തലസ്ഥാനത്തെത്തിയ നവരാത്രി ഘോഷയാത്രയ്ക്ക് ഭക്തിനിര്‍ഭരമായ വരവേല്‍പ്പ്

തലസ്ഥാനത്തെത്തിയ നവരാത്രി വിഗ്രഹങ്ങള്‍ക്കു നഗരത്തില്‍ ഭക്തി നിര്‍ഭര വരവേല്‍പ്പ്. വര്‍ഷത്തിലൊരിക്കല്‍ മാത്രം ലഭിക്കുന്ന അസുലഭ ദര്‍ശനത്തിനായി റോഡിന് ഇരുവശങ്ങളിലും കാത്തുനിന്ന ഭക്തര്‍ക്കു ദര്‍ശനമേകിയാണു ഘോഷയാത്ര നഗരത്തില്‍ പ്രവേശിച്ചത്. ഇന്നലെ രാവിലെ നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച വിഗ്രഹ ഘോഷയാത്രയെ ഉച്ചയോടെ പ്രാവച്ചമ്പലത്തുവച്ചു തിരുവനന്തപുരം താലൂക്കിലേക്കു സ്വീകരിച്ചു.
തഹസില്‍ദാര്‍ എന്‍. രാജു, ഡപ്യൂട്ടി തഹസില്‍ദാര്‍ എസ്. രാജശേഖരന്‍, നേമം വില്ലേജ് ഓഫിസര്‍ കെ. സുധീര്‍ എന്നിവരുടെ നേതൃത്വത്തിലാണു സ്വീകരിച്ചത്. തുടര്‍ന്നു കോര്‍പറേഷനു വേണ്ടി മേയര്‍ കെ. ചന്ദ്രികയുടെ നേതൃത്വത്തിലും സ്വീകരണം നല്‍കി. കോര്‍പറേഷന്റെ സ്വീകരണത്തിനു ശേഷം വിഗ്രഹങ്ങള്‍ നേമം വില്ലേജ് ഓഫിസില്‍ ഇറക്കി പൂജകള്‍ നടത്തി. തുടര്‍ന്ന് അവിടെനിന്ന് ആരംഭിച്ച ഘോഷയാത്ര വൈകിട്ടോടെ കരമനയില്‍ എത്തി. സരസ്വതി ദേവിയെയും കുമാര സ്വാമിയെയും കരമന അവടി അമ്മന്‍ കോവിലിലും മുന്നൂറ്റിനങ്ക ദേവിയെ കിള്ളിപ്പാലം ഉജ്ജയിനി മഹാകാളി അമ്മന്‍കോവിലിലും ഇറക്കി പൂജ നടത്തി.
തുടര്‍ന്നു വൈകിട്ട് അഞ്ചിനു കുമാരസ്വാമിയുടെ വിഗ്രഹത്തെ വെള്ളിക്കുതിരപ്പുറത്തും സരസ്വതീ ദേവിയെ ആനപ്പുറത്തും മുന്നൂറ്റി നങ്കയെ പല്ലക്കിലും എഴുന്നള്ളിച്ചു പത്മനാഭസ്വാമി ക്ഷേത്ര സന്നിധിയിലേക്കു തിരിച്ചു. കിള്ളിപ്പാലത്തു വച്ചു മന്ത്രി വി.എസ്. ശിവകുമാറിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ചു. തുടര്‍ന്നു പൊലീസ് സേനയുടെ ഗാര്‍ഡ് ഓഫ് ഓണറും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ നേതൃത്വത്തില്‍ സ്വീകരണവും നല്‍കി. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ ഉന്നത പൊലീസ് സംഘവും സന്നിഹിതരായിരുന്നു.
സന്ധ്യക്കു കോരിച്ചൊരിയുന്ന മഴയത്തും ആയിരങ്ങളാണു ദേവീ ദേവന്‍മാരെ വണങ്ങാന്‍ ചാലയിലും പരിസരത്തും തടിച്ചു കൂടിയത്. പുഷ്പവൃഷ്ടിയുടെ അകമ്പടിയോടെയാണു ചാലയില്‍ ഘോഷയാത്രയെ വരവേറ്റത്. ഏഴരയോടെ പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം എത്തിച്ചേര്‍ന്ന ഘോഷയാത്രയെ രാജകുടുംബാംഗവും ക്ഷേത്ര സ്ഥാനിയുമായ മൂലം തിരുനാള്‍ രാമവര്‍മയുടെയും രാജകുടുംബാംഗങ്ങളുടെയും നേതൃത്വത്തില്‍ സ്വീകരിച്ചു.
തുടര്‍ന്നു ഘോഷയാത്രയോടൊപ്പം കൊണ്ടുവന്ന ഉടവാള്‍ രാമവര്‍മ സ്വീകരിച്ചു ദേവിയെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. ദീപാരാധനയ്ക്കു ശേഷം സരസ്വതി ദേവിയെയും ഉടവാളും നവരാത്രി മണ്ഡപത്തിലും മുന്നൂറ്റിനങ്ക ദേവിയെ ചെന്തിട്ട ക്ഷേത്രത്തിലും കുമാരസ്വാമിയെയും വെള്ളിക്കുതിരയെയും ആര്യശാല ദേവീക്ഷേത്രത്തിലും കുടിയിരുത്തിയതോടെ ഇനിയുള്ള ഒന്‍പതു ദിനം അനന്തപുരി നവരാത്രി ഉല്‍സവത്തില്‍ അലിയും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha