'പൂർണമായും യോജിച്ച പങ്കാളിയെ മഷിയിട്ട് നോക്കി കണ്ടെത്താൻ കഴിയില്ലല്ലോ. ചിലർക്കത് ഭാഗ്യം കൊണ്ട് ആദ്യ ബന്ധത്തിൽ തന്നെ ലഭിക്കുന്നു. ചിലർ കയ്ച്ചിട്ടും തുപ്പാതെ ജീവിക്കുന്നു. വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. ഇമ്മാതിരി മനുഷ്യരെ പേടിച്ചിട്ട്. മലയാളിയോളം കാപട്യം നിറഞ്ഞൊരു സമൂഹം വേറെയുണ്ടാവില്ല...' വൈറലായി കുറിപ്പ്

ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടുകൊണ്ട് നയൻ–വിക്കി വിവാഹം കഴിഞ്ഞിരിക്കുകയാണ്. നിരവധിപേരാണ് ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് എത്തിയത്. നീണ്ടനാളത്തെ പ്രണയത്തിനു ശേഷം ഒരുമിച്ച പ്രിയജോഡിയെ ഹൃദയം നിറഞ്ഞാണ് പ്രിയപ്പെട്ടവർ അനുഗ്രഹിക്കുന്നത്. എന്നാല്‍ ആശംസകൾക്കിടയിലും അവരുടെ വിവാഹ ബന്ധത്തിന് ഗ്യാരണ്ടി നനൽകിക്കൊണ്ട് ഒരുങ്ങിയിറങ്ങിയ സദാചാരക്കാരെ ഏറെ ദയനീയമായല്ലാതെ കാണുവാൻ കഴിയില്ല. നയൻതാരയുടെ പൂർവകാല പ്രണയത്തെ പോലും ഈ നല്ല നിമിഷത്തിൽ വലിച്ചഴയ്ക്കുന്ന വസന്തങ്ങൾ. അത്തരക്കാർക്ക് സോഷ്യൽ മീഡിയ കുറിപ്പിലൂടെ മറുപടി നൽകുകയാണ് ജസ്ന പ്രവീൺ.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
'നയൻതാര വിവാഹിതയായി' എന്ന വാർത്തക്കു താഴെ അവരുടെ പൂർവ പ്രണയ ബന്ധങ്ങളെയും പങ്കാളികളെയും വലിച്ചിട്ടു മെഴുകുന്ന മനുഷ്യർ പറഞ്ഞു വെയ്ക്കുന്നൊരു കാര്യമുണ്ട്. ഒരാൾക്ക് ജീവിതത്തിൽ ഉടനീളം ഒരേയൊരു പങ്കാളി മാത്രമേ ഉണ്ടാകാൻ പാടുള്ളു. റിലേഷൻഷിപ്പിൽ ആയിക്കഴിഞ്ഞാൽ പിന്നെ മരണത്തോളം അതിൽ കടിച്ചു തൂങ്ങണം. അതാണ് ഭാരതീയ സദാചാര സങ്കല്പം.
