വഴിയോരങ്ങളില്‍ മാലിന്യം നിറഞ്ഞു... ജനം പൊറുതിമുട്ടി.... മഴക്കാല പൂര്‍വ ശുചീകരണം പാളി, പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം

വഴിയോരങ്ങളില്‍ മാലിന്യം നിറഞ്ഞു... ജനം പൊറുതിമുട്ടി.... മഴക്കാല പൂര്‍വ ശുചീകരണം പാളി, പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാതെ പേരിനു മാത്രമായി ശുചീകരണം.
മണ്ണും മാലിന്യങ്ങളും അടിഞ്ഞു ജലാശയങ്ങള്‍ നികന്നു. മഴ പെയ്താല്‍ തോടുകള്‍ കരകവിഞ്ഞു വെള്ളം പരിസരത്തെ വീടുകളിലേക്ക് കയറും. ഈയിടെ പെയ്ത ചെറിയ മഴകളിലും ഒട്ടേറെ വീടുകളില്‍ വെള്ളം കയറി. കഴിഞ്ഞ 20 മുതല്‍ 30വരെ കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ ക്യാംപെയ്ന്‍ നടത്താനായിരുന്നു മന്ത്രി കെ.എന്‍.ബാലഗോപാലിന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ 12ന് നടന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗ തീരുമാനം.
വന്‍ പങ്കാളിത്തമായിരുന്നു യോഗത്തിലുണ്ടായത്. കൊട്ടാരക്കര നഗരസഭയിലെയും ഏഴു പഞ്ചായത്തുകളിലെയും പ്രതിനിധികളും ജില്ലാ അധികൃതരും യോഗത്തില്‍ സംബന്ധിച്ചു.എന്നാല്‍ തുടര്‍ നടപടികള്‍ പരാജയമായിരുന്നു. കൃത്യമായ ഏകോപനം ഉണ്ടായില്ല. തൊഴിലുറപ്പ്, കുടുംബശ്രീ, ശുചിത്വമിഷന്‍ വിഭാഗങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ മുതല്‍ സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഭാഗമാകുമെന്നായിരുന്നു അറിയിപ്പ്.
പുലമണ്‍തോട് ശുചീകരണത്തിനു പദ്ധതികള്‍ പലത്. ഒന്നും നടപ്പായില്ല.
തോട് ആഴം കൂട്ടി നവീകരിക്കാനുള്ള കോടികളുടെ പദ്ധതികള്‍ ഉറക്കത്തിലാണ്. മീന്‍പിടിപാറ മുതല്‍ കുളക്കടവരെ എംസി റോഡിനു സമാന്തരമായി ഒഴുകുകയാണ് പുലമണ്‍തോട്. 19 കിമീ ആണ് ദൂരം. കയ്യേറ്റങ്ങള്‍ കാരണം പലയിടത്തും വീതി കുറഞ്ഞുപോയി. കയ്യേറ്റങ്ങള്‍ ഒഴിപ്പിച്ച് തോട് ആഴം കൂട്ടുന്നതിനായി ഒട്ടേറെ പദ്ധതികള്‍ ആവിഷ്‌കരിച്ചു.
എന്നാല്‍ അതൊന്നും നടപ്പായില്ല. 2.75 കോടി രൂപ ചെലവിട്ട് തോട് നവീകരിക്കാനുള്ള കരാര്‍ നല്‍കിയിട്ട് ആറു വര്‍ഷമായി. കരാറുകാരന്‍ ജോലി ഉപേക്ഷിച്ചു പോയി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പകരം കരാറായില്ല. ഹരിത കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികളുടെ വികസനം എത്തിക്കുമെന്നായിരുന്നു രണ്ടാമത്തെ വാഗ്ദാനം.
ചില യോഗങ്ങള്‍ നടത്തിയതല്ലാതെ പുരോഗതിയില്ല .തോട് ഇന്നു സര്‍വനാശത്തിലാണ്. മാലിന്യങ്ങള്‍ തള്ളാനുള്ള ഇടമായി മാറി. ഹോട്ടലുകളില്‍ നിന്നുള്ള ശുചിമുറി മാലിന്യങ്ങള്‍ അടക്കം പൈപ്പ് സ്ഥാപിച്ച് തോട്ടിലേക്കു തള്ളുന്നു. തോടിന്റെ രണ്ടര ഏക്കറോളം തീര ഭാഗം കയ്യേറിയെന്നാണ് രേഖകള്‍. കയ്യേറ്റങ്ങളെ സഹായിക്കാന്‍ കൊട്ടാരക്കര നഗരസഭാ ഭരണസമിതിയിലെ ഒരു വിഭാഗം ഒപ്പമുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. തോട് സംരക്ഷണം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ ഓംബുഡ്‌സ്മാനെ സമീപിച്ച് അനുകൂല വിധി നേടി. പക്ഷേ ഒരിഞ്ച് വികസനം പോലും നഗരസഭ നടപ്പാക്കിയിട്ടില്ല.
"
https://www.facebook.com/Malayalivartha