മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു...! ഒരു കാരണവശാലും ലോകായുക്ത അധികാരം കവരുന്ന നിയമത്തിൽ ഒപ്പിടരുതെന്നാണ് ഗവർണർക്ക് കേന്ദ്ര നിർദ്ദേശം, അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാൻ സർക്കാർ നീക്കം, മുഖ്യമന്ത്രിയെ നോട്ടമിട്ട് കേന്ദ്ര സർക്കാർ

ലോകായുക്ത നിയമഭേദഗതി പാസാക്കി കേസിൽ നിന്നും രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ നീക്കം പൊളിഞ്ഞു. ഗവർണറെ വെല്ലുവിളിച്ച് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചെങ്കിലും നിയമസഭ പാസാക്കുന്ന ലോകായുക്ത ബിൽ ഗവർണർ ഒപ്പിടില്ലെന്ന് വ്യക്തമായി. ഒരു കാരണവശാലും ലോകായുക്തയുടെ അധികാരം കവരുന്ന നിയമത്തിൽ ഒപ്പിടരുതെന്നാണ് ഗവർണർക്ക് കേന്ദ്ര സർക്കാരിൽ നിന്നും ലഭിച്ചിരിക്കുന്ന സന്ദേശം.
ഗവർണ്ണർ വിട്ടുവീഴ്ചക്കിലാതെ ഉറച്ചുനിന്നതോടെയാണ് ഓർഡിനൻസുകൾ അസാധുവായത്. ഇതിൽ പ്രധാനം ലോകായുക്തയുടെ അധികാരം കവരുന്ന ഓർഡിനൻസായിരുന്നു. തുടർന്ന് ഓർഡിനൻസുകൾക്ക് പകരം ബിൽ പാസ്സാക്കാൻ കേരളാ നിയമസഭാ സമ്മേളനം ഓഗസ്റ്റിൽ ചേരാൻ തീരുമാനിച്ചു.ഓഗസ്റ്റ് 22 മുതൽ സെപ്റ്റംബർ 2 വരെ സഭാ സമ്മേളനം വിളിച്ചു ചേർക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ ബുധനാഴ്ച ചേർന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
ഗവർണർ ഒപ്പിടാതിരുന്നതോടെ അസാധുവായ ഓർഡിനൻസുകൾക്ക് പകരം സഭ ചേർന്ന് ബില്ല് പാസാക്കാനാണ് സർക്കാർ നീക്കം. ഓർഡിനൻസുകളുമായി ഇനി മുന്നോട്ടില്ലെന്ന് നിയമമന്ത്രി പി രാജീവ് അറിയിച്ചു. ഗവർണറെ അനുനയിപ്പിക്കാനല്ല നിയമസഭാ സമ്മേളനം വിളിച്ചതെന്നും ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന സമ്മേളനം സവിശേഷ സാഹചര്യത്തിൽ നേരത്തെ ആക്കിയതാണെന്നുമാണ് മന്ത്രിയുടെ വിശദീകരണമെങ്കിലും പെട്ടന്ന് സഭ ചേരാനുള്ള തീരുമാനം ഗവർണ്ണറെ അനുനയിപ്പിക്കാനാണെന്ന് വ്യക്തമാണ്. എന്നാൽ അനുനയത്തിന് ഗവർണർ ഒരുക്കമല്ല.
മന്ത്രിസഭാ യോഗത്തിൽ ഉടൻ സഭ ചേരേണ്ട അസാധാരണ സാഹചര്യമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോകായുക്ത നിയമഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാതെ അസാധുവായ സ്ഥിതിയിലാണ് അതിവേഗം സർക്കാർ സമ്മേളനം വിളിക്കുന്നത്. ഓർഡിനൻസ് ഒപ്പിട്ടിട്ടില്ലെന്ന് മാത്രമല്ല രാജ് ഭവൻ ഇതുവരെ സർക്കാറിലേക്ക് തിരിച്ചയച്ചിട്ടുമില്ല. അത് കൊണ്ട് പുതുക്കി ഓർഡിനൻസ് ഇറക്കാനുള്ള സാധ്യത അടഞ്ഞതോടെയാണ് ബിൽ കൊണ്ടുവരാൻ സഭ ചേരുന്നത്.
നേരത്തെ ഒക്ടോബറിൽ സഭാ സമ്മേളനം ചേരാനായിരുന്നു ധാരണ. നിയമസഭ ബിൽ പാസ്സാക്കിയാലും ഗവർണ്ണർ അനുമതി നൽകണമെന്നുള്ളതാണ് അടുത്ത കടമ്പ. ഒരിക്കൽ ഒപ്പിട്ട ഓർഡിനൻസിൽ വീണ്ടും ഒപ്പിടാൻ എന്തിനാണ് സമയമെന്നൊക്കെ നിയമമന്ത്രിയുടെ വിമർശനമൊക്കെ തള്ളി ഒരിഞ്ചും പിന്നോട്ടില്ലെന്ന് നിലപാടിലാണ് ആരിഫ് മുഹമ്മദ് ഖാൻ.
ബിൽ നിയമസഭയിൽ എത്തിയാൽ സർക്കാറിന് മുന്നിൽ വലിയൊരു രാഷ്ട്രീയ പ്രതിസന്ധി കൂടിയുണ്ട്. ലോകായുക്തയുടെ ചിറകരിയുന്ന ഭേദഗതിക്കെതിരെ കടുത്ത എതിർപ്പാണ് സിപിഐക്കുള്ളത്. പുറത്ത് കാനവും മന്ത്രിസഭയിൽ സിപിഐ മന്ത്രിമാരും ഇത് വ്യക്തമാക്കിയതാണ്. സഭയിൽ ബിൽ വരുമ്പോൾ സിപിഐ എതിർപ്പ് ഉന്നയിക്കാനും പ്രതിപക്ഷം അവസരം മുതലെടുത്ത് സർക്കാറിനെ സമ്മർദ്ദത്തിലാക്കാനുമുള്ള സാഹചര്യമുണ്ട്.
മുഖ്യമന്ത്രിയുടെ കേസാണ് ലോകായുക്തയുടെ ചിറകരിയാൻ കാരണമെന്ന് എല്ലാവർക്കും അറിയാം.ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്ന അനുഭവം സർക്കാരിന് മുന്നിലുണ്ട്.ലോകായുക്ത നിയമം അട്ടിമറിച്ചില്ലെങ്കിൽ മന്ത്രി ആർ.ബിന്ദു രാജിവയ്ക്കേണ്ടി വരുമെന്ന നിയമോപദേശവും സർക്കാരിന് ലഭിച്ചിരുന്നു. അഡ്വക്കേറ്റ് ജനറലിൽ നിന്നായിരുന്നു നിന്നാണ് ഉപദേശം ലഭിച്ചത്. എത്രയും വേഗം ഓർഡിനൻസ് ഇറക്കി ബിന്ദുവിനെ രക്ഷിക്കണമെന്നായിരുന്നു ഉപദേശം. അങ്ങനെയാണ് ആദ്യം ലോകായുക്ത ഓർഡിനൻസ് ഇറക്കിയത്. അതോടെ ബിന്ദു രക്ഷപ്പെട്ടു.
കോടിയേരിക്ക് വേണ്ടി നിശബ്ദമായി ഒഴിഞ്ഞ വിജയ രാഘവനെ രക്ഷിക്കാൻ പാർട്ടി കൈ ചുരുട്ടി ഗോദയിലേക്കിറങ്ങിയിരുന്നു. ബിന്ദു രാജിവച്ചാൽ ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള സാധ്യത പോലും നിയമത്തിലില്ലെന്ന ഉപദേശത്തിൻെറ അടിസ്ഥാനത്തിലായിരുന്നു നടപടി. മന്ത്രി കെ.റ്റി.ജലീൽ രാജിവയ്ക്കണ്ടി വന്ന സാഹചര്യം ആവർത്തിക്കരുതെന്ന കർശന നിർദ്ദേശം മുഖ്യമന്ത്രി പിണറായി വിജയൻ നിയമമന്ത്രി രാജീവിന് നൽകിയിരുന്നു. പിന്നീട് രാജീവിന് മുന്നിൽ ഒരു മാർഗ്ഗവുമുണ്ടായിരുന്നില്ല.
