'സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്.... തേങ്ങാക്കൊലയാണ്. ഭൂമിയോളം ക്ഷമയാണെന്നൊക്കെ പറഞ്ഞ് ട്രെയിൻ ചെയ്തെടുത്താൽ പിന്നെ ചവിട്ടിയാലും പ്രതികരിക്കില്ലല്ലോ അല്ലേ? പ്രതികരിക്കുന്നവരൊക്കെ യഥാർഥ അമ്മ അല്ല എന്ന് സർട്ടിഫിക്കറ്റ് കൊടുക്കാനും ആളുണ്ടാവും. അമ്മയും ഒരു വ്യക്തിയാണ്...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

കഴിഞ്ഞ ദിവസം അമ്മയെ ക്രൂരമായി മർദ്ദിക്കുന്ന മകന്റെ ദൃശ്യങ്ങൾ വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചിരുന്നത്. വർക്കല ഇടവ സ്വദേശിയായ റസാഖാണ് മദ്യലഹരിയിൽ അമ്മയെ ക്രൂരമായി മർദ്ദിച്ചിരുന്നത്. സഹോദരി മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുക്കുകയുണ്ടായി. എന്നാൽ മകനെ വെറുതെ വിടണമെന്നും പരാതിയില്ലെന്നുമായിരുന്നു മർദ്ദനമേറ്റ മാതാവിന്റെ നിലപാട് എന്നത്.
ഇതിനുപിന്നാലെ അമ്മയുടെ നന്മമനസ് ചൂണ്ടിക്കാട്ടി വിഷയത്തെ മുന്നിൽ കാണുന്നവരോട് മറുപടി പറയുകയാണ് ഡോ. നെൽസൺ ജോസഫ്. ശക്തമായി പ്രതികരിക്കാൻ ആഗ്രഹിക്കുന്ന അമ്മമാരെ മൊത്തം ഗ്ലോറിഫിക്കേഷനിൽ തളച്ചിടുന്നതിനോട്തനിക്ക് യോജിപ്പില്ലെന്ന് ഡോക്ടർ നെൽസൺ കുറിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:
അമ്മയെ ക്രൂരമായി ആക്രമിക്കുന്നവനെക്കുറിച്ച് എഴുതിയ ഒരു പോസ്റ്റിനു താഴെ വന്ന കമൻ്റുകൾ കണ്ടിരുന്നു.
അതിനു താഴെ കണ്ട ഒരു കമന്റാണ് അതാണ് അമ്മ മക്കൾ എന്ത് ചെയ്താലും ക്ഷമിക്കുന്ന അമ്മ അതേ ലൈനിലുള്ള കമൻ്റുകൾ പലയിടങ്ങളിലും കണ്ടിരുന്നു. ചിലയിടത്ത് ഒരു പടികൂടി കടന്ന് ഇതാണ് യഥാർഥ അമ്മ എന്ന് വരെയൊക്കെ എത്തിച്ചതും കണ്ടു. ഒവ്വ...അതും പറഞ്ഞോണ്ട് അവിടെയിരുന്നോണ്ടാ മതി. എന്ത് തോന്ന്യാസം കാണിച്ചാലും മോനേ എന്ന് വിളിച്ചോണ്ടിരിക്കുന്നതാണ് സ്നേഹം എന്ന് നിങ്ങളോടൊക്കെ ആരാണ് പറഞ്ഞത്? ആദ്യം നിർത്തേണ്ടത് ഈ ഗ്ലോറിഫിക്കേഷനാണ്.
സ്ത്രീ അമ്മയാണ്, ദേവിയാണ്, ഭൂമിയോളം ക്ഷമയാണ്.... തേങ്ങാക്കൊലയാണ്. ഭൂമിയോളം ക്ഷമയാണെന്നൊക്കെ പറഞ്ഞ് ട്രെയിൻ ചെയ്തെടുത്താൽ പിന്നെ ചവിട്ടിയാലും പ്രതികരിക്കില്ലല്ലോ അല്ലേ? പ്രതികരിക്കുന്നവരൊക്കെ യഥാർഥ അമ്മ അല്ല എന്ന് സർട്ടിഫിക്കറ്റ് കൊടുക്കാനും ആളുണ്ടാവും. എൻ്റെ വീട്ടിലോ മറ്റോ ആയിരിക്കണം. എന്ത് തോന്ന്യവാസം കാണിച്ചിട്ടും വീട്ടിലേക്ക് കയറിച്ചെല്ലാം എന്ന് ഒരു മിഥ്യാധാരണയുമില്ല. ചെയ്തത് തെറ്റാണെങ്കിൽ അമ്മയും അപ്പനും ഒപ്പം നിൽക്കില്ലെന്ന് നല്ല ഉറപ്പുണ്ട്. ഏറ്റവും കുറഞ്ഞത് പ്രതീക്ഷിക്കാവുന്നത് നല്ല കവളമടല് വെട്ടി അടിയാണ്..
തെറ്റ് ചെയ്താൽ തിരുത്താനുള്ള ഉത്തരവാദിത്വം മാതാപിതാക്കൾക്കുണ്ട്. തല്ലി പതം വരുത്തലാണ് തിരുത്ത് എന്നല്ല ഉദ്ദേശിച്ചിരിക്കുന്നതെന്ന് പ്രത്യേകം ഓർമിപ്പിക്കുന്നു. തല്ല് കൊണ്ടയാളെ കുറ്റപ്പെടുത്തുകയാണെന്നും കരുതുന്നവരുണ്ട്. കഥയിലെ അവരുടെ ഭാഗം എന്താണെന്ന് അറിയാത്തതുകൊണ്ട് വിധിക്കാൻ നിൽക്കുന്നില്ല... താല്പര്യമില്ല. പക്ഷേ അതാണ് അമ്മ എന്ന പേരിലുള്ള ഗ്ലോറിഫിക്കേഷനുകൾ നടത്തി പ്രതികരിക്കുന്ന, പ്രതികരിക്കാൻ ആഗ്രഹിക്കുന്ന അമ്മമാരെ മൊത്തം ആ ഗ്ലോറിഫിക്കേഷനിൽ തളച്ചിടുന്നതിനോട് ഒരു യോജിപ്പുമില്ല.
അമ്മയും ഒരു വ്യക്തിയാണ്.
തല്ലിയാൽ നോവുന്ന, ആത്മാഭിമാനമുള്ള, ദുഖവും സന്തോഷവുമൊക്കെയുള്ള വ്യക്തി.
ദേവിയല്ല.
https://www.facebook.com/Malayalivartha