കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട, 25 ലക്ഷത്തിന്റെ സ്വർണം കടത്താൻ ശ്രമിച്ച യുവതി പിടിയിൽ, ഷാര്‍ജയില്‍ നിന്ന് കണ്ണൂർ എക്‌സ്പ്രസ് ഫ്‌ളൈറ്റിലെത്തിയ ധര്‍മ്മടം സ്വദേശിനിയിൽ നിന്ന് 470 ഗ്രാം സ്വര്‍ണം പിടികൂടി...

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വർണ്ണവേട്ട. 470 ഗ്രാം സ്വര്‍ണവുമായി ധര്‍മ്മടം സ്വദേശിനി ജമീലയെ എക്‌സൈസ് സംഘം പിടികൂടി. ഷാര്‍ജയില്‍ നിന്ന് കണ്ണൂരിലേക്കുള്ള എക്‌സ്പ്രസ് ഫ്‌ളൈറ്റ് യാത്രക്കാരിയായിരുന്നു.
ഏകദേശം 25 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്.24 കാരറ്റിന്റെ വളകള്‍, ചെയിനുകള്‍, പാദസ്വരം തുടങ്ങിയ സ്വര്‍ണാഭരണങ്ങളുടെ രൂപത്തിലാണ് ഇവർ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. അറസ്റ്റ് ചെയ്ത യുവതിയെ ജാമ്യത്തില്‍ വിട്ടു. കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് എക്‌സൈസ് അറിയിച്ചു.
എയര്‍ കസ്റ്റംസിലെ എയര്‍ ഇന്റലിജന്‍സ് യൂനിറ്റ് ഉദ്യോഗസ്ഥരും എക്‌സൈസ് സംഘവും സംയുക്തമായാണ് പരിശോധന നടത്തിയത്. പരിശോധനയ്ക്ക് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ സി വി ജയകാന്ത്, അസിസ്റ്റന്റ് കമ്മീഷണര്‍ ഇ വികാസ്, സൂപ്രണ്ടുമാരായ വി പി ബേബി, പി മുരളി, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിനാ നായര്‍, പങ്കജ്, സൂരജ് ഗുപ്ത, സുബൈര്‍ ഖാന്‍, ഹെഡ് ഹവില്‍ദാര്‍ ശശീന്ദ്രന്‍, വനിതാ സെര്‍ച്ചര്‍ ശിശിര എന്നിവരുടെ നേതൃത്വത്തിലാണ് ഓപ്പറേഷന്‍ നടന്നത്. അസിസ്റ്റന്റുമാരായ ഹരീഷ്, പവിത്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
കരിപ്പൂർ വിമാനത്താവളത്തിലും സ്വർണ്ണവേട്ട തുടരുകയാണ്.ജൂൺ രണ്ടിന് ബഹറൈനിൽ നിന്നും എത്തിയ യാത്രക്കാരനിൽ നിന്നും 48ലക്ഷം രൂപ വിലവരുന്ന 1024 ഗ്രാം സ്വർണ്ണം എയർ കസ്റ്റംസ് ഇൻ്റലിജൻസ് വിഭാഗം പിടികൂടിയിരുന്നു. എയർ ഇന്ത്യാ എക്സ്പ്രസിൻ്റെ ഐ എക്സ് 474 വിമാനത്തിലാണ് ബഹറൈനിൽ നിന്നും ഇയാൾ കരിപ്പൂരിലെത്തിയത്.
യാത്രക്കാരമായ കോഴിക്കോട് ഇരിങ്ങണ്ണൂർ മുണ്ടയോടൻപൊയിൽ ഇല്ല്യാസ് (38) നെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിച്ച് വെച്ചാണ് ഇയാൾ സ്വർണ്ണം കടത്തിയത്.നാല് ഗുളികകളാണ് ഇല്ല്യാസിൻ്റെ ശരീരത്തിൽ നിന്നും കസ്റ്റംസ് കണ്ടെടുത്തത്.
https://www.facebook.com/Malayalivartha






















