ഇടുക്കി തുറക്കാന്‍ സാധ്യതയേറി; ഇടുക്കി, എറണാകുളം ജില്ലകളില്‍ കനത്ത ജാഗ്രത

കേരളത്തിലെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി തുറക്കുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളില്‍ കനത്ത ജാഗ്രതാനിര്‍ദേശം. ചെറുതോണി മുതല്‍ എറണാകുളം ജില്ലയിലെ ആലുവ വരെ പ്രദേശങ്ങളില്‍ ജലനിരപ്പുയരാമെന്നിരിക്കെ കടുത്ത മുന്‍കരുതല്‍ നടപടികളാണ് സ്വീകരിച്ചുവരുന്നത്.
2018ലെ മഹാപ്രളയത്തിനുശേഷം എല്ലാ വര്‍ഷവും ഇടുക്കി അണക്കെട്ട് ഒന്നിലേറെ തവണ തുറന്നുവിടേണ്ട സാഹചര്യമാണുണ്ടാകുന്നത്. ഇക്കൊല്ലം മഴയുടെ 40 ശതമാനം കൂടി പെയ്യാനിരിക്കെ അണക്കെട്ട് തുറന്നുവിടണമെന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്നുള്ള വെള്ളം കൂടി ഇന്നലെ മുതല്‍ ഒഴുകി എത്തിയതോടെ ഇടുക്കിയില്‍ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ഇടുക്കി പദ്ധതിയിലെ ചെറുതോണി അണക്കെട്ടിന്റെ ഒന്നോ രണ്ടോ ഷട്ടര്‍ രണ്ടോ മൂന്നോ സെന്റിമീറ്റര്‍ മാത്രം തുറന്നുവയ്ക്കാനാണ് തുടക്കത്തിലെ ആലോചന. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഷട്ടറുകളില്‍ നിന്ന് കൂടുതല്‍ അളവില്‍ വെള്ളം തുറന്നുവിടും.
ചെറുതോണി ഷട്ടറുകള്‍ തുറന്നാല്‍ എട്ടു മണിക്കൂറിനുള്ളില്‍ വെള്ളം എറണാകുളം ജില്ലയിലെ ഏലൂരിലെത്തും. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പെരിയാറിന്റെ തീരത്തുള്ളവര്‍ ആശങ്കയിലാണ്. 2403 അടിയാണ് ഇടുക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി. നിലവില്‍ ഇന്നു രാവിലെ ജലനിരപ്പ് 2383 അടിയില്‍ എത്തിയിരിക്കുകയാണ്. ഇതേത്തുടര്‍ന്നാണ് ഇടുക്കി ഡാം തുറക്കുന്നതിനു മുന്നോടിയായി റൂള്‍ കേര്‍വ് അനുസരിച്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.
വൃഷ്ടിപ്രദേശത്തു മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള അധിക ജലം ഒഴുക്കി വിടുന്ന സാഹചര്യത്തിലുമാണ് അതിവേഗത്തില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കേണ്ടിവന്നത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഏതു സമയത്തും ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകും.
ഇതു മുന്‍കൂട്ടിയാണ് ഇടുക്കി ജില്ലാ ഭരണകൂടം പെരിയാറിന്റെ തീരത്തു താമസിക്കുന്നവര്‍ക്കു മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. വെള്ളം ആദ്യം ഒഴുകിയെത്തുന്ന ചെറുതോണി ചപ്പാത്തിലും ടൗണിലും നിന്നുള്‍പ്പെടെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നു ജനങ്ങളെ ഒഴിപ്പാക്കാനും ചെറുതോണി പാലത്തില്‍ നിയന്ത്രം ഏര്‍പ്പെടുത്താനുമാണ് തീരുമാനം. ചെറുതോണി ഡാമിന്റെ ഷട്ടര്‍ തുറന്നാല്‍ സ്പില്‍വേയലൂടെ ഒഴുകി ചെറുതോണി പുഴയിലേക്ക് എത്തുന്ന വെള്ളം വെള്ളക്കയത്തു വച്ചാണ് പെരിയാറില്‍ ചേരുന്നത്.
