വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശ്രമക്കേസ് കെട്ടിച്ചമച്ചത്... മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം

വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് വധശ്രമക്കേസ് കെട്ടിച്ചമച്ചതെന്ന് പ്രതികളായ യൂത്ത് കോണ്‍ഗ്രസുകാര്‍ ഹൈക്കോടതിയില്‍. മുഖ്യമന്ത്രിക്കെതിരെ അക്രമം നടത്തിയിട്ടില്ല. വിമാനത്തില്‍ മുദ്രാവാക്യം വിളിക്കുകമാത്രമാണ് ചെയ്തത്. ഇ.പി.ജയരാജന്റെ ആക്രമണത്തില്‍ സാരമായി പരുക്കേറ്റെന്നും ജാമ്യാപേക്ഷയില്‍ പ്രതികള്‍ വാദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയെ ആക്രമിക്കുകയായിരുന്നു പ്രതികളുടെ
ലക്ഷ്യമെന്ന് സര്‍ക്കാര്‍ വാദിച്ചു. ഇപി ഇല്ലായിരുന്നെങ്കില്‍ മുഖ്യമന്ത്രി ആശുപത്രിയിലാകുമായിരുന്നു.പ്രതികളെ റിമാന്‍ഡ് ചെയ്യണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.മൊട്ടുസൂചി പോലുമില്ലാതെ എങ്ങനെ വധശ്രമെന്ന് പ്രതിഭാഗം ചോദിച്ചു.വധശ്രമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ഇ പി ജയരാജന്റെ ഭാഗത്ത് നിന്നാണെന്നും പ്രതികളുടെ അഭിഭാഷകന്‍ വാദിച്ചു.
പ്രതികളെ പുറത്തു വിട്ടാല്‍ തെറ്റായ സന്ദേശമെന്ന് പ്രോസിക്യുഷന്‍ വാദിച്ചപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിക്കുന്നവരെ ജയിലില്‍ അടയ്ക്കുന്നതാണ് തെറ്റായ സന്ദേശമെന്ന് പ്രതിഭാഗം വാദിച്ചു. വാദപ്രതിവാദങ്ങള്‍ ഒന്നര മണിക്കൂറോളം നീണ്ടു. തുടര്‍ന്നാണ് പ്രതികളെ 27 വരെ റിമാന്‍ഡ് ചെയ്തത്.. ജാമ്യ ഹര്‍ജിയില്‍ നാളെ വാദം നടക്കും.
മുഖ്യമന്ത്രിയെ അപായപ്പെടുത്താനാണ് യൂത്ത്‌കോണ്‍ഗ്രസുകാര്‍ ശ്രമിച്ചതെന്ന് ഇ പി ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിക്ക് നേരെ പാഞ്ഞടുത്തതായി വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ റിപ്പോര്‍ട്ടിലുമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രി പറയുന്ന മൊഴി ഏറെ പ്രധാനമാകും.
കേസുമായി ബന്ധപ്പെട്ട് സഹയാത്രികരുടെ മൊഴി കഴിഞ്ഞ ദിവസം എടുത്തിരുന്നു. നിലവില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസുകാരനാണ് കേസില്‍ അറസ്റ്റിലായത്. മൂന്നാമന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അനില്‍ കുമാറിന്റെ പരാതിയില്‍ വലിയ തുറ പോലീസാണ് കേസ് എടുത്തത്. ക്രൈംബ്രാഞ്ച് എസ് പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
https://www.facebook.com/Malayalivartha
























