തൃശ്ശൂരിലെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ രോഗി അബോധാവസ്ഥയിലായിരുന്നു... ആശുപത്രിയില്‍ കൃത്യമായ രോഗനിര്‍ണയം നടക്കാതെ വന്നതായും ആരോപണമുണ്ട്!! ചികിത്സ തേടിയില്ല; ആരോടും വിവരം പറഞ്ഞില്ല; വാനരവസൂരി നിസ്സാരമായിക്കണ്ടത് വിനയായി..

.
വാനരവസൂരി ബാധിച്ച് യുവാവ് മരിച്ച സംഭവത്തില്‍ വിനയായത് രോഗത്തെ നിസ്സാരമായിക്കണ്ടത്. ലോകം മുഴുവന്‍ ചര്‍ച്ചചെയ്തു കൊണ്ടിരിക്കുന്ന അസുഖമാണെന്നറിഞ്ഞിട്ടും നാട്ടിലെത്തി ചികിത്സ തേടാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയത്.
ഒമ്പതുമാസം മുമ്പാണ് യുവാവ് യു.എ.ഇ. യില്‍ ജോലിക്കുപോയത്. 21-ന് നാട്ടിലെത്തിയശേഷം രോഗിയാണെന്ന വിവരം വീട്ടുകാരോടോ അടുത്ത സുഹൃത്തുക്കളോടോ പറഞ്ഞിരുന്നില്ല. കൂട്ടുകാരുമൊത്ത് ഫുട്ബോള്‍ കളിക്കുകയും ആഘോഷ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. പിന്നീട് വീട്ടില്‍ കുഴഞ്ഞ് വീണു. അപ്പോഴേക്കും അണുബാധ ശരീരമാകെ വ്യാപിച്ചിരുന്നു. വിദേശത്തേക്ക് പോകുംമുമ്പ് നാട്ടില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുത്തിരുന്നയാളാണ് മരിച്ചത്.
രാജ്യത്തെ ആദ്യത്തെ വാനരവസൂരി മരണം തൃശ്ശൂര്‍ ജില്ലയില്‍ സ്ഥിരീകരിച്ചു. ചാവക്കാട് കുരഞ്ഞിയൂര്‍ ആനക്കോട്ടില്‍ മുഹമ്മദിന്റെ മകന്‍ ഹഫീസ് (22) കഴിഞ്ഞ ശനിയാഴ്ച സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്. പുണെ വൈറോളജിലാബിലെ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തേ ആലപ്പുഴ വൈറോളജി ലാബില്‍ സ്ഥിരീകരണം ഉണ്ടായതിനെത്തുടര്‍ന്നാണ് പുണെയില്‍ വീണ്ടും പരിശോധിച്ചത്. വിദേശത്ത് നടത്തിയ പരിശോധനയില്‍ വാനര വസൂരി സ്ഥിരീകരിച്ചിരുന്നതായി ശനിയാഴ്ച രാവിലെ കൂട്ടിരിപ്പുകാരിലൊരാള്‍ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു. യു.എ.ഇ. യില്‍നിന്ന്്് ഒരാള്‍ അയച്ച വാട്സാപ്പ് സന്ദേശം ആശുപത്രി അധികൃതരെ കാണിക്കുകയായിരുന്നു. ആശുപത്രി അധികൃതര്‍ ഉടന്‍ സാംപിള്‍ ശേഖരിച്ച് ഡി.എം.ഒ. ഓഫീസിലെത്തിച്ചു. സ്ഥിരീകരണമുണ്ടായതിനെ ത്തുടര്‍ന്ന് യുവാവുമായി സമ്പര്‍ക്കമുണ്ടായ 22 പേരെ വീടുകളില്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടില്ല.
കഴിഞ്ഞ 21-നാണ് യു.എ.ഇ.യില്‍നിന്ന് യുവാവ് എത്തിയത്. നാട്ടില്‍ വൈദ്യപരിശോധന തേടണമെന്ന നിര്‍ദേശവും നല്‍കിയാണ് അവിടെനിന്ന് അയച്ചത്. എന്നാല്‍, നാട്ടിലെത്തിയശേഷം പരിശോധനാ വിവരങ്ങള്‍ വീട്ടുകാരില്‍ നിന്നടക്കം യുവാവ് മറച്ചുവെച്ചുവെന്ന് പറയുന്നു. വീട്ടില്‍ ചെലവഴിച്ചതിനെക്കാള്‍ കൂടുതല്‍ സമയം നാട്ടിലെ കാര്യങ്ങളിലാണ് ഇടപെട്ടത്. ഇടയ്ക്ക് പനി വന്നെങ്കിലും അതൊക്കെ നിസ്സാരമായി കണ്ടതാണ് കുഴപ്പമായത്.ബുധനാഴ്ച രോഗം മൂര്‍ച്ഛിച്ച് വീട്ടില്‍ കുഴഞ്ഞുവീണപ്പോള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യം ചാവക്കാടും പന്നീട് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
വാനരവസൂരി ബാധിക്കുന്നവര്‍ മരിക്കുന്നത് ആ രോഗംകൊണ്ടുമാത്രമെന്ന് ഉറപ്പിച്ച് പറയാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം. പാശ്ചാത്യരാജ്യങ്ങളില്‍ ഈ വര്‍ഷം അനേകായിരം പേര്‍ക്ക് രോഗം പിടിപെട്ടെങ്കിലും മൂന്നു മരണങ്ങള്‍ മാത്രമാണ് ഉണ്ടായത്.
ഇവരില്‍ മറ്റ് ഗുരുതര രോഗങ്ങള്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് ബ്രസീലില്‍ മരിച്ച 41-കാരന്‍ അര്‍ബുദബാധിതനായിരുന്നു. സ്‌പെയിനില്‍ മരിച്ചയാള്‍ക്ക് അര്‍ബുദവും മസ്തിഷ്‌ക വീക്കവും.
കേരളത്തിലെ മരണത്തെക്കുറിച്ചും വിശദമായ പരിശോധന വേണമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിട്ടുള്ളത്. ''മരിച്ചയാള്‍ക്ക് അനുബന്ധ രോഗങ്ങള്‍ ഉണ്ടായിരുന്നുവോ, അവസാന മണിക്കൂറുകളില്‍ ശരീരത്തില്‍ എന്തൊക്കെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞാല്‍ മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാവൂ. മരിച്ചയാളില്‍ വാനരവസൂരി സ്ഥിരീകരിച്ചു എന്നത് ശരിയാണ്. എന്നാല്‍, മരണകാരണം അതാണെന്ന് ഉറപ്പിക്കാറായിട്ടില്ല.'' -ഐ.എം.എ. സ്റ്റേറ്റ് എപ്പിഡമിക് സെല്‍ വൈസ് ചെയര്‍മാന്‍ ഡോ. രാജീവ് ജയദേവന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha