എല്ലാം വെറുതേയായി… നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവ തടഞ്ഞ അനുപമയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

നമ്മള്‍ കഴിക്കുന്ന കറി പൗഡറുകളില്‍ മായം ഉണ്ടെന്ന് തിരിച്ചറിഞ്ഞത് വളരെ പെട്ടെന്നാണ്. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ ടി.വി. അനുപമയുടെ നടപടികളിലൂടെ നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയില്‍ മായം കണ്ടെത്തുകയും അവയുടെ നിര്‍മ്മാണവും വിപണനവും തടയുകയും ചെയ്തു.
എന്നാല്‍ നിറപറയ്ക്ക് എതിരായ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ അനുപമയുടെ നടപടികള്‍ എല്ലാം വെറുതെയായി. സാങ്കേതിക പിഴവില്‍ പിടിച്ച് നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയുടെ നിര്‍മ്മാണവും വിപണനവും തടഞ്ഞ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച നിറപറ സാമ്പിളുകളുടെ പരിശോധനയില്‍ സ്റ്റാര്‍ച്ച് (അന്നജം) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നെടുത്ത നടപടിയാണ് വെറുതെയാകുന്നത്.
കമ്മിഷണറുടെ ഉത്തരവില്‍ ഈ ഉത്പന്നങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് പറയുന്നില്ലെന്നും നിയമപ്രകാരം ഉത്പന്നങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കമ്മിഷണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവിനെതിരെ കെ.കെ.ആര്‍ ഫുഡ് പ്രോഡക്ട്‌സിനു വേണ്ടി എല്‍ദോ പി. വര്‍ഗീസ് നല്‍കിയ ഹര്‍ജിയിലാണ്് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതായത് മായം കലര്‍ന്നതായി മാത്രമേ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ സൂചിപ്പിച്ചിരുന്നുള്ളൂ. അത് ഭക്ഷണ യോഗ്യമല്ലെന്ന് വ്യക്തമാക്കാനുള്ള നടപടികള്‍ എടുക്കാത്തതാണ് വിനയായത്.
ഭക്ഷ്യ സുരക്ഷാ നിലവാര നിയമപ്രകാരം ആരോഗ്യത്തിന് ഹാനികരമോ ജീവനു ഭീഷണിയോ ആയ ഭക്ഷണ സാധനങ്ങള്‍ നിരോധിക്കാം. നിറപറയുടെ മുളകുപൊടിയിലും മല്ലിപ്പൊടിയിലും മഞ്ഞള്‍പൊടിയിലും കണ്ടെത്തിയ സ്റ്റാര്‍ച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നിരോധനം നിലനില്‍ക്കില്ല. ആരോഗ്യത്തിന് ഹാനികരമല്ലെങ്കില്‍ നിലവാരമില്ലെന്നു വ്യക്തമാക്കി നിരോധിക്കാന്‍ വ്യവസ്ഥയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഭാവിയില്‍ നിലവാരമില്ലെന്നു കണ്ടെത്തിയാല്‍ കമ്മിഷണര്‍ക്ക് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാം. നിലവാരമില്ലാത്ത ഭക്ഷ്യ സാധനങ്ങള്‍ നിര്‍മ്മിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ലേബലില്‍ വ്യക്തമായി രേഖപ്പെടുത്താന്‍ നിര്‍മ്മാതാക്കളോട് നിര്‍ദ്ദേശിക്കാമെന്നും കോടതി വിശദീകരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha