കെ റെയിലിന് ആണിയടിച്ച് കേന്ദ്രം... സകലതും തൂക്കിയെറിഞ്ഞു... ബദലായി റെയിൽ വേ ബുള്ളറ്റ്... കേന്ദ്രത്തെ വെല്ലുവിളിച്ച് പിണറായിയും

രണ്ടാം പിണറായി സർക്കാരിന്റെ അഭിമാന പദ്ധതിയായാണ് സിൽവർ ലൈൻ പദ്ധതിയെ എൽഡിഎഫ് മുന്നോട്ട് വെച്ചിരുന്നത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽപ്പോലും മുന്നിൽവെച്ച വികസന കാർഡിൽ ആദ്യത്തേത് സിൽവർ ലൈനായിരുന്നു. മുഖ്യമന്ത്രിയുടെ തന്നെ അഭിമാന പദ്ധതിയായ സിൽവർ ലൈനിൽ കേന്ദ്രാനുമതിയെക്കുറിച്ചുള്ള ചോദ്യങ്ങൾ പോലും പ്രസക്തമല്ലെന്ന തരത്തിലായിരുന്നു നിലപാടുകളും സമീപനവും. സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിലും പ്രാരംഭ നടപടികളുമായി മുന്നോട്ടു പോകാൻ കേന്ദ്ര നിർദേശമുണ്ടെന്നത് ചൂണ്ടിക്കാട്ടിയിരുന്നു.
പക്ഷേ അതിന് വിലങ്ങിട്ട് കേന്ദ്രം മുന്നിൽ നെഞ്ച് വിരിച്ച് നിൽക്കുമ്പോൾ അതിജീവിക്കുക വലിയ ബുദ്ധിമുട്ട് തന്നെയാണ്. കേന്ദ്ര അനുമതിയില്ലെങ്കിൽ മുന്നോട്ട് പോകില്ല എന്നത് ഏവർക്കും അറിയാവുന്നതാണ്. എന്തായാലും ആ തിരിച്ചറിവ് ഉണ്ടായ ശേഷം മുഖ്യമന്ത്രി തന്നെ ഇക്കാര്യം തുറന്ന് പറഞ്ഞിട്ടുണ്ട്.
സിൽവർലൈൻ പദ്ധതിക്കു ബദലായി തിരുവനന്തപുരം– കാസർകോട് റെയിൽ പാതയിൽ വേഗം കൂട്ടാൻ റെയിൽവേ ബോർഡ് പദ്ധതി തയാറാക്കുന്നു. എന്നാൽ, ദേശീയ പദ്ധതിയുടെ ഭാഗമാണ് ഇതെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്. 5000 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട പ്രാരംഭ യോഗം ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്തു നടന്നു.
തുടർചർച്ചകൾക്കായി ബോർഡ് എൻജിനീയിറിങ് വിഭാഗം ഉന്നത ഉദ്യോഗസ്ഥർ വൈകാതെ കേരളത്തിലെത്തും. കേരളത്തിലെ പാതകളിൽ സാധ്യമായ സ്ഥലങ്ങളിൽ 90, 100, 110, 130 കിലോമീറ്റർ വേഗത്തിൽ ട്രെയിൻ ഓടിക്കാനുള്ള പദ്ധതിയാണ് തയാറാക്കുന്നത്. ചെറിയ വളവുകൾ നിവർത്തിയും സാങ്കേതിക മാറ്റങ്ങൾ വരുത്തിയും വേഗം കൂട്ടാൻ കഴിയുന്ന ഇടങ്ങൾ ഉടൻ പൂർത്തിയാക്കും.
ഷൊർണൂർ–കാസർകോട് പാതയിലും ആലപ്പുഴ വഴിയുള്ള കായംകുളം–എറണാകുളം പാതയിൽ കായംകുളം മുതൽ തുറവൂർ വരെയും ചില സ്ഥലങ്ങളിലൊഴികെ 130 കിലോമീറ്ററായി വേഗം കൂട്ടാൻ കഴിയുമെന്നാണു പ്രാഥമിക വിലയിരുത്തൽ. തിരുവനന്തപുരം– കായംകുളം സെക്‌ഷനിൽ തിരുവനന്തപുരം–മുരുക്കുംപുഴ, പറവൂർ–കൊല്ലം, കരുനാഗപ്പള്ളി–കായംകുളം സെക്‌ഷനുകളും 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന തരത്തിൽ മാറ്റം വരുത്താൻ കഴിയുമെന്നാണു പ്രതീക്ഷിക്കുന്നത്.
കോട്ടയം വഴിയുള്ള കായംകുളം–എറണാകുളം പാതയിൽ സാധ്യമാകുന്ന സ്ഥലങ്ങളിൽ വേഗം 100 കിലോമീറ്ററാക്കും. വേഗം കൂട്ടാൻ ബുദ്ധിമുട്ടുള്ള എറണാകുളം–ഷൊർണൂർ പാതയിൽ ഇപ്പോഴുള്ള 80 ൽ നിന്നു വേഗം 90 കിലോമീറ്ററാക്കുന്നതു പരിഗണിക്കും. എറണാകുളം– ഷൊർണൂർ മൂന്നാം പാതയുടെ സർവേ പൂർത്തിയാകുന്ന മുറയ്ക്ക് അതു സംബന്ധിച്ചും അന്തിമ തീരുമാനമെടുക്കും. 130 കിലോമീറ്റർ വേഗം സാധ്യമാകുന്ന വളവു കുറഞ്ഞ പുതിയ അലൈൻമെന്റാണു മൂന്നാം പാതയ്ക്കായി കണ്ടെത്തിയിരിക്കുന്നത്. എന്തായാലും 64,000 കോടിയുടെ പദ്ധിതിക്ക് ബദലായി ഈ 5,000 കോടി എത്തും എന്ന കാര്യത്തിൽ സംശയം ഏതുമില്ല.
തൃക്കാക്കര തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ ആഘാതത്തോടെ സിൽവർ ലൈൻ നടപ്പാക്കുന്നതിൽ നിലപാട് മയപ്പെടുത്തുന്ന രീതിയാണ് ഇടത് സർക്കാർ സ്വീകരിച്ച് പോന്നത്. ആരെതിർത്താലും കെ റെയിലുമായി മുന്നോട്ടു പോകുമെന്ന നിലപാടിൽ നിന്നും 'കേന്ദ്രാനുമതി ലഭിച്ചാൽ മാത്രമേ മുന്നോട്ടു പോകാനാകൂ' എന്ന നിലപാടിലേക്ക് മുഖ്യമന്ത്രിയുമെത്തി. സർക്കാരിന്റെ തിടുക്കപ്പെട്ടുള്ള നീക്കങ്ങൾക്കെതിരെ, വികസന പദ്ധതികൾ ജനത്തിന് ബോധ്യപ്പെട്ടില്ലെന്ന തരത്തിൽ ഇടതുമുന്നണിയിൽ നിന്നുതന്നെ വിമർശനവും ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ 'ബോധവത്ക്കരിക്കൽ' എന്ന നിലപാടിലേക്ക് കെ റെയിലുമെത്തിയത്.
https://www.facebook.com/Malayalivartha
