ജലീൽ രാജിവച്ച ദിവസം തന്നെ ഇനിയൊരു മന്ത്രിയും ലോകായുക്ത പറഞ്ഞിട്ട് രാജിവയ്ക്കരുതെന്ന് മുഖ്യമന്ത്രി അന്നത്തെ എ.ജി സി.പി.സുധാകരപ്രസാദിന് നിർദ്ദേശം നൽകിയിരുന്നു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ലോക്പാൽ നടപ്പിലാക്കലാണ് ഇതിനുള്ള പരിഹാരമെന്ന് എ.ജി.നിർദ്ദേശിച്ചിരുന്നു. വിരമിച്ച ചീഫ് ജസ്റ്റിസാണ് ലോകായുക്ത. വിരമിച്ച ജഡ്ജി പറയുമ്പോൾ രാജി വയ്ക്കാൻ നിന്നാൽ അതിന് മാത്രമേ സമയം കിട്ടുകയുള്ളുവെന്ന് സി പി എം വിശ്വസിക്കുന്നു.
ലോകായുക്തയായി നിയമിച്ചിരിക്കുന്ന ജസ്റ്റിസ് സിറിയക് ജോസഫിനെ പിണറായി തന്നെയാണ് നിയമിച്ചത്.ഇതേ തസ്തികയിലേക്ക് മുൻ ചീഫ് ജസ്റ്റിസ് ജെ.ബി.കോശിയെയും പരിഗണിച്ചിരുന്നു. ജസ്റ്റിസ് കോശിയെ നിയമിച്ചിരുന്നെങ്കിലെന്ന് പിണറായി ചിന്തിച്ചിരിക്കണം. കാരണം ജലീലിൻ്റെ രാജി പിണറായിയെ ഞെട്ടിച്ചു.
ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ മുമ്പേ രാജ്യത്ത് തുടങ്ങിയിരുന്നു. കർണാടകത്തിൽ ഖനി മുതലാളിമാരുമായുള്ള ബന്ധത്തിൻ്റെ പേരിൽ ലോകായുക്തയായിരുന്ന ജസ്റ്റിസ് സന്തോഷ് ഹെഡ് ഡേ കർണാടകത്തിലെ മന്ത്രിമാരുടെ വീടുകൾ റെയ്ഡ് ചെയ്തിരുന്നു. അന്നു തുടങ്ങിയതാണ് ലോകായുക്ത നിയമത്തെ അട്ടിമറിക്കാനുള്ള നീക്കങ്ങൾ.
സർക്കാരിനെതിരെയുള്ള രണ്ട് കേസുകളാണ് ലോകായുക്തയുടെ പരിഗണനയിലുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പ് കേസ്, കണ്ണൂർ വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന്റെ നിയമനത്തിനു ശുപാർശ നൽകിയ മന്ത്രി ആർ.ബിന്ദുവിനെതിരെയുള്ള കേസ്. ഇതിൽ ബിന്ദുവിൻ്റെ കേസ് ലോകായുക്ത തന്നെ തള്ളി.
ആരോഗ്യവകുപ്പിൽ സാധനങ്ങൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് യുഡിഎഫ് നേതാക്കൾ ലോകായുക്തയെ സമീപിച്ചിരുന്നു. മുൻമന്ത്രി കെ.ടി.ജലീൽ സർക്കാർ വാഹനത്തിൽ മതഗ്രന്ഥം കൊണ്ടുപോയെന്ന കേസ് തീർപ്പാക്കി. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ലോകായുക്ത പരാമർശം ഉണ്ടായി സ്ഥാനം രാജിവയ്ക്കേണ്ട സാഹചര്യം ഒഴിവാക്കാനാണ് നിയമത്തിൽ ഭേദഗതി വരുത്തിയതെന്നാണ് ആക്ഷേപം.ലോകായുക്തയുടെ ചില നീക്കങ്ങളിൽ സി പി എമ്മിന് സംശയങ്ങളുണ്ട്. തങ്ങളെ ലോകായുക്ത സഹായിക്കില്ലെന്ന ഉത്തമ ബോധ്യം സി പി എമ്മിനുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി മറ്റു കാര്യങ്ങൾക്ക് ചെലവഴിക്കുന്നതായി കാട്ടി ആർ.എസ്.ശശികുമാറാണ് 2018ൽ ലോകായുക്തയിൽ പരാതി നൽകിയത്. അന്തരിച്ച എൻസിപി നേതാവ് ഉഴവൂർ വിജയന്റെ കുടുംബത്തിനു നിധിയിൽനിന്ന് സഹായം നൽകിയതും, അന്തരിച്ച മുൻ ചെങ്ങന്നൂർ എംഎൽഎ കെ.