മണിക്കൂറുകൾ പരിഭ്രാന്തി സൃഷ്ടിച്ച് 14 അംഗ സംഘം; ട്രോളിങ് നിരോധനം ലംഘിച്ചുള്ള മത്സ്യബന്ധനം തടഞ്ഞ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പട്രോൾ സംഘത്തെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോയി, പിടിയിലായത് രണ്ടര മണിക്കൂറോളം കടലിൽ ബോട്ടുകളുടെ ചേസിങ് നടത്തിയ പെരുമാതുറ സ്വദേശികൾ... അരങ്ങേറിയത് സിനിമയെ വെല്ലും രംഗങ്ങൾ

കഴിഞ്ഞ ദിവസം സിനിമയെ വെല്ലും രംഗങ്ങളാണ് വിഴിഞ്ഞം പോലീസിനെ ഞെട്ടിച്ചുകൊണ്ട് നടന്നത്. ട്രോളിങ് നിരോധനം ലംഘിച്ചുള്ള മത്സ്യബന്ധനം തടഞ്ഞ വിഴിഞ്ഞം കോസ്റ്റൽ പൊലീസ് പട്രോൾ സംഘത്തെ ബന്ദിയാക്കി തട്ടിക്കൊണ്ടുപോവുകയാണ് ചെയ്തത്. ഇത്തരത്തിൽ 14 അംഗ സംഘം മണിക്കൂറുകൾ പരിഭ്രാന്തി സൃഷ്ടിക്കുകയുണ്ടായി. ബോട്ടുൾപ്പെടെ കൂടുതൽ സന്നാഹങ്ങളുമായി പൊലീസ് മണിക്കൂറുകൾ പിന്തുടർന്ന് അഞ്ചുതെങ്ങിനു സമീപം സംഘത്തെ പിടികൂടുകയും ചെയ്തിരുന്നു. 14 അംഗ സംഘത്തിലെ 4 പേർ രക്ഷപ്പെട്ടെങ്കിലും രണ്ടു പേരെക്കൂടി സന്ധ്യയോടെ പിടികൂടിയിരുന്നു.
അങ്ങനെ രണ്ടര മണിക്കൂറോളം കടലിൽ ബോട്ടുകളുടെ ചേസിങ് നടത്തിയ പെരുമാതുറ സ്വദേശികളായ റാസി(39), ഫൈസൽ(33), ഇക്ബാൽ(58), അൻവർ(36), ബഷീർ(52), ഫ്രാൻസിസ്(60), അൻസാരി(47), അബു താഹിൽ(33), നജീബ്(55), വാഹിദ്(40), റാസി(42), റസാഖ് (48) എന്നിവരാണ് പിടിയിലായിരിക്കുന്നത്.
കഴിഞ്ഞനാജ് ദിവസം ഉച്ചക്ക് ഒന്നരയോടെ ആണ് സംഭവങ്ങൾക്ക് തുടക്കം കുറിച്ചത്. നിരോധനമുള്ള റിങ് വലയുപയോഗിച്ച് മീൻപിടിത്തം നടത്തിയതിന് അഞ്ചു തെങ്ങ് സ്വദേശി ബിനുവിന്റെ ഉടമസ്ഥതയിലുള്ള വളളം പിടിച്ചെടുക്കാൻ കോസ്റ്റൽ പൊലീസ് ഗ്രേഡ് എഎസ്ഐ അജിത്, സിപിഒ വിനോദ്, കോസ്റ്റൽ വാർഡൻ സൂസ മരിയോൺ എന്നിവർ പള്ളിത്തുറ തുമ്പ ഭാഗത്തെ കടലിൽ പട്രോൾ ബോട്ടിലെത്തി മീൻ പിടിത്ത വള്ളത്തിൽ കയറുകയായിരുന്നു.
മീൻകുഞ്ഞുങ്ങളുൾപ്പെടെ മത്സ്യ ശേഖരം വള്ളത്തിൽ ഉണ്ടായിരുന്നതായാണ് അറിയാൻ കഴിഞ്ഞത്. പിന്നാലെ വള്ളം വിഴിഞ്ഞത്തേക്ക് പോകാൻ നിർദേശിച്ചുവെങ്കിലും അത് അവഗണിച്ച് സംഘം പൊലീസ് സംഘത്തെ ബന്ദിയാക്കി അഞ്ചു തെങ്ങു ഭാഗത്തേക്ക് വള്ളം ഓടിക്കുകയാണ് ചെയ്തത്.
അതേസമയം വധ ഭീഷണി മുഴക്കിയെന്നും പൊലീസ് വ്യക്തമാക്കുകയുണ്ടായി. വള്ളത്തിൽ വാക്കേറ്റവും നടന്നതായി പറയുന്നു. ഇതോടെ കരയിൽ വിവരം കൈമാറുകയുണ്ടായി. ഇതേതുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ്, മറൈൻ എൻഫോഴ്സ്മെന്റ് സംഘങ്ങൾ ചേർന്ന് മുതലപ്പൊഴിക്കു സമീപം വളഞ്ഞിട്ടു പിടികൂടിയിരുന്നു. ഇതിനിടെ ആണ് 4 പേർ കരയിൽ കയറി ഓടി രക്ഷപ്പെട്ടതെന്ന് പൊലീസ് ചൂണ്ടിക്കാണിച്ചു. ഇതിൽ 2 പേർ പിന്നീട് പിടിയിലായിരുന്നു.
ഇതിനുപിന്നാലെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, തട്ടിക്കൊണ്ടു പോകൽ, വധഭീഷണി എന്നിവയുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുക്കുമെന്ന് വിഴിഞ്ഞം കോസ്റ്റൽ പൊലീസ് എസ്എച്ച്ഒ: എച്ച്. അനിൽകുമാർ അറിയിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha






















