മങ്കിപോക്സ് പരിശോധനാഫലം പോസിറ്റീവ് ആയിരുന്നിട്ടും, തൃശ്ശൂരിൽ മരിച്ച യുവാവിന് യുഎയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചതെങ്ങനെ? അന്വേഷിക്കാനൊരുങ്ങി കേന്ദ്രം

രാജ്യത്ത് ആദ്യമായി റിപ്പോർട്ട് ചെയ്ത തൃശ്ശൂരിലെ മങ്കിപോക്സ് മരണത്തിൽ യുവാവിന് യുഎയില്‍ നിന്ന് വിമാനയാത്രാനുമതി ലഭിച്ചതെങ്ങനയെന്ന് അന്വേഷിച്ച് കേന്ദ്രം. രോഗി അസുഖ വിവരം അധികൃതരെ അറിയിക്കാത്തത് ഗുരുതര വീഴ്ചയെന്നാണ് കേന്ദ്രത്തിന്‍റെ പ്രതികരണം. യുഎഇ അധികൃതരുമായി കേന്ദ്രം ബന്ധപ്പെട്ടതായാണ് വിവരങ്ങൾ പുറത്ത് വരുന്നത്.
രാജ്യത്ത് മങ്കിപോക്‌സിനുള്ള പരിശോധനാ സൗകര്യങ്ങൾ കൂട്ടാനുള്ള നീക്കവും ആരോഗ്യമന്ത്രാലയം തുടങ്ങി. വ്യാപനം നിരീക്ഷിക്കാനും രോഗ നിർണയത്തിൽ കേന്ദ്രത്തിന് മാർഗനിർദേശം നൽകാനും ദൗത്യ സംഘത്തെ നിയോഗിച്ചു. പുതിയ മാര്‍ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത് അടക്കം വി കെ പോൾ തലവനായ ദൗത്യ സംഘത്തില്‍ ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും ഭാഗമാകും.
യൂറോപ്പില്‍ റിപ്പോര്‍ട്ട് ചെയ്ത ബി വണ്‍ വകഭേദത്തേക്കാള്‍ തീവ്രത കുറഞ്ഞ എ.2 വകഭദമാണ് കേരളത്തിലെ മങ്കിപോക്സ് ബാധിതരായ രണ്ട് പേരുടെ സ്രവസാമ്പിള്‍ പരിശോധനയിൽ സ്ഥിരീകരിച്ചത്. എന്നാല്‍ തൃശ്ശൂരില്‍ മരണം സ്ഥിരീകരിച്ചതോടെ ആരോഗ്യമന്ത്രാലയം കൂടുതല്‍ ജാഗ്രതയിലേക്ക് നീങ്ങുകയാണ്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന 20പേർക്കും രോഗ ലക്ഷണങ്ങളില്ല.
ഇവരെ നിരീക്ഷിക്കാൻ ആശാ വർക്കർമാരുടെയും, തദ്ദേശ സ്ഥാപന ജനപ്രതിനിധികളുടേയും പ്രത്യേക ടീം തയ്യാറാക്കിയിട്ടുണ്ട്. യുവാവിന്റെ വീടിരിക്കുന്ന പുന്നയൂർ പഞ്ചായത്തിലെ കുരഞ്ഞിയൂർ വാർഡും, ആറാം വാർഡിലുമാണ് ജാഗ്രതാ നിർദ്ദേശം. രാജ്യത്ത് ഐസിഎംആറിന് കീഴിലെ 15 ലാബുകളിലാണ് നിലവിൽ മങ്കിപോക്‌സ് പരിശോധന നടത്തുന്നത്.
ഇത് കൂട്ടുന്നതിനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ട് കേന്ദ്രം. മങ്കിപോക്‌സ് നിർണയിക്കുന്നതിനുള്ള പരിശോധന കിറ്റും മങ്കിപോക്സ് പ്രതിരോധിക്കാനുള്ള വാക്സീനും വികസിപ്പിക്കാനുള്ള താത്പര്യപത്രം നേരത്തെ ഐസിഎംആർ ക്ഷണിച്ചിരുന്നു. ഈ മാസം പത്തിനകം താൽപര്യപ്പത്രം സമർപ്പിക്കാനാണ് നിർദ്ദേശം.
22കാരനായ യുവാവ് ഇക്കഴിഞ്ഞ 21ാം തിയ്യതിയാണ് യുഎഇയില്‍ നിന്ന് നാട്ടിലെത്തിയത്. യുഎഇയില്‍ വെച്ച് നടത്തിയ പരിശോധനാഫലം പോസിറ്റീവ് ആയിരുന്നു. ജൂലൈ 31ന് പുലര്‍ച്ചെയാണ് യുവാവ് മരിച്ചത്. നെടുമ്പാശ്ശേരിയിലാണ് യുവാവ് വിമാനമിറങ്ങിയത്. ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ തന്നെ മങ്കിപോക്‌സ് ബാധിതനായിരുന്നു എന്നുളള സംശയം ഉണ്ടായിരുന്നു.
19ാം തിയ്യതിയും 20ാം തിയ്യതിയുമായാണ് യുഎഇയില്‍ വെച്ച് യുവാവ് മങ്കിപോക്‌സ് പരിശോധന നടത്തിയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ യുവാവ് നാട്ടിലേക്ക് പോന്നു. എന്നാല്‍ രോഗവിവരം യുവാവ് മറച്ച് വെക്കുകയായിരുന്നു. നാട്ടിലെത്തിയ ശേഷം രണ്ട് ദിവസം വീട്ടില്‍ കഴിഞ്ഞു. മങ്കിപോക്‌സിന്റെ ലക്ഷണങ്ങളായ പാടുകളൊന്നും ശരീരത്തില്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു.
ഇത് കാരണം യുവാവ് പുറത്തേക്ക് ഇറങ്ങുകയും ചെയ്തിരുന്നു. കടുത്ത പനി കാരണമാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ചാവക്കാട്ടെ ആശുപത്രിയിൽ നിന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha