ഇത്രയേറെ പ്രതീക്ഷിച്ചില്ല... മുഖ്യമന്ത്രിയുള്‍പ്പെടെ തൃക്കാക്കരയില്‍ കളം നിറഞ്ഞപ്പോള്‍ സുധാകരന്‍ പോലും തോല്‍വി ഭയന്നു; പക്ഷെ ഭൂരിപക്ഷം കണ്ടപ്പോള്‍ സിപിഎമ്മുകാര്‍ പോലും അമ്പരന്നു; ആ സൗഭാഗ്യം തേടി വരാന്‍ തൃക്കാക്കരക്കാര്‍ സമ്മതിച്ചില്ലെന്ന് ഉമാ തോമസ്

ഉമാ തോമസിന്റെ വിജയം കോണ്‍ഗ്രസുകാരേയും കമ്മ്യൂണിസ്റ്റുകാരേയും ഒരുപോലെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. വ്യക്തി ജീവിതത്തിലും രാഷ്ട്രീയത്തിലും മഹാരാജാസ് കോളേജ് ഉമാ തോമസിന്റെ ഭാഗ്യ ഇടങ്ങളിലൊന്നാണ്. പി. ടി. തോമസിനെ ആദ്യമായി കണ്ടതും പി. ടി. ക്ക് പിന്നാലെ നിയമസഭയിലെത്തുന്നതും മഹാരാജാസിന്റെ അകത്തളങ്ങളില്‍ നിന്നാണ്. ഇവിടെ നടന്ന വോട്ടെണ്ണലില്‍ പി.ടി.യ്ക്ക് കഴിഞ്ഞ തവണ കിട്ടിയതിനേക്കാള്‍ കൂടുതല്‍ വോട്ടോടെ ഉമ തോമസ് നിയമസഭയിലേക്ക് നടന്നു കയറുമ്പോള്‍, തൃക്കാക്കരയുടെ ഉത്തരം വ്യക്തമാണ്.
ഇത്ര ഭൂരിപക്ഷം കിട്ടുമെന്ന് ഒരാളും കരുതിയില്ല. തൃക്കാക്കരയില്‍ പിടി തോമസിന്റെ പിന്‍ഗാമിയായി അദ്ദേഹത്തിന്റെ വികസന സ്വപ്നങ്ങള്‍ പൂര്‍ത്തിയാക്കുമെന്ന് നിയുക്ത എംഎല്‍എ ഉമാ തോമസ്. ഇടതുപക്ഷ ഭരണത്തിനെതിരായ വിലയിരുത്തലാണ് തൃക്കാക്കരയില്‍ യുഡിഎഫിനുണ്ടായ വന്‍ വിജയം.
പിടിയെ സ്‌നേഹിച്ച തൃക്കാക്കരക്കാര്‍ തന്നെ കൈവിടില്ലെന്ന് മത്സരത്തിനിറങ്ങിയപ്പോള്‍ തന്നെ തനിക്കുറപ്പായിരുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കുന്ന വികസനത്തെ തൃക്കാക്കരയിലെ ജനങ്ങള്‍ പിന്തുണക്കില്ലെന്നാണ് ജനവിധി സൂചിപ്പിക്കുന്നത്. പിടി തോമസിന്റെ പിന്‍ഗാമിയായി അഭിമാനത്തോടെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. പിടിയുടെ നിലപാടിന്റെ രാഷ്ട്രീയം പിന്തുടരും.
വികസന സ്വപ്നങ്ങള്‍ പാതിവഴിയിലാക്കിയാണ് പിടി പോയത്. അത് പൂര്‍ത്തിയാക്കും. മുഖ്യമന്ത്രിയുടെ 'സുവര്‍ണാവസരം' പരാമര്‍ശം വലിയ രീതിയില്‍ വേദനിപ്പിച്ചു. ആ സൗഭാഗ്യം തേടി വരാന്‍ തൃക്കാക്കരക്കാര്‍ സമ്മതിച്ചില്ല. അദ്ദേഹത്തെ പോലുളള ആളുകള്‍ അബദ്ധത്തില്‍ പോലും അത്തരം വാക്കുകളുപയോഗിക്കരുതായിരുന്നു. അതേറെ വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു. തനിക്കെതിരെ സൈബ!റിടങ്ങളിലും പ്രചാരമുണ്ടായി. ഈ വിജയം അത്തരം വാദങ്ങള്‍ക്കും വാക്കുകള്‍ക്കുമുള്ള മറുപടിയാണെന്നും ഉമാ തോമസ് വിശദീകരിച്ചു.
ഒരു മാസത്തോളം നീണ്ട പ്രചാരണത്തിന് ശേഷം തൃക്കാക്കരയില്‍ ഉമ തോമസിലൂടെ മിന്നും വിജയമാണ് യുഡിഎഫ് നേടീയത്. അഞ്ചാം റൗണ്ടില്‍ത്തന്നെ ലീഡ് നില അഞ്ചക്കം കടത്തിയ ഉമ, ഏഴാം റൗണ്ടില്‍ പി.ടി. തോമസിന്റെ കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം മറികടന്നു. പന്ത്രണ്ട് റൗണ്ടുകളും എണ്ണിത്തീര്‍ന്നപ്പോള്‍ 72770 വോട്ടുകള്‍ നേടിയാണ് പി ടി തോമസിന്റെ പിന്‍ഗാമിയായി മത്സരിച്ച ഉമ തോമസിന്റെ മിന്നുംവിജയം. 25,016 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഉമ തോമസിന്റെ വിജയം.
തടുക്കാന്‍ എളുപ്പമല്ലാത്ത പിണറായിയുടെ വാക്ശരങ്ങള്‍ക്ക് പോലും ഉശിരന്‍ മറുപടി നല്‍കിയ ഉമ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ പോലും അമ്പരപ്പിച്ചു. രാഷ്ട്രീയത്തില്‍ പി.ടി തോമസിന് ശിഷ്യരേറെയുണ്ട്, പിന്‍ഗാമി ഒരാള്‍ മാത്രം. 1987 ജൂലൈ 9ന് പി.ടി.യുടെ ജീവിതത്തിലേക്ക് കയറിവന്ന, നിയമസഭയുടെ പടികള്‍ കയറാനിരിക്കുന്ന ഉമാ തോമസ്.
അന്‍പത്തിയാറുകാരിയായ ഉമ തോമസ് മഹാരാജാസിലെത്തുന്നത് 1980-85 കാലയളവിലാണ് പ്രീഡിഗ്രി, ഡിഗ്രി വിദ്യാഭ്യാസത്തിനായി എത്തിയത്. 82ല്‍ കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കെ.എസ്.യു.വിന്റെ പാനലില്‍ വനിതാ പ്രതിനിധിയായി വിജയിച്ചു. 84 ല്‍ കെ.എസ്.യു.വിന്റെ പാനലില്‍ വൈസ് ചെയര്‍മാന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. പിന്നെ ബിഎസ്‌സി സുവോളജി വിദ്യാര്‍ത്ഥിനിയായിരിക്കേയാണ് അന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന പിടി തോമസിന്റെ ഹൃദയം തൊട്ടത്. ഇന്ന് ഹൃദയരോഗവിദഗ്ധനായ ഡോ. ജോ ജോസഫിനെ തോല്‍പ്പിച്ച് തൃക്കാക്കരയുടെ ഹൃദയം കവരുന്നു ഉമ തോമസ്. കെ കെ രമ കഴിഞ്ഞാല്‍, യുഡിഎഫിലെ രണ്ടാമത്തെ വനിതാ എംഎല്‍എ. കോണ്‍ഗ്രസിന്റെ നിയമസഭയിലെ ഏക വനിതാസാന്നിധ്യം ഉമ തോമസ്.
"
https://www.facebook.com/Malayalivartha























