ഗവര്‍ണർക്ക് മൂക്കു കയറിട്ട് പിണറായി... സ്വന്തം അധികാരം വെട്ടിക്കുറമോ? ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുമോ ?

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സംസ്‌ഥാനസര്‍ക്കാരും തമ്മിലുള്ള പോര് കൂടുതല്‍ രൂക്ഷമാകാന്‍ കളമൊരുങ്ങി. സര്‍വകലാശാലകളില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്‌ക്കുന്ന നിയമനിര്‍മാണ ബില്ലിനു മന്ത്രിസഭ അംഗീകാരം നല്‍കിയതോടെയാണിത്. സർക്കാരിന് എന്തും തീരുമാനിക്കാമെന്നും അത് നിയമമാകണമെങ്കിൽ താൻ ഒപ്പിടണമെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ തിരിച്ചടിച്ചു. 22-ന് ആരംഭിക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിച്ചേക്കും.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ ഗവർണറെ ലക്ഷ്യം വച്ച് പല കോണുകളിൽ നിന്നും സിപിഎമ്മിന്റെ ആക്രമണം രൂക്ഷമാകുന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലക്ഷ്യമിട്ടത് ഗവർണർ പദവിയെക്കാൾ വലിയ പദവിയാണെന്നുള്ള ആരോപണമാണ് അതിൽ പ്രധാനം. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനാണ് വിമർശനവുമായി ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്.
ഗവർണറുടെ ലക്ഷ്യം പാളിപ്പോയെന്നും യജമാന പ്രീതിയ്ക്ക് വേണ്ടിയാണ് ആരിഫ് മുഹമ്മദ് ഖാൻ പ്രവർത്തിക്കുന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സർവകലാശാല ഏതെങ്കിലും തരത്തിൽ തെറ്റായ നടപടികൾ സ്വീകരിച്ചതായി ഒരു നിയമ സംവിധാനവും പറഞ്ഞിട്ടില്ല. ഗവർണർ പദവിയിൽ ആരുവന്നാലും സംഘപരിവാറിന്റെ രാഷ്ട്രീയ ചട്ടുകമാവും എന്നും അദ്ദേഹം ആരോപിച്ചു. ഗവർണർ വിവാദ നായകനാണെന്നും ജയരാജൻ ഇതോടൊപ്പം അഭിപ്രായപ്പെട്ടു.
വൈസ് ചാന്‍സലര്‍മാരെ തെരഞ്ഞെടുക്കാനുള്ള പ്രക്രിയയില്‍ ചാന്‍സലറെന്ന നിലയില്‍ ഗവര്‍ണറുടെ അധികാരം കുറയ്‌ക്കാന്‍ ലക്ഷ്യമിട്ടുള്ളതാണു ബില്‍. ഇതനുസരിച്ച് വി.സിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി അംഗങ്ങളുടെ എണ്ണം അഞ്ചാകും. നിലവില്‍, ഗവര്‍ണറുടെ പ്രതിനിധി, യു.ജി.സി. പ്രതിനിധി, സര്‍വകലാശാലാ പ്രതിനിധി എന്നിവരടങ്ങിയ മൂന്നംഗസമിതിക്കാണ് ഈ ചുമതല. സമിതി സമര്‍പ്പിക്കുന്ന പാനലില്‍ നിന്ന് ഒരാളെ വി.സിയായി ചാന്‍സലര്‍ നിയമിക്കുകയാണു രീതി.
ഗവര്‍ണറുടെയും യു.ജി.സിയുടെയും പ്രതിനിധികള്‍ വിചാരിച്ചാല്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നയാളെ വി.സിയാക്കാന്‍ ബുദ്ധിമുട്ടാകും. ഇത് മറികടക്കാനാണു സമിതി അംഗങ്ങളുടെ എണ്ണം അഞ്ചാക്കാനുള്ള നീക്കം. ഗവര്‍ണറുടെ പ്രതിനിധിയെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്യുമെന്നതാണു മറ്റൊരു ഭേദഗതി.