കെ.രാമചന്ദ്രൻ നായരുടെ വാഹന ലോൺ അടയ്ക്കാനും ബാങ്കിലെ പണയമെടുക്കാനുമുള്ള തുക ദുരിതാശ്വാസനിധിയിൽനിന്നു നൽകിയതും പരാതിക്കാരൻ ചോദ്യം ചെയ്തു.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം മറിഞ്ഞ് മരിച്ച ഉദ്യാഗസ്ഥന് 20 ലക്ഷം രൂപ കൊടുത്തതിനെയും പരാതിക്കാരൻ എതിർത്തു. മുഖ്യമന്ത്രിക്കും 17 മന്ത്രിമാർക്കുമെതിരെ ലോകായുക്ത നോട്ടിസ് അയച്ചു. തീരുമാനമെടുത്ത മന്ത്രിസഭായോഗത്തിൽ പങ്കെടുക്കാത്ത സുനിൽകുമാറിനെയും മാത്യു ടി.തോമസിനെയും ഒഴിവാക്കി. ഹിയറിങ്ങിന്റെ അവസാനഘട്ടത്തിലാണ് കേസ്.വിസി നിയമനവുമായി ബന്ധപ്പെട്ട് സർക്കാർ കൈവശമുള്ള രേഖകൾ ഹാജരാക്കാൻ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ഉപലോകായുക്ത ഹരുൺ ആർ.റഷീദ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടിരുന്നു.
സർവകലാശാല നിയമപ്രകാരം ചാൻസലർ കൂടിയായ ഗവർണർ വിസി നിയമനത്തിനു മുന്നോടിയായി മൂന്നംഗ സെർച് കമ്മിറ്റി രൂപീകരിച്ച് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിജ്ഞാപനം പുറപ്പെടുവിച്ച് അപേക്ഷകൾ സ്വീകരിക്കണം. എന്നാൽ, മന്ത്രിയുടെ ശുപാർശയുടെ അടിസ്ഥാനത്തിൽ സെർച് കമ്മിറ്റി പിൻവലിച്ച് ഡോ. ഗോപിനാഥ് രവീന്ദ്രനു ചട്ടവിരുദ്ധമായി പുനർനിയമനം നൽകിയെന്നാണ് ചെന്നിത്തലയുടെ പരാതി. എന്നാൽ ഇത് ലോകായുക്ത തന്നെ തള്ളി.
താൻ ആരുടേയും നിയന്ത്രണത്തിലല്ലെന്നാണ് ഗവർണർ പറയുന്നത്.. തനിക്കെതിരെ വിമർശനമാകാം. എന്നാൽ തന്റെ ബോധ്യത്തിന് അനുസരിച്ചേ കാര്യങ്ങൾ ചെയ്യുവെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഗവർണർ ഒപ്പിടാത്തതിനാൽ ലോകായുക്ത ഓർഡിനൻസ് അടക്കം 11 ഓർഡിനൻസുകൾ ഇന്നലെ അസാാധുവായിരുന്നു. മുതിർന്ന ഉദ്യോഗസ്ഥർ ഗവർണറെ കണ്ട് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഗവർണർ വഴങ്ങിയില്ല. ദില്ലിയിൽ നിന്ന് കേരളത്തിലെത്തുന്ന ഗവർണറെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിൽ കാണും.
സി പി എമ്മും സർക്കാരും ഗവർണറെ അനുനയിപ്പിക്കാൻ നീക്കം നടത്തവേ ഇന്ന് ഗവർണർക്കെതിരെ ആഞ്ഞടിച്ച് സി പി ഐ മുഖപത്രമായ ജനയുഗം രംഗത്തെത്തി. ഗവർണർ പദവി പാഴാണെന്നായിരുന്നു മുഖ്യ വിമർശനം. ഓർഡിനൻസിൽ ഒപ്പിടാതെ ഗവർണർ രാഷ്ട്രീയം കളിക്കുകയാ ണെന്ന അഭിപ്രായമാണ് സി പി എമ്മിനുള്ളത്.. കേരളത്തിൽ ബിജെപി പ്രതിനിധി ഇല്ലാത്തതിൻറെ പോരായ്മ നികത്തുകയാണ് ഗവർണർ. ഇതിനായി രാജ്ഭവനേയും ഗവർണർ പദവിയേയും ഉപയോഗിക്കുന്നു.
