തിരുവനന്തപുരം കോര്‍പ്പറേഷനിലെ എസ് സി - എസ്ടി ഫണ്ട് തട്ടിപ്പ്... രണ്ട് വര്‍ഷം കൊണ്ട് 1.26 കോടി രൂപ പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ സബ്‌സിഡി പട്ടം ബാങ്ക് അക്കൗണ്ടിലേയ്ക്ക് മാറ്റി. ഗുണഭോക്താക്കള്‍ അറിയാതെ തട്ടിയെടുത്ത കേസ്, വനിതകളായ പ്രൊമോട്ടര്‍ക്കും സഹായിക്കും പ്രൊഡക്ഷന്‍ വാറണ്ട്, വനിതാ പ്രൊമോട്ടറും സഹായിയും ഒന്നും രണ്ടും പ്രതികള്‍

വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിച്ച് പട്ടികജാതി - വര്‍ഗ വിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്ത തിരുവനന്തപുരം കോര്‍പ്പറേഷന്‍ എസ് സി - എസ് ടി ഫണ്ട് തട്ടിപ്പ് കേസില്‍ റിമാന്റില്‍ കഴിയുന്ന വനിതകളായ പ്രൊമോട്ടര്‍ക്കും സഹായിക്കും പ്രൊഡക്ഷന്‍ വാറണ്ട്. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ഇരുവരെയും ഹാജരാക്കാന്‍ അട്ടക്കുളങ്ങര വനിതാ ജയില്‍ സൂപ്രണ്ടിന് പ്രൊഡക്ഷന്‍ വാറണ്ടയച്ചത്.
പ്രതികളെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി തേടി മ്യൂസിയം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് പ്രതികളെ ഹാജരാക്കാന്‍ സിജെഎം ആര്‍.രേഖ ഉത്തരവിട്ടത്. ഒന്നും രണ്ടും പ്രതികളായ കോര്‍പ്പറേഷന്‍ എസ് സി പ്രൊമോട്ടര്‍ തിരുവല്ലം സ്വദേശിനി സിന്ധുവിനെയും സഹായി കരകുളം സ്വദേശിനി അജിതയെയുമാണ് ഹാജരാക്കേണ്ടത്. മ്യൂസിയം പൊലീസ് ജൂലൈ 29 നാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പട്ടികജാതി വനിതകള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ സബ്‌സിഡിയായി 1.26 കോടി രൂപ പട്ടം ബാങ്ക് അക്കൗണ്ടിലേക്ക് 2 വര്‍ഷം കൊണ്ട് മാറ്റി ഗുണഭോക്താക്കള്‍ അറിയാതെ തട്ടിയെടുത്ത കേസിലാണ് കോടതി ഉത്തരവ്.
വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വച്ച് തട്ടിപ്പ് നടത്തി സിന്ധു ' അശ്വതി അസോസിയേറ്റ്‌സ് 'എന്ന പേരില്‍ സ്വന്തമായി ഒരു കമ്പനിയും ആരംഭിച്ചതായി പ്രാഥമിക അന്വേഷണത്തില്‍ വെളിവായിട്ടുണ്ട്. എസ് സി അംഗങ്ങള്‍ക്കു നല്‍കുന്ന സബ്‌സിഡി ഈ കമ്പനിയുടെ മറവിലും തട്ടിയെടുത്തു. പിന്നോക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്കായുള്ള സ്വയംതൊഴിള്‍ വായ്പ , ജനകീയാസൂത്രണ പദ്ധതി സ്‌കീമുകളിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നത്. വ്യാജ കമ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയാണ് പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് തട്ടിയെടുത്തത്.
തദ്ദേശ സ്ഥാപനങ്ങളിലെ പട്ടിക വര്‍ഗവിഭാഗങ്ങളില്‍ പെട്ട സ്ത്രീകള്‍ക്ക് ചെറുകിട ഇടത്തരം സംരംഭങ്ങള്‍ തുടങ്ങാന്‍ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് നല്‍കുന്ന പണമാണ് തിരിമറി നടത്തി സംഘം തട്ടിയെടുത്തത്. നഗരസഭയുടെ ആഭ്യന്തര അന്വേഷണത്തിലാണ് കോടികളുടെ ക്രമക്കേട് കണ്ടെത്തിയതത്. തട്ടിപ്പിനായി ഇവര്‍ സ്വന്തമായി നിര്‍മ്മിച്ച ഓഫീസ് സീലുകള്‍ പോലീസ് പിടിച്ചെടുത്തു. 2016 ല്‍ കോര്‍പ്പറേഷന്‍ എസ്.സി പ്രൊമോട്ടറായിരുന്നു സിന്ധു. അക്കാലത്ത് ശേഖരിച്ച ഗുണഭോക്താക്കളുടെ പേരുകള്‍ ഉപയോഗിച്ചാണ് തട്ടിപ്പിന് കളമൊരുക്കിയത്.
5 പേരടങ്ങുന്ന ഒരു ഗ്രൂപ്പിന് 3 ലക്ഷം രൂപ നല്‍കുന്ന പദ്ധതിയിലാണ് തിരിമറി നടന്നത്. ഇത്തരത്തില്‍ രൂപീകരിച്ച 33 ഗ്രൂപ്പുകളുടേയും പണം എത്തിയത് ഒറ്റ അക്കൗണ്ടിലേക്കാണ്. പല ഗ്രൂപ്പുകളിലും ഉള്ളത് ഒരേ അംഗങ്ങളാണ് ഒരാളുടെ പേരില്‍ മാത്രം അഞ്ചില്‍ അധികം ഗ്രൂപ്പുകള്‍ കണ്ടെത്തി. ഇങ്ങനെ രണ്ട് വര്‍ഷംകൊണ്ട് 1 കോടി 26 ലക്ഷം രൂപ എത്തിയത് പട്ടം സഹകരണ ബാങ്കിലെ അക്കൗണ്ടിലേക്കാണ്.
"
https://www.facebook.com/Malayalivartha