പുടിന് പേടി തുടങ്ങി... റഷ്യയ്ക്ക് വലിയ വെല്ലുവിളിയായി യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രെയ്‌നിനു നവീന മിസൈല്‍ സംവിധാനം നല്‍കുന്നു; 80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റം യുക്രെയിന് കരുത്താകും; കിഴക്കന്‍ യുദ്ധഭൂമിയില്‍ സൈനികര്‍ക്കൊപ്പം സെലെന്‍സ്‌കി

റഷ്യ ശരിക്കും പേടിച്ച് തുടങ്ങി. രണ്ടാഴ്ച കൊണ്ട് യുക്രെയിന്‍ കീഴടക്കാമെന്ന് കരുതിയ റഷ്യയ്ക്ക് തെറ്റി. 100 ദിവസം കഴിഞ്ഞിട്ടും നാലിലൊന്നു ഭാഗം പോലും പിടിക്കാനായിട്ടില്ല. അതിനിടെയാണ് യുക്രെയിന് അമേരിക്ക ദീര്‍ഘദൂര മിസൈല്‍ നല്‍കിയത്. യുഎസിനു പിന്നാലെ ബ്രിട്ടനും യുക്രെയ്‌നിനു നവീന മിസൈല്‍ സംവിധാനം നല്‍കുന്നു.
80 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള എം270 മള്‍ട്ടിപ്പിള്‍ ലോഞ്ച് റോക്കറ്റ് സിസ്റ്റമാണ് റഷ്യയ്‌ക്കെതിരായ യുദ്ധത്തിന് ബ്രിട്ടന്‍ നല്‍കുക. ദീര്‍ഘദൂര പീരങ്കിയാക്രമണം അടക്കം ചെറുക്കാന്‍ ഇതു സഹായിക്കും. ദീര്‍ഘദൂര മിസൈല്‍ സംവിധാനമായ 'ഹൈമാര്‍സ്' യുക്രെയ്‌നിനു നല്‍കാനുള്ള യുഎസ് തീരുമാനത്തിനു തിരിച്ചടിയുണ്ടാവുമെന്നു കഴിഞ്ഞ ദിവസം റഷ്യ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
എന്നാല്‍ ഇത് വകവയ്ക്കാതെയാണ് ബ്രിട്ടന്റെ തീരുമാനം. അതേസമയം, രൂക്ഷ പോരാട്ടം തുടരുന്ന ലുഹാന്‍സ്‌കിലെ സീവിയറോഡോണെറ്റ്‌സ്‌കിനു സമീപമുള്ള ലിസിചാന്‍സ്‌ക്, സോള്‍ദര്‍ എന്നീ നഗരങ്ങള്‍ സന്ദര്‍ശിച്ച യുക്രെയ്ന്‍ പ്രധാനമന്ത്രി വൊളോഡിമിര്‍ സെലെന്‍സ്‌കി സൈനികരുമായി സംസാരിച്ചു. സീവിയറോഡോണെറ്റ്‌സ്‌കില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം അകലെയാണിത്. സെലെന്‍സ്‌കി മടങ്ങിയശേഷമാണു സന്ദര്‍ശനവിവരം പുറത്തുവിട്ടത്.
അതിനിടെ റഷ്യയുടെ കള്ളത്തരവും പൊളിച്ചു. യുക്രെയ്‌നില്‍നിന്നു കടത്തിയ ഗോതമ്പുശേഖരം ആഗോളവിപണിയില്‍ വിറ്റഴിക്കാനുള്ള റഷ്യയുടെ നീക്കം തടയാന്‍ യുഎസ് രംഗത്തെത്തി. മോഷ്ടിച്ച ധാന്യം വാങ്ങരുതെന്ന് ആഫ്രിക്കയിലേത് അടക്കം 14 രാജ്യങ്ങളോട് യുഎസ് ആവശ്യപ്പെട്ടു. ഭക്ഷ്യക്ഷാമം മൂലം വന്‍ പ്രതിസന്ധി നേരിടുന്ന ആഫ്രിക്കന്‍ രാജ്യങ്ങളെ നിര്‍ദേശം കുഴപ്പത്തിലാക്കിയിട്ടുണ്ട്.