ഈ ശിപാര്‍ശ ഗവര്‍ണര്‍ അംഗീകരിക്കാന്‍ ബാധ്യസ്‌ഥനാകും. സര്‍വകലാശാലാ പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍ക്കാരിനു താത്‌പര്യമുള്ളവരാകുമ്പോള്‍ത്തന്നെ വി.സി. നിയമനത്തില്‍ സര്‍ക്കാരിനു മേല്‍ക്കൈ ലഭിക്കും. സമിതിയിലെ യു.ജി.സി. പ്രതിനിധി വ്യത്യസ്‌ത പാനല്‍ മുന്നോട്ടുവച്ചാലും ഗവര്‍ണര്‍ക്കു പരിഗണിക്കാനാവില്ല.
ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുമ്പോള്‍ പ്രതിപക്ഷത്തുനിന്നടക്കം രൂക്ഷമായ എതിര്‍പ്പുണ്ടായേക്കും. നിയമസഭ പാസാക്കിയാലും വിശദീകരണം തേടിയും കേന്ദ്രത്തിന്റെ പരിഗണനയ്ക്ക് അയച്ചും നിയമത്തിന് അംഗീകാരം വൈകിക്കാൻ ഗവർണർക്കു സാധിക്കും. മൂന്നംഗ സേർച് കമ്മിറ്റിയുമായി മുന്നോട്ടു പോയാൽ കേന്ദ്ര സർക്കാരിന്റെയും ബിജെപിയുടെയും ആളുകളായിരിക്കും ഇനി വി.സിമാരാകുമാരാകുക എന്ന വാദമാണ് പിണറയി വിജയന്‍ മന്ത്രിസഭാ യോഗത്തില്‍ ഉയര്‍ത്തിയത്.
ഇക്കാര്യത്തില്‍ സി.പി.ഐയുടെ നിലപാടും നിര്‍ണായകമാകും. കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലെ വി.സി. നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാറിനെതിരേ പരസ്യവിമര്‍ശനം നടത്തിയിരുന്നു. വിവാദത്തിൽ സർക്കാരിനെതിരായ നിലപാട് കടുപ്പിച്ച് തന്നെയാണ് ഗവർണർ നിലകൊണ്ടത്. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം നടക്കുന്നുവെന്ന് ഗവർണർ ആരോപിച്ചു.
ചാൻസലർ ആയ തന്നെ ഇരുട്ടിൽ നിർത്തുന്നു. കണ്ണൂർ സർവകലാശാലയിൽ ഗുരുതര ചട്ട ലംഘനം നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. തനിക്ക് ചാൻസലറുടെ അധികാരം ഉള്ള കാലത്തോളം സ്വജന പക്ഷപാതം അംഗീകരിക്കില്ലെന്നും ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. കണ്ണൂർ സർവകലാശാലയിൽ സ്വജന പക്ഷപാതം, നിയമലംഘനം, ക്രമക്കേട് എന്നിവ നടന്നു എന്നത് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്നും ഗവർണർ വ്യക്തമാക്കി.
തന്നെ മാത്രം ഇരുട്ടിൽ നിർത്തുന്നു. ചിലത് ഒളിപ്പിക്കാൻ ഉണ്ടെന്നാണ് ഇതിൽ നിന്ന് മനസ്സിലാക്കുന്നത്. കണ്ണൂർ സർവകലാശാലയിൽ ഇത് നിത്യ സംഭവം ആയിരിക്കുന്നു. ചട്ടലംഘന പരമ്പര തന്നെ കണ്ണൂരിൽ നടക്കുന്നുവെന്നും ഗവർണർ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യസ മേഖലയിൽ രാഷ്ട്രീയ അതിപ്രസരം കാരണം പ്രശ്നങ്ങൾ ഉണ്ടെന്ന് ഗവർണർ പറഞ്ഞു. ഇക്കാര്യത്തിൽ വിദഗ്‍ധർ ആശങ്ക അറിയിച്ചു. മിടുക്കരായ വിദ്യാർത്ഥികൾ കൊഴിഞ്ഞു പോകുന്ന സ്ഥിതിയാണ്.
https://www.facebook.com/Malayalivartha