ഭരണഘടന പദവിയാണെങ്കിലും ഒട്ടേറെ പരിമിതി തനിക്കുന്നുണ്ടെന്ന് ഗവർണർ മനസിലാക്കുന്നില്ല. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൻറെ കാര്യത്തിൽ പരാതി പറഞ്ഞ ഗവർണർ ബിജെപി നേതാവിനെ മാധ്യമ വിഭാഗം സെക്രട്ടറിയാക്കിയെന്നും സി പി എം വിമർശിക്കുന്നു. ഗവർണർക്കെതിരെ സി പി എമ്മും സർക്കാരും അനുനയത്തിലേക്ക് മാറുമ്പോഴാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഐ മുഖപത്രം ജനയുഗം നിലപാട് കടുപ്പിച്ചത്.. സി പി എമ്മിൻ്റെ അഭിപ്രായമാണ് സി പി ഐ എഴുതിയത്.
ഓർഡിനൻസ് കാലാവധി കഴിഞ്ഞതോടെ ലോകായുക്ത പഴയ നിയമമാണ് ഇപ്പോൾ പ്രാബല്യത്തിലുള്ളത്. ഗവർണ്ണർ ഏറ്റുമുട്ടുമ്പോൾ സർക്കാർ പിന്നോട്ട് പോയി അനുനയ ലൈനിലാണ്. ഗവർണ്ണറെ പ്രകോപിപ്പിക്കാതെ പതിവ് പോലെ അനുരജ്ഞന സാധ്യത തേടുകയാണ് സർക്കാർ.ഗവർണ്ണറെ പ്രകോപിപ്പിച്ച വിസി നിയമന ഭേദഗതി ഓർഡിനൻസിൽ നിന്നും തൽക്കാലം സർക്കാർ പിന്നോട്ടുപോയേക്കും. അടുത്ത കാബിനറ്റിൽ ഓർഡിനൻസ് ഇറക്കാനായിരന്നു മുൻ ധാരണ. കേരള വിസി നിയമനത്തിനായി ഗവർണ്ണർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സർവ്വകലാശാല പ്രതിനിധിയെയും ഉടൻ നിർദ്ദേശിച്ചേക്കും.
ലാപ്സായ ഓർഡിനൻസുകൾ ഒന്നുകിൽ ചെറിയ ഭേദഗതികളോടെ പുതുക്കി ഇറക്കാം. അല്ലെങ്കിൽ സഭാ സമ്മേളനം ചേർന്ന് ബിൽ പാസ്സാക്കാം. രണ്ടായാലും ഗവർണ്ണർ ഒപ്പിടണം. സർക്കാർ സമവായ സാധ്യത തേടുകയാണെങ്കിലും ഗവർണ്ണർ ഇപ്പോഴും ഉടക്കിൽ തന്നെയാണ്. നിരന്തരമായി ഓർഡിനൻസുകൾ പുതുക്കി ഇറക്കുന്ന രീതിക്കെതിരെ ആരിഫ് മുഹമ്മദ് ഖാനുള്ളത് കടുത്ത അതൃപ്തിയാണ്.
സർക്കാറിൻറെ പ്രതീക്ഷ തെറ്റിച്ച ഗവർണ്ണർ അനുനയത്തിന് തയ്യാറായില്ലെങ്കിൽ പ്രതിസന്ധി അതിരൂക്ഷമാകും. ഏത് നിയമം ഒപ്പിട്ടാലും ലോകായുക്ത നിയമം ഗവർണർ ഒപ്പിട്ടില്ല.കേന്ദ്ര സർക്കാർ മുഖ്യമന്ത്രിയെ നോട്ടമിട്ടിരിക്കുകയാണ്. ആറ് വർഷം അദ്ദേഹത്തെ ഭരിക്കാൻ വിട്ടു.ഇനിയും ഭരണവുമായി മുന്നോട്ടു പോകാൻ കേന്ദ്രം അനുവദിക്കില്ല. അതിനുള്ള നീക്കമാ ണ് ആരിഫ് മുഹമ്മദ് ഖാനിലുടെ കേന്ദ്ര സർക്കാർ നടത്തുന്നത്.
https://www.facebook.com/Malayalivartha






















