യാത്രാ ദുരിതത്തില്‍ നാട്.... പാലം അപകടാവസ്ഥയിലായിട്ട് നാളേറെയായി... മാന്നാനം കുട്ടോമ്പുറം പാലം അടച്ചു

യാത്രാ ദുരിതത്തില്‍ നാട്.... പാലം അപകടാവസ്ഥയിലായിട്ട് നാളേറെയായി... മാന്നാനം കുട്ടോമ്പുറം പാലം അടച്ചു. വാഹന ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഒരു നാടിന്റെ യാത്രാ ക്ലേശം രൂക്ഷമാക്കി മാന്നാനം കുട്ടോമ്പുറം പാലം വഴിയുള്ള ഗതാഗതമാണ് നിരോധിച്ചത്.
ഇതുവഴിയുള്ള റോഡിന്റെയും പാലത്തിന്റെയും പുനരുദ്ധാരണ ജോലികള്‍ ഓരേപോലെ തുടങ്ങിയതാണ്. സാങ്കേതിക പ്രശ്‌നത്തിന്റെ പേരില്‍ പാലം പണികള്‍ നിര്‍ത്തിവച്ചു. എങ്കിലും ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി അനുവദിച്ചിരുന്നു. പാലം പൊളിക്കുന്നതിനാല്‍ സമീപത്തായി തടികൊണ്ട് ഒറ്റയടി പാലവും താല്‍ക്കാലികമായി നിര്‍മിച്ചിരുന്നു. ഇതേസമയം റോഡിന്റെ പണി ഭാഗികമായി നടക്കുകയും ചെയ്യുന്നു.
സ്‌കൂളുകള്‍ തുറന്നതോടെ കുട്ടികളെയും കൊണ്ടുള്ള വാഹനങ്ങള്‍ ഒട്ടേറെ പാലം വഴി കടന്നു പോകാന്‍ തുടങ്ങി. അപകടത്തിലായ പാലം വഴി സ്‌കൂള്‍ ബസ്സുകള്‍ പോകുന്നതില്‍ രക്ഷിതാക്കള്‍ക്ക് ആശങ്കയേറെയാണ് . ഇതേ തുടര്‍ന്നു പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിങ് എന്‍ജിനീയര്‍ പാലം പരിശോധിച്ചു. ബലക്ഷയം കണ്ടെത്തിയതോടെ ഗതാഗതം നിരോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
റോഡിന്റെ പണികള്‍ തീര്‍ന്നാലും പാലം പണി ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. പെണ്ണാര്‍ തോടിനു കുറുകെയാണ് കുട്ടോമ്പുറം പാലം. ദേശീയ ജലപാതയുടെ പട്ടികയില്‍ ഉള്ളതാണ് ഈ തോട്. അതിനാല്‍ ദേശീയ ജലപാതയുടെ മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പാലങ്ങള്‍ പണിയാന്‍ കഴിയുകയുള്ളൂ.
ഇത് കണക്കാക്കാതെയാണ് പാലത്തിന്റെ പുനരുദ്ധാരണം നിശ്ചയിച്ചത്. അതുമൂലം ദേശീയ ജലപാത അതോറിറ്റിയുടെ നോട്ടിസ് പ്രകാരം പാലം പണി ഇടയ്ക്ക് വച്ച് നിര്‍ത്തിവയ്‌ക്കേണ്ടി വന്നു. ഇനി പുതിയ അളവില്‍ പ്ലാനും അതിനനുസരിച്ചുള്ള എസ്റ്റിമേറ്റും വേണം. എന്നാല്‍ മാത്രമേ പണി ആരംഭിക്കാന്‍ കഴിയുകയുള്ളൂ. ഇതിന്റെ കടലാസ് ജോലികള്‍ പോലും പൂര്‍ത്തിയായിട്ടില്ല. അതുവരെ റോഡ് പണി വൈകിക്കാന്‍ കഴിയാത്തതിനാലാണ് അതിന്റെ പണികള്‍ ഭാഗികമായി നടത്തുന്നത്. മാന്നാനം കൈപ്പുഴ റോഡിലാണ് കുട്ടോമ്പുറം പാലം.
"
https://www.facebook.com/Malayalivartha
























