മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറി; പത്താം സാക്ഷി ഉണ്ണികൃഷ്ണൻ പൊലീസിന് കൊടുത്ത മൊഴി കോടതിയിൽ മാറ്റിപ്പറഞ്ഞു, കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം! പതിമൂന്നാം സാക്ഷിയായ സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്‍റെ സഹോദരി സരസു

കേരളം മനഃസാക്ഷിയെ നടുക്കിയ കേസായ അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു വധക്കേസിലെ പത്താം സാക്ഷി കൂറുമാറിയതായി റിപ്പോർട്ട്. പത്താം സാക്ഷി ഉണ്ണികൃഷ്ണനാണ് കൂറുമാറിയിരിക്കുന്നത്. പൊലീസിന് കൊടുത്ത മൊഴി ഇയാൾ കോടതിയിൽ മാറ്റിപ്പറയുകയാണ് ചെയ്തത്. എന്നാൽ മൊഴി മാറ്റി പറയാൻ പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് ഉണ്ണികൃഷ്ണൻ കോടതിയിൽ വിശദീകരണം നൽകി. കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ പ്രതികള്‍ ശ്രമം നടത്തുന്നുണ്ടെന്ന് ആരോപിച്ച് കൊല്ലപ്പെട്ട മധുവിന്‍റെ കുടുംബം ഇന്നലെ വീണ്ടും രംഗത്ത് എത്തുകയുണ്ടായി. പതിമൂന്നാം സാക്ഷിയായ സുരേഷിനെ പ്രതികൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയെന്ന് മധുവിന്‍റെ സഹോദരി സരസു ആരോപിക്കുകയും ചെയ്തിരുന്നു.
അതോടൊപ്പം തന്നെ കേസിൽ നിന്ന് പിന്മാറാൻ പണം വാഗ്ദാനം ചെയ്തതായും കുടുംബം ആരോപിക്കുകയുണ്ടായി. സംഭവത്തിൽ അന്വേഷണം വേണമെന്നും കേസിൽ നീതി കിട്ടുന്നത് വരെ പോരാടുമെന്നും മധുവിന്‍റെ കുടുംബം പറയുകയുണ്ടായി. ഭക്ഷണം മോഷ്ടിച്ചുവെന്ന പേരിൽ 2018 ഫെബുവരി 22നാണ് ആൾകൂട്ടത്തിന്റെ ക്രൂര മര്‍ദനമേറ്റ് മധു മരിക്കുന്നത്. കടയില്‍ നിന്ന് ഭക്ഷണമെടുത്തെന്ന് ആരോപിച്ച് വ്യാപാരികളും അവരുടെ സുഹൃത്തുക്കളും ഡ്രൈവര്‍മാരുമായ മറ്റു പ്രതികളും ചേര്‍ന്നാണ് വിചാരണ നടത്തുകയും മധുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
കൂടാതെ ഒന്നാം പ്രതി ഹുസൈന്‍, മൂന്നാം പ്രതി ഷംസുദ്ദീന്‍, പതിനാറാം പ്രതി മുനീര്‍ എന്നിവരാണ് മധുവിനെ മര്‍ദ്ദിച്ചതെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. കൊലപാതകം, പട്ടിക ജാതി പട്ടിക വര്‍ഗ്ഗ പീഡനം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. വടികൊണ്ടുള്ള ഷംഷുദ്ദീന്റെ അടിയിലാണ് മധുവിന്റെ ഇടതു ഭാഗത്തെ വാരിയെല്ല് പൊട്ടിയത്. ഒന്നാം പ്രതി ഹുസൈന്‍ മധുവിന്റെ നെഞ്ചില്‍ ആഞ്ഞു ചവിട്ടിയതായും കുറ്റപത്രത്തില്‍ പറയുകയാണ്. ചവിട്ടേറ്റ് വീണ മധുവിന്റെ തല ക്ഷേത്ര ഭണ്ഡാരത്തിലും ഇടിക്കുകയുണ്ടായി. ഈ കേസില്‍ രണ്ടാമത്തെ പബ്ലിക്ക് പ്രോസിക്യൂട്ടറും സ്ഥാനമൊഴിഞ്ഞത് വന്‍ വിവാദത്തിനും ഇടയാക്കിയിരുന്നു.
https://www.facebook.com/Malayalivartha