ഗർഭിണിയുടെ മരണത്തിൽ കാര്യക്ഷമമായ അന്വേഷണം വേണം, യുവതിയുടെ അമ്മ നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കിയ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍...!

പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ വിശദമാക്കിയ റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മിഷന്‍. യുവതിയുടെ അമ്മ തമ്പാനൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദമാക്കി ജൂലായ് 25 നകം റിപ്പോര്‍ട്ട് നല്‍കണമെന്നാണ് കമ്മീഷന്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ നിര്‍ദ്ദേശം.
കല്ലിയൂര്‍ തെറ്റിവിള സ്വദേശിനി ബീന നല്‍കിയ പരാതിയിലാണ് നടപടി. കേസില്‍ വിശദവും കാര്യക്ഷമവുമായ അന്വേഷണം വേണം. യുവതിയുടെ മരണത്തിനുള്ള കാരണങ്ങളും നല്‍കിയ ചികിത്സയും സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫീസറും സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ ആവശ്യപ്പെട്ടു.
പരാതിക്കാരിയുടെ മകള്‍ രേവതി (29) കഴിഞ്ഞ ആഗസ്റ്റ് 10 നാണ് എസ്.എ.ടി ആശുപത്രിയില്‍ മരിച്ചത്. 10 ന് രാവിലെയാണ് തൈക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രേവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രി അധികൃതര്‍ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്.
തൈക്കാട് ആശുപത്രിയില്‍ രേവതിയെ ചികിത്സിച്ച ഡോക്ടര്‍ ഒന്നാം പ്രതിയായും ഡ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ രണ്ടാം പ്രതിയായും തമ്പാനൂര്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍ അതിനു ശേഷം യാതൊരുവിധ തുടർനടപടിയും ഉണ്ടായില്ല. രേവതിയുടെ മരണ സര്‍ട്ടിഫിക്കറ്റ് നഗരസഭ നല്‍കിയിട്ടില്ല. ആശുപത്രി മരണ വിവരം അറിയിച്ചിട്ടില്ലെന്നാണ് നഗരസഭയുടെ വിശദീകരണമെന്ന് പരാതിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha
























