സദാചാര ഗുണ്ടകളെ ചൊറിഞ്ഞ് എൻജിനീയറിങ് കോളജ് വിദ്യാർത്ഥികൾ: അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ ? വേറിട്ട പ്രതിഷേധത്തിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ....

വേറിട്ട പ്രതിഷേധ ചൂടുമായി തിരുവനന്തപുരം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സദാചാര ഗുണ്ടകൾക്ക് മറുപടിയെന്ന തരത്തിലാണ് ചിത്രങ്ങൾ പ്രചരിക്കുന്നത്. ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ഇരിപ്പിടത്തിൽ രണ്ടു പേർ ഒരുമിച്ചിരിക്കുന്നത് ചർച്ചയായതോടെയാണ് വിദ്യാർത്ഥികളുടെ സാഹസത്തിന് പിന്നിലെ കാരണം പുറത്തായത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് തിരുവനന്തപുരം ഗവൺമെന്റ് എൻജിനീയറിങ് കോളജിന് സമീപമുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ ഒരുമിച്ച് ഇരിക്കാവുന്ന ഇരിപ്പിടം വെട്ടിപ്പൊളിച്ച് സദാചാര ഗുണ്ടകൾ ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയിൽ ഇരിപ്പിടം മാറ്റിയെടുത്തത്. ആദ്യം കാര്യം പിടികിട്ടിയില്ലെങ്കിലും പിന്നീട് ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരിക്കുന്നത് തടയാനാണ് ഇതെന്ന് മനസിലാക്കിയ വിദ്യാർത്ഥികൾ വേറിട്ട രീതിയിൽ പ്രതിഷേധിക്കുകയായിരുന്നു.
ഒരാൾക്ക് മാത്രം ഇരിക്കാൻ സാധിക്കുന്ന ബെഞ്ചില്‍ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥികൾ ആൺകുട്ടികളുടെ മടിയിൽ ഇരുന്നുകൊണ്ടായിരുന്നു പ്രധിഷേധം അറിയിച്ചത്. ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന അടിക്കുറിപ്പോടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വിദ്യാർത്ഥികൾ പങ്കുവയ്ക്കുകയായിരുന്നു.
ഇതോടെ കപടസദാചാരം വിളമ്പുന്നവരുടെ മുഖത്തിന് അടിയേറ്റെന്ന് സോഷ്യൽ മീഡിയയിൽ പലരും കുറിച്ചു. ചിത്രങ്ങൾ പങ്കുവച്ചെങ്കിലും തങ്ങൾക്ക് ഇത്തരത്തിൽ പിന്തുണ ലഭിക്കുമെന്നോ സംഭവം വൈറലാകുമെന്നോ കരുതിയിരുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. കാര്യങ്ങൾ പൊതുസമൂഹം മനസ്സിലാക്കുന്നതായും വലിയ പിന്തുണ ലഭിക്കുന്നുണ്ടെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.
ഒരു കൂട്ടം വിദ്യാർഥികൾ ഇതിന് മുമ്പും ഇത്തരം വിവേചനങ്ങൾക്കെതിരെ കോളജിൽ സമരം നടത്തിയിരുന്നു. പെൺകുട്ടികൾ വൈകിട്ട് 6.30ന് മുമ്പായി ഹോസ്റ്റലിൽ കയറണമെന്ന നിർദ്ദേശത്തിനെതിരെ മൂന്ന് മാസം സമരം നടത്തി. ഇതേ തുടർന്ന് രാത്രി 9.30 വരെ സമയം ദീർഘിപ്പിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha