രണ്ടരക്കോടിയുടെ സ്‌കോളര്‍ഷിപ് തേടിയെത്തിയത് ബിഹാറിലെ ഈ ഗ്രാമത്തിൽ!! യുഎസിലേക്ക് പറക്കാന്‍ ഒരുങ്ങിപന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രേം കുമാര്‍ !! ഈ വിജയത്തിന് ചരിത്ര മധുരം....

ബിഹാറിലെ ചെറുഗ്രാമത്തില്‍നിന്ന് രണ്ടരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ് സ്വന്തമാക്കിക്കൊണ്ടാണ് പ്രേം കുമാര്‍ യുഎസിലേക്കു പറക്കാന്‍ ഒരുങ്ങുന്നത്.
പട്‌നയിലെ ഫുല്‍വാരിഷരീഫിലുള്ള ഗോണ്‍പുര ഗ്രാമത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് പ്രേം കുമാര്‍. കുടുംബത്തിലെ ആദ്യ ബിരുദധാരി കൂടിയാണ് ഈ കൗമാരക്കാരന്‍.
പെന്‍സില്‍വാനിയയിലെ ലഫായെറ്റ് കോളജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിലും ഇന്റര്‍നാഷനല്‍ റിലേഷന്‍സിലും ബിരുദ പഠനത്തിനായി ഈ വര്‍ഷം ഒടുവില്‍ പ്രേം കുമാര്‍ യുഎസിലേക്ക് പോകും. യുഎസിലെ മുന്‍നിര എന്‍ജിനീയറിങ് കോളജായ ലഫായെറ്റ് കോളജാണ് രണ്ടരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ് നല്‍കി പ്രേം കുമാറിന്റെ മുഴുവന്‍ പഠനച്ചെലവും ഏറ്റെടുത്തിരിക്കുന്നത്.
'' എന്റെ മാതാപിതാക്കള്‍ സ്‌കൂളില്‍ പോയിട്ടില്ല. സ്‌കോളര്‍ഷിപ് നേടി വിദേശരാജ്യത്ത് പോകാന്‍ അവസരം ലഭിച്ചത് സ്വപ്ന സാക്ഷാത്കാരമാണെനിക്ക്. ബിഹാറിലെ മഹാദലിത് കുട്ടികള്‍ക്കു വേണ്ടിയുള്ള ഡെക്‌സ്റ്റേറിറ്റി ഗ്ലോബല്‍ ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനം പ്രശംസനീയമാണ്. ഇന്ന് കാണുന്ന എന്നെ ഞാനാക്കിയതില്‍ അവര്‍ ഒരു പ്രധാന പങ്കുവഹിച്ചിട്ടുണ്ട് ''- സ്‌കോളര്‍ഷിപ് ലഭിച്ചതിലുള്ള സന്തോഷം പങ്കുവച്ച് പ്രേം കുമാര്‍ പറഞ്ഞു.
ആഗോളതലത്തില്‍ ആറു കുട്ടികള്‍ മാത്രം തിരഞ്ഞെടുക്കപ്പെടുന്ന ഡേയര്‍ സ്‌കോളര്‍ഷിപ്പാണ് പ്രേം കുമാറിന് ലഭിച്ചത്. ബിഹാറിലെ ഗോണ്‍പുര്‍ ഗ്രാമത്തില്‍ നിന്നാണ് പ്രേംകുമാര്‍ ഇവിടെയെത്തിയത്. ദിവസക്കൂലിക്ക് ജോലിചെയ്യുന്ന ആളാണ് അവന്റെ അച്ഛന്‍. ലഫായെറ്റ് കോളജില്‍ ബിരുദം ചെയ്യാനായി രണ്ടരക്കോടി രൂപയുടെ സ്‌കോളര്‍ഷിപ്പാണ് അവന് ലഭിച്ചിരിക്കുന്നത്.
ഒരു പക്ഷേ ഇത്തരമൊരു നേട്ടത്തിനുടമയാകുന്ന ഇന്ത്യയിലെ ആദ്യത്തെ മഹാദലിത് വിദ്യാര്‍ഥിയായിരിക്കും പ്രേം കുമാര്‍- ഡെക്സ്റ്ററിറ്റി ഗ്ലോബല്‍ സിഇഒ ശരത് സാഗര്‍ പറഞ്ഞു. ഡെക്സ്റ്ററിറ്റി ഗ്ലോബലിന്റെ സ്ഥാപകനും സിഇഒയുമായ സാഗര്‍ 2016 ല്‍ ഫോബ്‌സിന്റെ മുപ്പതു വയസ്സിനു താഴെയുള്ള സംരംഭകരുടെ പട്ടികയില്‍ ഇടംപിടിച്ചിരുന്നു.
https://www.facebook.com/Malayalivartha
























