ബസോടുന്ന പണമെവിടെ... കെഎസ്ആര്‍ടിസിയില്‍ സൂചികുത്താനിടമില്ലാതെ ബസുകള്‍ ലാഭത്തിലോടിയാലും എന്നും നഷ്ടക്കണക്ക് മാത്രം; നാളെ ശമ്പളം കിട്ടിയില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്കെന്ന് യൂണിയനുകള്‍; ജനങ്ങള്‍ ദുരിതത്തിലേക്ക്

ഒരു കെഎസ്ആര്‍ടിസി ബസ് ഒഴിഞ്ഞ് പോകുന്നത് പലപ്പോഴും കാണാന്‍ കഴിയില്ല. ടിക്കറ്റെടുക്കാതെ ആരും യാത്ര ചെയ്യുന്നുമില്ല. ഈ വരുമാനമൊക്കെ എവിടെ പോകുന്നു എന്ന ചോദ്യം കാലങ്ങളായി ചോദിക്കുന്നവരാണ് മലയാളികള്‍. ആരൊക്കെ വന്നിട്ടും കെഎസ്ആര്‍ടിസിയില്‍ കഷ്ടപ്പാടും പട്ടിണിയും മാത്രം. ശമ്പളത്തെ ചൊല്ലി കെഎസ്ആര്‍സിയില്‍ യൂണിയനുകള്‍ വീണ്ടും സമരത്തിലേക്ക്.
നാളെ ശമ്പളം ലഭിച്ചില്ലെങ്കില്‍ തിങ്കളാഴ്ച മുതല്‍ കെഎസ്ആര്‍ടിസി ആസ്ഥാനത്തിനുമുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് സിഐടിയു ഉള്‍പ്പടെയുള്ള തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ചു. സിഎംഡി ബിജു പ്രഭാകറുമായുള്ള ചര്‍ച്ചയും യൂണിയനുകള്‍ ഇന്നലെ ബഹിഷ്‌കരിച്ചിരുന്നു. എല്ലാ മാസവും അഞ്ചാം തീയതി ശമ്പളമെന്ന ഉറപ്പു പാലിക്കാന്‍ മാനേജ്‌മെന്റിനു കഴിയില്ലെന്നു യൂണിയനുകളെ അറിയിച്ചതോടെ മുന്‍കൂട്ടി സമരം പ്രഖ്യാപിച്ചിരിക്കെയാണു യൂണിയനുകള്‍.
സര്‍വീസുകള്‍ക്കു മുടക്കം വരാതെ കെഎസ്ആര്‍ടിസി ആസ്ഥാനത്തിനു മുന്‍പില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് സമരം. ധിക്കാരപരമായാണ് മാനേജ്‌മെന്റ് പെരുമാറുന്നതെന്ന് ഭരണപക്ഷ സംഘടനയായ സിഐടിയു ആരോപിച്ചു.
കെഎസ്ആര്‍ടിസിയുടെ വരുമാനം കൊണ്ട് ശമ്പളം നല്‍കാനാവില്ലെന്ന് അറിഞ്ഞിട്ടും സര്‍ക്കാരിനോട് ഇതുവരെയും മാനേജ്‌മെന്റ് സഹായം ചോദിച്ചിട്ടില്ലെന്നു യൂണിയനുകള്‍ ആരോപിച്ചു. 183.49 കോടി ടിക്കറ്റ് വരുമാനം ഉള്‍പ്പെടെ 192.67 കോടിയാണ് കഴിഞ്ഞ മാസത്തെ കെഎസ്ആര്‍സിയുടെ ആകെ വരുമാനം. ഡീസല്‍ ചെലവ് 92.21 കോടിയും. സര്‍ക്കാരിന്റെ സഹായമില്ലാതെ ഈ മാസവും ശമ്പളം കൊടുക്കുക അസാധ്യമാണ്.
ഇവിടത്തെ കണക്കുകള്‍ വല്ലാത്ത കണക്കാണ്. ശമ്പള പ്രതിസന്ധി അടുത്തകാലത്തൊന്നും തീരില്ല. 97.9 കോടി രൂപയാണു ചെലവ്. ഇതില്‍ 82 കോടി ശമ്പള ഇനത്തിലാണ്. ബാക്കി പിഎഫും ഇന്‍ഷുറന്‍സും. ഇന്ധനത്തിനു മാത്രം 88 കോടി വേണം. ശമ്പളവും ഇന്ധനവും ചേര്‍ത്ത് ഏപ്രില്‍ മാസം 180 കോടിയായി. 30 കോടി ബാങ്കുവായ്പ തിരിച്ചടവുണ്ട്.
ബസുകളുടെ ഇന്‍ഷുറന്‍സ് ശരാശരി 3 രൂപ കോടി വരും. സ്‌പെയര്‍പാര്‍ട്‌സ് 7 കോടി, ടോള്‍ നല്‍കേണ്ടത് 1.5 കോടി, ഇതിനു പുറമേ എംഎസിടി വിധികളുടെയും പണമടയ്ക്കണം. അങ്ങനെ ആകെച്ചെലവ് 250 കോടിയാണ്. വരുമാനം 164.71 കോടിയും. വരവുകുറവും ചെലവു കൂടുതലും. അതിനാലാണു സര്‍ക്കാരിനെ ആശ്രയിക്കേണ്ടി വരുന്നത്. വരവുചെലവുകളിലെ അന്തരം അവസാനിക്കാത്തിടത്തോളം ശമ്പള പ്രതിസന്ധിയും തുടരും. വരുമാനവര്‍ധന മാത്രമാണു പരിഹാരം.
ഈ രീതിയില്‍ മുന്നോട്ടുപോയാല്‍ കെഎസ്ആര്‍ടിസി 2030 എന്ന വര്‍ഷം കടക്കില്ലെന്ന് എംഡി ബിജു പ്രഭാകര്‍ തന്നെ പറയുന്നു. വൈകിയ വേളയിലെങ്കിലും ഭാവിയെക്കരുതി പ്രവര്‍ത്തിക്കണം. സര്‍ക്കാര്‍ എല്ലാക്കാലവും പണം തരും എന്ന മട്ടില്‍ മുന്നോട്ടു പോകാനാകില്ല. 2021–22ല്‍ 2037.51 കോടിയുടെ സഹായമാണു സര്‍ക്കാര്‍ തന്നത്. 2016 മുതല്‍ ലഭിച്ചത് 6961.5 കോടിയും.
യാത്രക്കാര്‍ക്കു മതിയായ സേവനം നല്‍കാനുള്ള ശ്രമമാണ് നടക്കുന്നത്. കെഎസ്ആര്‍ടിസിയുടെ പ്രതിസന്ധിയെക്കുറിച്ചു പഠിച്ച പ്രഫ. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കി മുന്നോട്ടുപോകുകയാണു ഞങ്ങള്‍. ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യക്ഷമമാക്കുക എന്നതാണ് ആദ്യപടി. ജീവനക്കാരെ കൃത്യമായി വിന്യസിക്കുകയും വേണം.
ദീര്‍ഘദൂര സര്‍വീസുകള്‍ കാര്യക്ഷമമാക്കുന്നതിനാണു സ്വിഫ്റ്റ് കൊണ്ടുവന്നത്. ബസ് എപ്പോള്‍ വരും, എപ്പോള്‍ പോകും എന്നതില്‍ വ്യക്തത വരുത്തും. നല്ല ബസുകള്‍ ഓടിക്കും. ആ മാറ്റമാണു സ്വിഫ്റ്റിലൂടെ നടപ്പാക്കുന്നതെന്നും ബിജു പ്രഭാകര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha
