ഒന്നോ രണ്ടോ മൂന്നോ അതിലധികമോ ബന്ധങ്ങൾ തകർന്നാൽ, അതിനി പരസ്പര സമ്മതത്തോടെ വേർപിരിഞ്ഞതാണെങ്കിൽ പോലും ഭീകര ധാർമിക പ്രശ്നമാണ്. അത്തരം സ്ത്രീകൾ (പുരുഷന്മാരും) പിന്നീട് ജീവിതത്തിൽ കണ്ടെത്തുന്ന, അവരുടെ ഭാഷയിൽ 'true love' എന്ന് വിളിക്കുന്ന ബന്ധങ്ങൾ വെറും പൊള്ളയാണ്. അങ്ങനെ ചേരുന്ന പങ്കാളിയെ കണ്ടെത്താനൊന്നും സാധിക്കില്ല എന്ന് ഈ മണ്ടന്മാർ വിശ്വസിക്കുന്നു. പിന്നെങ്ങനെയാണ് നല്ല ബന്ധങ്ങൾ ഉണ്ടാകുന്നതെന്നു വെച്ചാൽ, മാട്രിമോണിയൽ സൈറ്റ് വഴിയോ അല്ലാതെയോ വരുന്ന ആദ്യ ബന്ധം മാത്രമാണ് സകലതും തികഞ്ഞ സമ്പൂർണ ബന്ധം. അതിലങ്ങനെ കടിച്ചു തൂങ്ങണം. അതാണിത്തരക്കാരുടെ വിശ്വാസവും വാദവും. പക്ഷെ ഇതേ നന്മ മരങ്ങൾ വിസ്മയയെ ഓർത്തു കരയും. വീട്ടിലേക്ക് കൂട്ടാത്ത അച്ഛനെ ചീത്ത വിളിക്കും. സഹിക്കാൻ പറ്റുന്നില്ലെന്നു അലമുറയിടും. എന്തൊരു കാപട്യമാണ്!
പൂർണമായും യോജിച്ച പങ്കാളിയെ മഷിയിട്ട് നോക്കി കണ്ടെത്താൻ കഴിയില്ലല്ലോ. ചിലർക്കത് ഭാഗ്യം കൊണ്ട് ആദ്യ ബന്ധത്തിൽ തന്നെ ലഭിക്കുന്നു. ചിലർ കയ്ച്ചിട്ടും തുപ്പാതെ ജീവിക്കുന്നു. വേറെ നിവൃത്തി ഇല്ലാഞ്ഞിട്ടാണ്. ഇമ്മാതിരി മനുഷ്യരെ പേടിച്ചിട്ട്. മലയാളിയോളം കാപട്യം നിറഞ്ഞൊരു സമൂഹം വേറെയുണ്ടാവില്ല. ബലാത്സംഗം ചെയ്യുന്നവനും പിടിച്ച് പറിക്കുന്നവനും കൊലപാതകം ചെയ്യുന്നവനും ഇല്ലാത്ത തെറിയഭിഷേകം ആണ് ആദ്യ ബന്ധത്തിൽ തുടരാത്ത സ്ത്രീകൾക്ക് നേരിടേണ്ടി വരുന്നത്. അവരുടെ ചാരിത്ര്യത്തിന് വിലയിടുന്നത് കേശവൻ മാമൻ syndrome ബാധിച്ച ഇത്തരം ചില സ്ത്രീപുരുഷന്മാരാണ്.
നയൻതാര എന്ന ലേഡി സൂപ്പർസ്റ്റാർ ഏതു നിലയിൽ ജീവിക്കുന്നു. അവരുടെ ലോകം എന്താണ്. അവരുടെ കാഴ്ചപ്പാടുകൾ എന്താണ്... ഫെയ്സ്ബുക്കിൽ സ്വന്തമായും fake ആയും ID ഉള്ളതിന്റെ പേരിൽ ചീഞ്ഞ വർത്തമാനം പറയുന്ന ഇവർ ഇത് വല്ലതും അറിയുന്നുണ്ടോ? നയൻതാരയെ വരെ സദാചാരം പഠിപ്പിക്കും ഞങ്ങൾ.. പിന്നെയല്ലേ, നാട്ടിലെ പെണ്ണുങ്ങളെ.. (അതിരിക്കട്ടെ, എട്ടും പത്തും പ്രേമിച്ചു പൊട്ടി പൊളിഞ്ഞിരിക്കുന്ന ടീംസാണ് സെലിബ്രിറ്റികളുടെ കല്യാണം നിശ്ചയിക്കാൻ മുണ്ടും മടക്കി കുത്തി, മുറുക്കി തുപ്പി മുൻപേ ഇറങ്ങുന്നത്!!) ബൈ ദ വേ, ഈ നയൻതാര എന്തൊരു സുന്ദരിയാണ് വിവാഹ വേഷത്തിൽ.
https://www.facebook.com/Malayalivartha
