തടിയമ്പാട്, കരിമ്പന്‍ ചപ്പാത്തുകളിലൂടെയും ചേലച്ചുവട്, കീരിത്തോട്, പാമ്പ്‌ള വനമേഖലയിലൂടെയും നാട്ടിന്‍പുറങ്ങളിലൂടെയും ഒഴുകി എറണാകുളം ജില്ലാ അതിര്‍ത്തിയായ ലോവര്‍ പെരിയാറിലെത്തും. ഇവിടെ നിന്നും പാംബ്ല അണക്കെട്ടു വഴി നേര്യമംഗലം, ഭൂതത്താന്‍കെട്ട്, ഇടമലയാര്‍ വഴി മലയാറ്റൂര്‍, കാലടി ഭാഗങ്ങളിലെത്തിയശേഷമാണ് ഏലൂരിലും ആലുവയിലുമെത്തുക.
ഇടുക്കി അണക്കെട്ടില്‍ നിന്നുള്ള വെള്ളം ആലുവ, ചെങ്ങമനാട് പഞ്ചായത്തിലെ തുരുത്ത്, കീഴ്മാട് പഞ്ചായത്തിലെ തോട്ടുമുഖം, മുളവുകാട് പഞ്ചായത്ത്, പനമ്പുകാട്, വല്ലാര്‍പാടം, മുളവുകാട്, പൊന്നാരിമംഗലം എന്നിവിടങ്ങളില്‍ ജലനിരപ്പ് വര്‍ധിപ്പിക്കും. 2018ലെ വെള്ളപ്പൊക്കത്തില്‍ പെരിയാര്‍ നിറഞ്ഞ് നെടുമ്പാശേരി വിമാനത്താവളം മുങ്ങി ഒരു മാസത്തോളം അടച്ചിടേണ്ട സാഹചര്യമുണ്ടായിരുന്നു. വന്‍ജലപ്രവാഹം ഒഴിവാക്കാനാണ് വെള്ളം തുടക്കത്തില്‍തന്നെ ചെറിയ അളവില്‍ പുറത്തുവിടുന്നത്. ആലുവാപ്പുഴയിലെത്തുന്ന വെള്ളം തുടര്‍ന്ന് അറബിക്കടലിലേക്ക് എത്തും. കടല്‍ കയറി നില്‍ക്കുന്ന സമയമാണെങ്കില്‍ കൂടുതല്‍ കരപ്രദേശങ്ങളിലൂടെ പരന്ന് ഒഴുകാനുള്ള സാധ്യതയുള്ളതിനാലാണ് എറണാകുളത്ത് മുന്‍കരുതലുകള്‍ ഏര്‍പ്പെടുത്തുന്നത്.
അണക്കെട്ട് തുറക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ പാര്‍പ്പിക്കാന്‍ താല്‍ക്കാലിക ക്യാംപുകള്‍ തുറക്കാനുള്ള നടപടിയും ആരംഭിച്ചുകഴിഞ്ഞു. ഇടുക്കി ജില്ലയില്‍ ഇന്നു രാവിലെ മുതല്‍ മഴയുടെ ശക്തി കുറഞ്ഞതിനാല്‍ അണക്കെട്ട് തുറക്കേണ്ടി വരുമോ എന്നതില്‍ വൈദ്യുതി ബോര്‍ഡ് വ്യക്തമായ തീരുമാനം പറയുന്നില്ല. കേരളത്തിന്റെ പ്രധാന ഊര്‍ജസ്രോതസായി ഇടുക്കിയിലെ വെള്ളം ഉപയോഗിച്ച് മൂലമറ്റത്ത് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കാനാണ് നീക്കം. മാത്രവുമല്ല 2400 അടിയെങ്കിലും ഇടുക്കിയില്‍ വെള്ളം സംഭരിച്ചു നിറുത്തണെമെന്ന നിര്‍ദേശവും വൈദ്യുതി ബോര്‍ഡില്‍ ഉയരുന്നുണ്ട്.
https://www.facebook.com/Malayalivartha






