5 ലക്ഷം ടണ്‍ ഗോതമ്പ് റഷ്യ കടത്തിയെന്നാണ് യുക്രെയ്ന്‍ ആരോപിക്കുന്നത്. റഷ്യന്‍ നിയന്ത്രണത്തിലുള്ള ക്രൈമിയയിലേക്കു ട്രക്കുകളില്‍ എത്തിച്ചശേഷം അവിടെനിന്നു കപ്പലുകളിലാണു ധാന്യശേഖരം റഷ്യയിലേക്കു കൊണ്ടുപോയതെന്നു പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ഭക്ഷ്യക്ഷാമ പ്രശ്‌നത്തില്‍ സഹായം തേടി ആഫ്രിക്കന്‍ യൂണിയന്‍ തലവനും സെനഗല്‍ പ്രസിഡന്റുമായ മക്കി സാല്‍ മോസ്‌കോയില്‍ പുട്ടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം വീണ്ടും ആക്രമണം കനക്കുകയാണ്. ആഴ്ചകളുടെ ഇടവേളയ്ക്കുശേഷം യുക്രെയ്ന്‍ തലസ്ഥാന നഗരമായ കീവില്‍ റഷ്യയുടെ മിസൈലാക്രമണം. യൂറോപ്യന്‍ രാജ്യങ്ങള്‍ നല്‍കിയ ടാങ്കുകള്‍ സൂക്ഷിച്ചിരുന്ന സംഭരണശാല ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നു റഷ്യ വ്യക്തമാക്കി.
എന്നാല്‍ ട്രെയിന്‍ അറ്റകുറ്റപ്പണിശാലയിലാണു മിസൈലുകള്‍ പതിച്ചതെന്നും അവിടെ ടാങ്കുകള്‍ ഇല്ലായിരുന്നുവെന്നും യുക്രെയ്ന്‍ പ്രതികരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ഡോണ്‍ബാസിലേക്ക് റഷ്യന്‍ സേന കേന്ദ്രീകരിച്ചതോടെ ആഴ്ചകളായി കീവ് ശാന്തമായിരുന്നു. കടകളും ബാറുകളും തുറന്നുപ്രവര്‍ത്തിക്കാനും തുടങ്ങിയിരുന്നു. കീവിന്റെ കിഴക്കന്‍ മേഖലയിലെ രണ്ടു കേന്ദ്രങ്ങളില്‍ റഷ്യന്‍ ക്രൂസ് മിസൈലുകള്‍ പതിക്കുന്നതിന്റെയും ഉഗ്രസ്‌ഫോടനങ്ങളുടെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു.
ഒഡേസ തുറമുഖത്തു ആയുധങ്ങളുമായി പോയി യുക്രെയ്ന്‍ വിമാനം വെടിവച്ചിട്ടതായും റഷ്യ അവകാശപ്പെട്ടു. ഒഡേസയ്ക്കു സമീപമുള്ള മൈക്കലോവ് തുറമുഖനഗരത്തിലും റഷ്യ കനത്ത ഷെല്ലാക്രമണം നടത്തി. അതേസമയം, പോയ ദിവസങ്ങളില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടന്ന കിഴക്കന്‍ മേഖലയിലെ റഷ്യയുടെ സേനാനീക്കം നിലച്ചുവെന്നാണു റിപ്പോര്‍ട്ട്. റഷ്യ ഏതാണ്ടു പൂര്‍ണമായും പിടിച്ചെടുത്ത സീവിയ റോഡോണെറ്റ്‌സ്‌കിന്റെ പകുതിയോളം തിരിച്ചുപിടിച്ചെന്നും യുക്രെയ്ന്‍ സേന അവകാശപ്പെട്ടു. ദീര്‍ഘ ദൂര മിസൈലുകള്‍ യുക്രെയ്‌നിനു നല്‍കുന്നതു തുടര്‍ന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിക്കുമെന്ന് യുഎസിന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കി.
"
https://www.facebook.com/Malayalivartha






















