സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് ജൂവലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം തട്ടിയെടുത്തത് ജൂവലറി ഉടമയും കൂട്ടാളിയും... പോലീസ് അന്വേഷണത്തിനൊടുവില്‍ മണിക്കൂറുകള്‍ക്കകം പോലീസ് പിടിയിലായി

സ്വര്‍ണാഭരണ നിര്‍മാണശാലയില്‍നിന്ന് ജൂവലറികളിലേക്ക് വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന സ്വര്‍ണം തട്ടിയെടുത്ത് യുവാക്കള്‍... മണിക്കൂറുകള്‍ക്കകം പോലീസ് പിടിയില്‍.
വില്പനയ്ക്കായി കൊണ്ടുവന്ന 456 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത സംഭവത്തില്‍ ജൂവലറി ഉടമയും കൂട്ടാളിയും മണിക്കൂറുകള്‍ക്കകം പിടിയിലായി. മഞ്ചേരി കാരക്കുന്നിലെ ജൂവലറിയില്‍ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മല്‍പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പന്‍ ഫര്‍സാന്‍ (മുന്ന -26) സഹായി കുന്നുമ്മല്‍പൊട്ടി പറമ്പന്‍ മുഹമ്മദ് ഷിബിലി (ഷാലു -22) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.
മഞ്ചേരിയിലെ സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് ജൂവലറികളിലേക്ക് സ്‌കൂട്ടറില്‍ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കംവരുന്ന സ്വര്‍ണാഭരണങ്ങളാണ് ഇവര്‍ തട്ടിയെടുത്തത്. മഞ്ചേരിയില്‍ സ്വര്‍ണവ്യാപാരം നടത്തുന്ന പോത്തുകല്‍ സ്വദേശി വായാടന്‍ പ്രദീഷ് വിവിധ ജൂവലറികളിലേക്കായി വിതരണത്തിനു കൊണ്ടുവന്ന സ്വര്‍ണാഭരണമായിരുന്നു ഇത്.
മഞ്ചേരി കാരക്കുന്നിലെ സ്വര്‍ണക്കടയിലെ പങ്കാളിയായ ഫര്‍സാന് സ്വര്‍ണ മൊത്തവ്യാപാരിയായ പ്രദീഷുമായി സ്വര്‍ണമിടപാടില്‍ മുന്‍പരിചയമുണ്ടായിരുന്നു. ഫര്‍സാന്റെ കടയിലും സ്വര്‍ണമെത്തിച്ചിരുന്നത് പ്രദീഷായിരുന്നു.
പ്രദീഷ് സ്വര്‍ണം വിതരണം ചെയ്യുന്ന രീതി മനസ്സിലാക്കിയ ഫര്‍സാന്‍ സ്വര്‍ണം തട്ടിയെടുക്കാനായി പദ്ധതി തയ്യാറാക്കി. രണ്ടുദിവസം മുന്‍പ് പ്രദീഷിന്റെ കടയിലെത്തി താത്കാലികാവശ്യത്തിനെന്ന് പറഞ്ഞ് സ്‌കൂട്ടര്‍ വാങ്ങുകയും ഇതിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉണ്ടാക്കിയതിനു ശേഷമാണ് സ്‌കൂട്ടര്‍ മടക്കിക്കൊടുത്തതും.
സുഹൃത്തായ മുഹമ്മദ് ഷിബിലിയെ കണ്ട് അടവു തെറ്റിയ വാഹനം പിടിച്ചു കൊടുത്താല്‍ പണം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കൂടെക്കൂട്ടുകയും ഫര്‍സാന്‍ ജൂണ്‍ ഏഴിന് രാവിലെ മഞ്ചേരിയിലെത്തി സ്‌കൂട്ടറില്‍ സ്വര്‍ണവിതരണത്തിന് പോവുകയായിരുന്ന പ്രദീഷിനെ ഷിബിലിക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
പ്രദീഷ് അറിയാതെ ഇരുവരും ഫര്‍സാന്റെ ബുള്ളറ്റ് ബൈക്കില്‍ പിന്തുടര്‍ന്ന് ഉച്ചയോടെ പൂക്കോട്ടുംപാടത്തെ ജൂവലറിയില്‍ സ്വര്‍ണമിടപാട് നടത്തുകയായിരുന്ന പ്രദീഷിനെ ഫര്‍സാന്‍ ഫോണില്‍ വിളിച്ച് താന്‍ സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചു വരുന്നുണ്ടെന്നും പൂക്കോട്ടുംപാടത്ത് വെച്ച് കാണണമെന്നും പറഞ്ഞു. കുറച്ചു സമയത്തിനു ശേഷം ഫര്‍സാന്‍ ഫോണില്‍ വിളിച്ച് ജ്യൂസ് കുടിക്കാനായി ക്ഷണിച്ചു.
ജ്യൂസ് കുടിക്കുന്ന സമയത്ത് ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് സ്വര്‍ണമടങ്ങിയ സ്‌കൂട്ടറുമായി കടന്നുകളഞ്ഞു.
പുറത്തിറങ്ങിയ പ്രദീഷ് സ്‌കൂട്ടര്‍ കാണാതെ അന്തംവിട്ടു നിന്നപ്പോള്‍ പരിസരങ്ങളില്‍ അന്വേഷിക്കാമെന്നു പറഞ്ഞ് ഫര്‍സാന്‍ പോലീസ് സ്റ്റേഷനില്‍ പോകാതെ പ്രദീഷിനെ പിന്തിരിപ്പിച്ചു. സ്വര്‍ണവ്യാപാരത്തില്‍ പങ്കാളിയായ ബന്ധുവിനെ പ്രദീഷ് വിവരം അറിയിച്ചു. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം ഫര്‍സാനെയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി.
സി.സി.ടി.വി. ദൃശ്യങ്ങള്‍സഹിതം നടത്തിയ ചോദ്യംചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. ഷിബിലിനെ ഫോണ്‍ചെയ്ത് പൂക്കോട്ടുംപാടത്ത് എത്തിച്ച് പോലീസ് കസ്റ്റഡിയില്‍ എടുത്തു. മോഷ്ടിച്ച സ്‌കൂട്ടര്‍ സ്വര്‍ണാഭരണങ്ങള്‍ സഹിതം ഫര്‍സാന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
"
https://www.facebook.com/Malayalivartha