ഇത്തിക്കരയാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി, സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി

കൊല്ലത്ത് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പള്ളിമൺ ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങി കാണാതായ അയത്തിൽ സ്വദേശി നൗഫലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇത്തിക്കരയാറ്റിൽ കുളിക്കാനിറങ്ങിയ നൗഫലിനെ ഇന്നലെ വൈകിട്ടോടുകൂടിയാണ് കാണാതായത്. ഒപ്പമുണ്ടായിരുന്ന മൂന്നുപേരെ ഇന്നലെ തന്നെ രക്ഷപെടുത്തിയിരുന്നു. ഇതോടെ സംസ്ഥാനത്ത് മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി.
ചേറ്റുവ അഴിമുഖത്ത് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ തുടരുന്നുണ്ട്. കുളച്ചൽ സ്വദേശികളായ ഗിൽബർട്ട്, മണി എന്നിവർക്ക് വേണ്ടിയാണ് തെരച്ചിൽ. നേവിയുടെ ഹെലികോപ്റ്റർ വഴിയും കടലിൽ തെരച്ചിൽ നടത്തി. തിങ്കളാഴ്ച വൈകീട്ട് ആറോടെ ആഴക്കടല്‍ മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ഫൈബര്‍ വഞ്ചി തിരയില്‍പെട്ട് മറിഞ്ഞത്. കാണാതായ ഫൈബര്‍ വഞ്ചിയും വലയുള്‍പ്പെടെ ഉപകരണങ്ങളും കരക്കടിഞ്ഞു.
അതേസമയം, മഴക്ക് നേരിയ ശമനമുണ്ടായ പശ്ചാത്തലത്തില്‍ ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പിന്‍വലിച്ചു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ മാത്രമാണ് ഇന്ന് റെഡ് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് നിലവിലുണ്ട്.
https://www.facebook.com/Malayalivartha