ചേർത്ത് പിടിക്കാൻ ഒരാള് പോലും കൂടെയില്ല... ഭർത്താവിന്റെയും മക്കളുടെയും ചേതനയറ്റ ശരീരങ്ങൾ കണ്ട് തകർന്ന് ഷാന്റി

പത്തനംതിട്ട വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച കുമളി ചക്കുപള്ളം വരയന്നൂർ വീട്ടിൽ വി.എം.ചാണ്ടി (ബിജു 50), മക്കളായ ഫെബ ചാണ്ടി (24), ബ്ലെസി ചാണ്ടി (18) എന്നിവരുടെ ചേതനയറ്റ ശരീരം കണ്ട് തകര്ന്ന ഷാന്റിയെ സമാധാനിപ്പിക്കാൻ വാക്കുകളില്ലാതെ ഒരു നാടുമുഴുവൻ തേങ്ങി. റാന്നിയിൽ നിന്ന് തിരുവല്ലയ്ക്ക് പോയ സ്വകാര്യ ബസിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിലാണ് നിയന്ത്രണം വിട്ട കാർ റോഡിൽ നിന്ന് തെന്നിമാറി സമീപത്തെ തോട്ടിലേക്ക് മറിഞ്ഞത്.
ഇന്നലെ രാവിലെ ഏഴേമുക്കാലിന് പുറമറ്റം കല്ലുപാലത്തായിരുന്നു അപകടം. പരുമല ഗ്രിഗോറിയോസ് കോളേജിൽ ബി.ബി.എയ്ക്ക് പഠിക്കുന്ന ബ്ലെസിയെ കോളേജിലെത്തിക്കാൻ കുമ്പനാട്ടെ വീട്ടിൽ നിന്ന് പുറപ്പെട്ടതായിരുന്നു ഇവർ.നാട്ടുകാർ ഓടികൂടിയെങ്കിലും തോട്ടിലേക്ക് ഇറങ്ങാൻ കഴിഞ്ഞില്ല. തുടർന്ന് അഗ്നിരക്ഷാസേനയെത്തി നാട്ടുകാരുടെ സഹായത്തോടെ അരമണിക്കൂറോളം പരിശ്രമിച്ചാണ് കാർ കരയ്ക്കടുപ്പിച്ചത്. കാർ വെട്ടിപ്പൊളിച്ച് ഇവരെ പുറത്തെടുത്തപ്പോഴേക്കും ചാണ്ടിയും ഫെബയും മരിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് ബ്ളെസി മരിച്ചത്.
ചർച്ച് ഓഫ് ഗോഡ് പൂവന്മല ഗിൽഗാൽ സഭയിലെ പാസ്റ്ററായിരുന്നു ചാണ്ടി. ആരാധനാലയത്തിന്റെ ഒന്നാം നിലയിലായിരുന്നു കുടുംബം താമസിച്ചിരുന്നത്. 8 മണിയോടെയാണ് അപകട വിവരം സഭാ സെക്രട്ടറിയും പാസ്റ്ററുടെ സമീപവാസിയുമായ ബ്ലസൻ വടക്കേമുറിയിൽ അറിയുന്നത്. ഷാന്റിയെയും കൂട്ടി കുമ്പനാട് ആശുപത്രിയിലേയ്ക്ക് ഉടൻ തന്നെ തിരിച്ചു. അപകടം പറ്റിയെന്ന് മാത്രമേ ഷാന്റിയോട് പറഞ്ഞിരുന്നുള്ളു. മോർച്ചറിയ്ക്ക് സമീപത്തേക്ക് നടന്നപ്പോൾ ഒരെളെങ്കിലും ജീവിച്ചിരുപ്പുണ്ടോയെന്നായിരുന്നു ഷാന്റിക്ക് അറിയേണ്ടിയിരുന്നത്.
എന്നാൽ അവസാന പ്രതീക്ഷകൾക്ക് പോലും വലിയ ആയുസ് ഇല്ലാതെ ഭർത്താവിന്റെയും മക്കളുടെയും മൃതദേഹങ്ങൾ കണ്ട് ഷാന്റി വാവിട്ട് നിലവിളിച്ചു. ഞാനും കാറിൽ കയറി പോയാൽ മതിയായിരുന്നു’വെന്ന് പറഞ്ഞ ഷാന്റിയെ സമാധാനിപ്പിക്കാൻ കൂടെയുണ്ടായിരുന്നവർക്കും വാക്കുകൾ ഇല്ലായിരുന്നു.
അല്പം മുമ്പ് മുന്നിലൂടെ കടന്നുപോയവര്‍ മരിച്ചുവെന്ന് കേട്ടപ്പോള്‍ അത് വിശ്വസിക്കാൻ പലർക്കും സാധിച്ചിരുന്നില്ല. പാസ്റ്റര്‍ പൂവന്മല ആരാധനാലയത്തില്‍ എത്തിയിട്ട് ഒരു വര്‍ഷം മാത്രമേ ആയുള്ളൂവെങ്കിലും ഇതിനുള്ളില്‍ ചര്‍ച്ചിലെ അംഗങ്ങളുടെയും നാട്ടുകാരുടെയും പ്രിയങ്കരനായിരുന്നു. ഏത് ആവശ്യത്തിനും രാപകല്‍ വ്യത്യാസമില്ലാതെ ഓടിയെത്തുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് അടുത്തറിയുന്നവർ പറയുന്നു.
എല്ലാവരോടും വളരെ സ്‌നേഹത്തോടെ പെരുമാറുന്ന ആളായിരുന്നു പാസ്റ്ററെന്നും ചര്‍ച്ചിലെ അംഗങ്ങള്‍ പറഞ്ഞു. ചര്‍ച്ചിലുള്ള 12 കുടുംബങ്ങളോടും അടുത്ത ബന്ധമാണ് പുലര്‍ത്തിവന്നത്. എല്ലാ ദിവസവും പാസ്റ്റര്‍ തന്നെയാണ് ബി.സി.എ. വിദ്യാര്‍ഥിനിയായ ഇളയ മകള്‍ ഫേബയെ പരുമല മാര്‍ ഗ്രിഗോറിയോസ് കോളേജില്‍ കൊണ്ടുപോയിരുന്നത്. മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ എട്ട് മുതല്‍ 11 വരെ കുമ്പനാട്ടെയും 12 മുതല്‍ രണ്ടു വരെ പൂവന്മലയിലെയുംചര്‍ച്ച് ഓഫ് ഗോഡ് ആരാധനാലയങ്ങളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് സ്വദേശമായ ഇടുക്കിയിലേക്ക് കൊണ്ടുപോകും.
https://www.facebook.com/Malayalivartha