്‍ശനം ഉയരുന്നത്.
https://www.facebook.com/Malayalivartha























