യുവനടിയെ പീഡിപ്പിച്ച കേസ്... നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസവും തുടരുന്നു; പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലും നഗരത്തിലെ ആഢംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തി

യുവനടിയെ ബലാല്‍സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ അഞ്ചാം ദിവസവും തുടരുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരം രാവിലെ ഒന്‍പത് മുതല്‍ ആറു മണി വരെയാണ് ചോദ്യം ചെയ്യല്‍. യുവനടിയെ പീഡിപ്പിച്ച മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ നടനെ തെളിവെടുപ്പിനെത്തിച്ചു.
തിങ്കളാഴ്ച്ച ചോദ്യം ചെയ്യലിന് പിന്നാലെ നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. പനമ്പള്ളി നഗറിലെ ഫ്‌ലാറ്റിലും നഗരത്തിലെ ആഢംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തി. നടനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഞായറാഴ്ച വരെ ചോദ്യം ചെയ്യാനാണ് ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ളത്.
39 ദിവസം നീണ്ട വിദേശവാസത്തിനൊടുവിലാണ് വിജയ് ബാബു കൊച്ചിയില്‍ തിരിച്ചെത്തിയത്. നേരെ ആലുവയിലെ ആഞ്ജനേയ ക്ഷേത്രത്തിലേക്കാണ് പോയത്. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുകയായിരുന്നു. കേസ് കെട്ടിച്ചമച്ചതാണെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് ഇയാള്‍ മൊഴി നല്‍കിയത്.
ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമായിരുന്നു പരാതിക്കാരിയുമായുണ്ടായതെന്നും വിദേശത്തേക്ക് കടക്കാന്‍ ആരും സഹായിച്ചിട്ടില്ലെന്നും ഇയാള്‍ അന്വേഷണ സംഘത്തോട് പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ 26നാണ് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ഇയാള്‍ പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. ഇതുസംബന്ധിച്ച് പൊലീസില്‍ പരാതിയും നല്‍കി. പീഡനം, ഇരയുടെ പേര് വെളിപ്പെടുത്തല്‍ ഇങ്ങനെ രണ്ട് കേസാണ് വിജയ് ബാബുവിനെതിരെയുള്ളത്.
https://www.facebook.com/Malayalivartha
























